September 29, 2022 Thursday

Related news

September 22, 2022
September 21, 2022
September 8, 2022
September 3, 2022
September 3, 2022
August 26, 2022
August 25, 2022
August 20, 2022
August 20, 2022
August 19, 2022

ജനപക്ഷ നിലപാടുകളുമായി മുന്നോട്ട്

കാനം രാജേന്ദ്രൻ
May 24, 2020 2:45 am

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് നാല് വർഷം പൂർത്തിയാക്കി. പ്രതിസന്ധികളുടേയും പ്രയാസങ്ങളുടേയും നടുവിലൂടെയാണ് ഗവൺമെന്റ് നാലു വർഷക്കാലം മുന്നോട്ടു പോയത്. ഓഖി ദുരന്തം, നിപ വൈറസ് ബാധ, പ്രളയ ദുരന്തങ്ങൾ ഒടുവിലിതാ കോവിഡ് 19 ഉം. ദുരന്തങ്ങൾ സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലും 2016ലെ തെരഞ്ഞെടുപ്പുകാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പിലാക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ ചെലുത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ദിശാദീപം 2016ൽ ജനങ്ങൾക്കു മുമ്പിൽ സമർപ്പിച്ച പ്രകടന പത്രികയാണ്. അതിൽ വാഗ്ദാനം ചെയ്തിട്ടുള്ള നയങ്ങളിൽ വ്യതിചലിക്കാതെയാണ് ഗവൺമെന്റ് പ്രവർത്തിക്കുന്നത്. വാഗ്ദാനങ്ങൾ എത്രമാത്രം പാലിക്കപ്പെട്ടു എന്നതാണ് ഒരു സർക്കാരിനെ വിലയിരുത്തുന്നതിനുള്ള ഏറ്റവും വലിയ മാനദണ്ഡം.

സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനത്തിലും പ്രതിശീർഷ വരുമാനത്തിലും വർധനവുണ്ടായി. സംസ്ഥാനത്ത് വിവിധ ഇനങ്ങളിലായി 1,33,356 പട്ടയങ്ങൾ വിതരണം ചെയ്തു. മാർച്ച് അവസാനത്തോടെ പതിനായിരത്തോളം പട്ടയങ്ങൾ വിതരണത്തിന് തയ്യാറായതാണ്. കോവിഡ് മഹാമാരിയെ തുടർന്ന് അത് മാറ്റിവയ്ക്കേണ്ടി വന്നു. കൈവശക്കാർക്ക് വിതരണം ചെയ്യുന്നതിന് കേന്ദ്ര ഗവൺമെന്റിന്റെയും സുപ്രീം കോടതിയുടെയും അനുമതി ലഭിച്ച വനഭൂമിയിൽ അവശേഷിക്കുന്നവർക്ക് ഉടൻ പട്ടയം നൽകും. കഴിഞ്ഞ സർക്കാർ അഞ്ച് വർഷംകൊണ്ട് സംസ്ഥാനത്താകെ 89,884 പട്ടയങ്ങളാണ് വിതരണം ചെയ്തിരുന്നത്. അതിൽ പലതും ആളുകൾ ഭൂമി ഏറ്റെടുക്കാത്ത അവസ്ഥയാണ് ഉള്ളത്. പട്ടയ വിതരണത്തിനു പുറമെ ലൈഫ് പദ്ധതി പ്രകാരം പാർപ്പിട സമുച്ചയങ്ങളുണ്ടാക്കുന്നതിനും വീടു വയ്ക്കുന്നതിനും ഭൂമി അനുവദിച്ചു നൽകി.

