‘വരും… ഒരിക്കല്‍ നിന്റെ വീട്ടിലേക്ക്’

Web Desk
Posted on September 15, 2019, 10:30 am

ബൃന്ദ

നിന്റെ വീട് എങ്ങനെയുള്ളതാണ്
നിലാവു തേച്ച ചുമരുകളുണ്ടോ
മൂപ്പെത്തിയ പച്ചക്കരിമ്പുകളുടെ ഇടയിലാണോ
മുറ്റത്തൊരു കിളിമരമുണ്ടോ
മുല്ലവള്ളി പടര്‍ത്തിയിട്ടുണ്ടോ
മന്ദാരക്കാടുണ്ടോ
വെള്ളമയിലുണ്ടോ
പാരിജാതം പൂത്തുലഞ്ഞ്
മദിപ്പിക്കാറുണ്ടോ
ആ തുന്നാരന്‍ കുരുവി യുടെ കൂട്
ആരും കാണാതെ
ഒളിപ്പിച്ചു വച്ചത്
എവിടെയാണ്

നീയെന്നെ എവിടെയിരുന്നാണ് ഓര്‍മിക്കാറുള്ളത്
വരുമെന്ന് വെറുതെ
കാത്തു നില്‍ക്കാറുള്ള ജനാല
ഏതു കോണിലാണ്

എന്നെക്കുറിച്ചെഴുതുന്ന
വാക്കുകള്‍ സൂക്ഷിച്ചു വച്ചിരിക്കുന്നത്
ഏത് ആമാടപ്പെട്ടിയിലാണ്

നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നും
അകന്നു മാറി
കുന്നിന്‍ ചെരിവിലെ
ഒറ്റമരത്തിന്റെ ചാരത്ത്
നമുക്ക് ഇത്തിരി നേരം
ഒരുമിച്ചിരിക്കണം

മഴത്തുള്ളിയുടെ
വിരല്‍ത്തുമ്പില്‍ പിടിച്ച്
ആദ്യമായി ആകാശം കാണുന്ന
കുഞ്ഞിനെപ്പോലെ
നനഞ്ഞും തുടുത്തും
കൗതുകപ്പെട്ടും
ചാമ്പമരത്തിനോട്
വീടുകളെക്കുറിച്ചു പറയണം

ഓര്‍ത്തിട്ടുമോര്‍ത്തിട്ടും
മതിവരുന്നില്ലെനിക്ക്
നീ തന്നെയാണ്
എന്റെ വീട്
ഞാനറിയാതെ
എന്നെ
ഉറക്കുന്നതും
ഉണര്‍ത്തുന്നതും
ചേര്‍ത്തണയ്ക്കുന്നതും
നിന്റെ വീട്ടിലെ
നിലാവു തേച്ച മുറിയിലാണ്
ഓടിയലഞ്ഞ് ക്ഷീണിതമായി
വിശ്രമം തേടുന്നത്
പച്ചക്കരിമ്പിന്‍ മുറിയിലും.

പടര്‍ന്നു പിണഞ്ഞ്
ഒന്നായലിയുമ്പോള്‍
മന്ദാരക്കാടുകള്‍
കണ്ണുപൊത്താറുണ്ട്

മഴത്തുള്ളിയുടെ
വിരല്‍ത്തുമ്പില്‍ പിടിച്ച്
ഇപ്പോള്‍
ഞാന്‍,
നിന്നെ കാണുന്നു
വരും
ഒരിക്കല്‍ നിന്റെ വീട്ടില്‍
അപ്പോള്‍ നീയെനിക്ക്
എന്തു തരും
മന്ദാരക്കാടുകള്‍
കണ്ണുപൊത്തും മുന്‍പ്
വേഗം ഉത്തരം പറയൂ