ലാൻഡ് ട്രൈബ്യൂണലുകൾ നിലവിലുണ്ടായിരുന്ന 1,35,930 ഫയലുകളിൽ തീർപ്പ് കൽപ്പിച്ചു. ഉപാധിരഹിത പട്ടയമെന്ന ദീർഘകാല ആവശ്യത്തിന് അംഗീകാരം നൽകി, ഭൂമി പതിവു ചട്ടങ്ങൾ ഭേദഗതി ചെയ്തു. കൈവശ ഭൂമിക്ക് പട്ടയം ലഭിക്കുന്നതിന് ഉണ്ടായിരുന്ന വരുമാന പരിധി ഒഴിവാക്കി. കൈവശം ഉണ്ടായിരുന്ന ഭൂമി പതിച്ചു കിട്ടിയാലും കൈവശം ഇല്ലാത്ത ഭൂമി പതിച്ചു കിട്ടിയാലും അത് എല്ലാതരം ബാങ്കുകളിലും ഈട് വച്ച് ലോൺ എടുക്കുന്നതിന് ചട്ടങ്ങൾ ഭേദഗതി ചെയ്തു. 01.01.1977 നു മുമ്പ് കൈവശമുള്ള വനഭൂമി പതിച്ചു നൽകുന്നതിനുള്ള നടപടികളുമായി ഗവൺമെന്റ് മുന്നോട്ടു പോകുകയാണ്. പാട്ട വ്യവസ്ഥ ലംഘിച്ചതും പാട്ട കാലാവധി കഴിഞ്ഞതുമായ ഭൂമിയിലെ കുടിശ്ശിക പിരിക്കുന്നതിനും ഒഴിപ്പിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

സർക്കാർ ഭൂമിയും പുറമ്പോക്കു ഭൂമിയും കണ്ടെത്തി ഏറ്റെടുത്ത് ഭൂരഹിതർക്കായി പതിച്ചു നൽകുന്നതിനും ബാക്കിയുള്ള ഭൂമി ഉപയുക്തമാക്കി സംരക്ഷിക്കുന്നതിനും പ്രത്യേക നടപടി സ്വീകരിക്കും. വില്ലേജ് ഓഫീസുകളിൽ ഫ്രണ്ട് ഓഫീസ് സംവിധാനം കൊണ്ടുവന്ന് സേവനം കാര്യക്ഷമമാക്കുന്നതിനും ഓൺലൈൻ സംവിധാനം ഒരുക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. റവന്യൂ വകുപ്പിൽ അഴിമതിയും സ്വജന പക്ഷപാതവും അവസാനിപ്പിക്കുക എന്നതാണ് സർക്കാരിന്റെ നയം. നിയമവിരുദ്ധമായി സർക്കാർ ഭൂമി കൈവശം വച്ചിരിക്കുന്നത് ഒഴിപ്പിക്കാൻ കർക്കശ നടപടികൾ സ്വീകരിച്ചു. കേരള നെൽവയൽ തണ്ണീർതട സംരക്ഷണ ആക്ടിൽ ഭേദഗതി കൊണ്ടുവന്ന് നിയമം കൂടുതൽ ശക്തമാക്കുകയും ജനോപകാരപ്രദമാക്കുകയും ചെയ്തു. നിയമവിരുദ്ധ നിലം നികത്തലുകൾ തടയുന്നതിന് കർശന നടപടി സ്വീകരിച്ചു.

കാർഷിക മേഖല മെച്ചപ്പെടുത്തുന്നതിനായി 2019–20 ൽ കൃഷി വകുപ്പ് ഏറ്റെടുത്തിട്ടുള്ള പ്രധാന പ്രവർത്തനങ്ങളിൽ നെൽകൃഷി വികസനത്തിനും പച്ചക്കറി ഉല്പാദനം വർദ്ധിപ്പിച്ച് സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി സംയോജിത രീതിയിലുള്ള ഭക്ഷ്യവിളകളുടെ ഉല്പാദന പരിപാടികൾ, കേരഗ്രാമം പരിപാടിയിലൂടെ നാളികേര മേഖലയുടെ സമഗ്ര വികസനം, ഗുണമേന്മയുള്ള നടീൽവസ്തുക്കളുടെ ഉല്പാദനവും വിതരണവും ജനപങ്കാളിത്തത്തോടെയുള്ള സമഗ്ര തരിശു നിലക്കൃഷി, നിലവിലുള്ള ലാബുകളുടെ ആധുനികവൽക്കരണവും പുതിയ ലാബുകൾ സ്ഥാപിക്കലും, വിപണനത്തിനായുള്ള സ്ഥാപന സംവിധാനം, വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തൽ, ആത്മ പ്ളസ് മാതൃകയിലുള്ള വിജ്ഞാന വ്യാപനം, സുഗന്ധ വിളകളുടെ പുനരുജ്ജീവനം, കീടരോഗ നിരീക്ഷണം ഉൾപ്പെടുന്ന വിള ആരോഗ്യ പരിപാലനം, ജൈവ കൃഷിയും പ്രോൽസാഹനവും, സുരക്ഷിതവും ഭക്ഷ്യയോഗ്യവുമായ ഭക്ഷ്യ ഉല്പാദനം, വിള ഇൻഷുറൻസ്, മെച്ചപ്പെട്ട സേവന വിതരണത്തിനായി കാർഷിക സേവന കേന്ദ്രങ്ങൾ സ്ഥാപിക്കുകയും നിലവിലുള്ളവ ശക്തിപ്പെടുത്തലും, കുരുമുളകിന്റെ പുനരുജ്ജീവനം, വയനാട് ജില്ലയിൽ കാർഷിക പ്രതിസന്ധി നേരിടുന്നതിനായി പ്രത്യേക പദ്ധതികൾ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.

തരിശ് കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കുന്നതിനുള്ള സമഗ്ര തരിശ് പദ്ധതി നടപ്പാക്കിവരികയാണ്. പച്ചക്കറി ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നുണ്ട്. കാർഷിക മേഖലയിൽ മൂവായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. സുഭിക്ഷ കേരളം എന്ന ഈ സമഗ്ര കാർഷിക സ്വയംപര്യാപ്ത പദ്ധതി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കൃഷി വകുപ്പിന്റെ ചുമതലയിൽ നടപ്പിലാക്കും. തരിശുഭൂമി മുഴുവൻ കണ്ടെത്തി കൃഷിചെയ്യുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. നിലവിലുള്ള കാർഷിക കർമസേനയെ ശക്തിപ്പെടുത്തി ഹരിത കർമ്മ സേനയെ ഫലപ്രദമായി ഉപയോഗിച്ചും ഹ്രസ്വകാല ദീർഘകാല കൃഷി ആസൂത്രണം ചെയ്യും. 2019 ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യയുടെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ട് കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ 823 ചതുരശ്ര കിലോമീറ്റർ വർദ്ധനവ് വനമേഖലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം തോട്ടങ്ങൾ ഉൾപ്പെടെയുള്ള വനമേഖലയുടെ വിസ്തൃതി 21,144 ചതുരശ്ര കിലോമീറ്ററാണ്. സംസ്ഥാനത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 54.42 ശതമാനമാണിത്. 2017 ഫോറസ്റ്റ് സർവ്വെ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം സംസ്ഥാനത്തിന്റെ വനമേഖലയുടെ വിസ്തൃതി 20,321 ചതുരശ്ര കിലോമീറ്ററായിരുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുമെത്തുന്ന വിപുലവും സുസ്ഥാപിതവും ആയ സാർവ്വത്രിക റേഷനിംഗ് സംവിധാനം സംസ്ഥാനത്തുണ്ട്. ഭക്ഷ്യസുരക്ഷാ നിയമം 2013 നിലവിൽ വന്നതോടെ സംസ്ഥാനത്ത് നിലനിന്നിരുന്ന പൊതുവിതരണ സമ്പ്രദായം സമൂലമായ പരിവർത്തനത്തിന് വിധേയമായി. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള മഹാമാരിയുടെ തുടക്കത്തിൽ തന്നെ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുവാൻ വേണ്ട അടിയന്തര നടപടികൾ സർക്കാർ സ്വീകരിച്ചു. മൂന്ന് മാസത്തേയ്ക്ക് വേണ്ട അരിയുടെയും ഗോതമ്പിന്റെയും ലഭ്യത സംസ്ഥാനത്ത് ഉറപ്പുവരുത്തി. റേഷൻ കടകളിലും, എഫ്‌സിഐ ഗോഡൗണുകളിലും സംസ്ഥാനത്തെ എൻഎഫ്എസ്എ ഗോഡൗണുകളിലും അരിയും ഗോതമ്പും സംഭരിച്ചു.

മുൻഗണനാ വിഭാഗം കാർഡുകൾക്ക് ഏപ്രിൽ മാസം റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ധാന്യത്തിന്റെ വിതരണം സൗജന്യമാക്കി. മുൻഗണനേതര വിഭാഗം കാർഡുകൾക്ക് ഏപ്രിൽ മാസം ഏറ്റവും ചുരുങ്ങിയത് 15 കിലോ അരിയെങ്കിലും ഒരു കുടുംബത്തിന് ലഭിക്കുമെന്ന് ഉറപ്പുവരുത്തി. ഏപ്രിൽ മാസത്തിൽ മുൻഗണനേതര വിഭാഗം കാർഡുകൾക്ക് വിതരണം ചെയ്യുന്ന ധാന്യത്തിന്റെ വിതരണവും സൗജന്യമാക്കി. മെയ്, ജൂൺ മാസങ്ങളിൽ മുൻഗണനേതര കാർഡുകൾക്ക് (നീല, വെള്ള) ഒരു കുടുംബത്തിന് 10 കിലോ അരി 15 രൂപ നിരക്കിൽ വിതരണം ചെയ്യാൻ തീരുമാനിച്ചു. പലവ്യഞ്ജന കിറ്റിന്റെ വിതരണം മൂന്നു ഘട്ടങ്ങൾ പൂർത്തീകരിച്ചു. 72 ലക്ഷം കിറ്റുകൾ വിതരണം നടന്നു കഴിഞ്ഞു. സംസ്ഥാനത്തെ 87.39 ലക്ഷം കാർഡുകൾക്കും 17 ഇനം അവശ്യസാധനങ്ങൾ അടങ്ങിയ ഒരു പലവ്യജ്ഞന കിറ്റ് സൗജന്യമായി വിതരണം ചെയ്യുവാൻ തീരുമാനിച്ചു.

സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങൾ, ക്ഷേമസ്ഥാപനങ്ങൾ, ആശ്രമങ്ങൾ, കോൺവെന്റുകൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്ക് ഒരാൾക്ക് അഞ്ച് കിലോ എന്ന പ്രകാരം വിതരണം ചെയ്തു. ഏപ്രിൽ മാസത്തെ സൗജന്യ റേഷൻ വിതരണത്തിനായി 130 കോടി രൂപയും പലവ്യഞ്ജന കിറ്റിന്റെ വിതരണത്തിന് 756 കോടിയും വകയിരുത്തി. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പി എം ജി കെ എ വൈ പദ്ധതി പ്രകാരം ഉള്ള അരിയും പയർ വർഗ്ഗങ്ങളും മുൻഗണനാ വിഭാഗം കാർഡുകൾക്ക് വിതരണം നടത്തിവരുന്നു. മെയ്, ജൂൺ മാസങ്ങളിൽ കേന്ദ്ര സർക്കാർ 22 രൂപ നിരക്കിൽ അനുവദിച്ച അരി 105.6 കോടി രൂപ സാമ്പത്തിക ബാധ്യത സഹിച്ച് റേഷൻ കടകൾ വഴി മുൻഗണനേതര വിഭാഗങ്ങൾക്ക് 15 രൂപ നിരക്കിൽ അധികമായി നൽകാൻ തുടങ്ങി. നിലവിൽ ലഭിക്കുന്ന സാധാരണ വിഹിതത്തിന് പുറമേയാണിത്. റേഷൻ കാർഡില്ലാത്ത 36594 കുടുംബങ്ങൾക്ക് സൗജന്യമായി 460.29 മെട്രിക് ടൺ അരി വിതരണം നടത്തി. അളവ് തൂക്ക വകുപ്പ് 14,835 പരിശോധനകൾ നടത്തി. 68.05 ലക്ഷം രൂപ കോമ്പൗണ്ടിംഗ് പിഴ ചുമത്തി.

പൊതുവിപണിയിൽ 32,318 പരിശോധനകൾ നടത്തി. 3,751 ക്രമക്കേടുകൾ കണ്ടെത്തി. 44 റേഷൻ കടകൾ സസ്പെന്റ് ചെയ്തു. റേഷൻ കാർഡില്ലാത്ത കുടുംബങ്ങൾക്ക് അപേക്ഷിച്ച് 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകുന്ന പദ്ധതി നടപ്പാക്കി. കോവിഡ് കാലത്ത് 17,000 റേഷൻ കാർഡുകൾ പുതുതായി നൽകി. പാൽ ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടികളുമായി ഗവണ്മെന്റ് മുന്നോട്ട് പോവുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് സർക്കാർ വൻമുന്നേറ്റമാണ് നടത്തിയത്. സർക്കാർ വിദ്യാലയങ്ങൾ അറിവിന്റെ കേന്ദ്രങ്ങളായി. സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായി. 2018–19 ൽ 37.03 ലക്ഷം വിദ്യാർത്ഥികളാണ് സർക്കാർ സ്ക്കൂളുകളിൽ പ്രവേശനം നേടിയതെങ്കിൽ 2019–20ൽ 37.17 ലക്ഷമായി. എൽപി വിഭാഗത്തിൽ കുട്ടികളുടെ പ്രവേശത്തിൽ നല്ലൊരു വർധനവുണ്ടായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അൺ എയ്ഡഡ് സ്ക്കൂളുകളിൽ നിന്നും സർക്കാർ സ്ക്കൂളുകളിലേക്കുള്ള കുട്ടികളുടെ പ്രവാഹം കാണാവുന്നതാണ്. 2019–20 ൽ 1,63,558 കുട്ടികൾ കൂടുതലായി പ്രവേശനം നേടിയതായി കാണാം.

ജനസംഖ്യാ വർധനവിലുള്ള മാറ്റത്തിന്റെ ഫലമായി കുട്ടികളുടെ സ്ക്കൂൾ പ്രവേശനവും കുറയേണ്ടതാണ്. എന്നിട്ടും പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ ഏണ്ണത്തിൽ ഉണ്ടായ വർധനവ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ നിന്ന് പൊതു വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ മാറ്റംമൂലം ഉണ്ടായതാണ്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോകൽ ഏറ്റവും കുറവ് കേരളത്തിലാണ്. വിവിധ മേഖലകളിൽ വർധിച്ചു വരുന്ന തൊഴിലവസരങ്ങൾ നേരിടുന്നതിന് കേരളത്തിലെ ഉന്നതവും സാങ്കേതികവുമായ വിദ്യാഭ്യാസത്തെ സജ്ജമാക്കാനാണ് ഗവൺമെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിന്റെ ആരോഗ്യമേഖല മറ്റ് സംസ്ഥാനങ്ങൾക്ക് ഒരു മാതൃകയാണ്. ലോകത്തിന്റെയാകെ അംഗീകാരം നാം നേടിയിരിക്കുന്നു. ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക്, ജനന നിരക്ക്, മരണ നിരക്ക് എന്നീ ആരോഗ്യ സൂചികകളിൽ കേരളം വൻ കുതിപ്പുകൾ നടത്തിയിരിക്കുന്നു. സംസ്ഥാനത്തെ ആരോഗ്യ നിലവാരം വികസിത രാജ്യങ്ങളുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഈ നേട്ടങ്ങൾ സുസ്ഥിരമാണെന്ന് ഉറപ്പാക്കാനാണ് ഗവൺമെന്റ് പരിശ്രമിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികൾ രോഗീസൗഹൃദമാക്കാൻ പദ്ധതി നടപ്പിലാക്കി. മെഡിക്കൽ പരിശോധനകളും മറ്റു പരിശോധനകളും കുറഞ്ഞ സമയത്തിനുള്ളിൽ നൽകി ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ഉറപ്പാക്കി. സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ ഹ്രസ്വകാലത്തേക്കും ഇടക്കാലത്തേക്കും കൈവരിക്കേണ്ട ലക്ഷ്യങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലയിൽ സാധ്യമായ ഏറ്റവും മികച്ച പ്രതിരോധ സാന്ത്വന പരിചരണം ലഭ്യമാക്കാനാണ് സംസ്ഥാന ഗവൺമെന്റ് ലക്ഷ്യമിടുന്നത്. പൊതുമേഖലാ വ്യവസായത്തെ സംരക്ഷിക്കുക എന്ന നയമാണ് സർക്കാർ സ്വീകരിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം കുറച്ചുകൊണ്ടു വരാനും പ്രവർത്തനക്ഷമമാക്കാനും കഴിഞ്ഞു. സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിക്കുക എന്ന വാഗ്ദാനവും പൂർണമായി നടപ്പിലാക്കി. ജനപക്ഷ നിലപാടുകൾ സ്വീകരിച്ച് സർക്കാർ മുന്നോട്ട് പോവുകയാണ്. അതുകൊണ്ടു തന്നെയാണ് പൊതു സ്വീകാര്യത ഗവൺമെന്റിനുണ്ടായത്.

കേരളത്തിന്റെ ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. പ്രളയകാലത്തും ഇപ്പോൾ ഒടുവിൽ കോവിഡ് 19 കാലത്തും മാനദണ്ഡങ്ങൾ നിശ്ചയിച്ച് അർഹതപ്പെട്ട സഹായം നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ. കേന്ദ്രസഹായം ചരടുകളോടുകൂടിയ സഹായമായി മാറുന്നു. ജിഎസ്‌ടി വിഹിതം നൽകാതെയും വായ്പക്ക് ഉയർന്ന പലിശ ഈടാക്കിയും സംസ്ഥാനത്തെ സാമ്പത്തികമായി കേന്ദ്ര സർക്കാർ വീർപ്പ് മുട്ടിക്കുകയാണ്. കേന്ദ്രസഹായം ചെലവഴിക്കുന്നതിന് കേന്ദ്രം നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പലപ്പോഴും വിലങ്ങുതടിയാണ്. സർക്കാരിന്റെ എല്ലാ നയങ്ങളേയും എതിർക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ കടമ എന്ന് ധരിച്ചുവശായവരാണ് കേരളത്തിലെ ഇന്നത്തെ പ്രതിപക്ഷം.

പ്രളയകാലത്ത് സാലറി ചലഞ്ചിനെ എതിർത്തും ഇപ്പോൾ അഞ്ച് മാസം ആറു ദിവസത്തെ ശമ്പളം മാറ്റിവച്ചിട്ട് പിന്നീട് തിരികെ നൽകാനുള്ള നടപടിയെ കോടതിയിൽവരെ പോയി എതിർത്തും പ്രതിപക്ഷം അപഹാസ്യരായി. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ പോരായ്മകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാം. പക്ഷെ, ദിവസവും രാവിലെ സർക്കാരിനെ എതിർത്ത് പത്രസമ്മേളനം നടത്തിയാലേ ഉറക്കംവരൂ എന്ന സ്ഥിതിയിലാണ് പ്രതിപക്ഷ നേതാക്കൾ. പ്രതിസന്ധികളെ കേരളം നേരിട്ട് വിജയം നേടിയത് ഒരുമയാർന്ന പ്രവർത്തനത്തിലാണ്. വർഗീയതക്കും ഉദാരവൽക്കരണത്തിനും കോർപ്പറേറ്റുകളെ സംരക്ഷിക്കുന്ന കേന്ദ്രനയത്തിനും എതിരായ പോരാട്ടത്തിൽ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി രാജ്യത്തിനാകെ ആശയാണ്, ആവേശമാണ്. എൽഡിഎഫ് സർക്കാർ സഞ്ചരിക്കുന്നത് ശരിയായ ദിശയിലാണ്. ആ പ്രവർത്തനം നമുക്ക് തുടരാം. ജനങ്ങളുടെ വർധിത പിന്തുണയോടെ മുന്നോട്ടുപോകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.