Wednesday
20 Mar 2019

ആസന്നമാകുന്ന പൊതുതെരഞ്ഞെടുപ്പ്

By: Web Desk | Saturday 14 July 2018 10:28 PM IST


new-age editorial janayugom

നരേന്ദ്രമോഡി സര്‍ക്കാര്‍ അതിന്റെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നത് തീര്‍ച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തിയായ ബിജെപി അധ്യക്ഷന്‍ അമിത്ഷായും തെരഞ്ഞെടുപ്പിന്റെ പാതയിലേയ്ക്ക് എത്തിയെന്നത് യാഥാര്‍ത്ഥ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം അവസാനം നടക്കുമെന്ന സൂചനകളാണ് ലഭ്യമാകുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തോല്‍വി സംഭവിച്ചശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പിന് പോകുന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അഭികാമ്യമല്ലെന്ന് ഇരുവര്‍ക്കും ബോധ്യമുള്ളതാണ്. അതുകൊണ്ടുതന്നെ ഈ വര്‍ഷം അവസാനം തന്നെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ബിജെപി ആലോചിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ബിജെപി ശ്രദ്ധകേന്ദ്രീകരിക്കുന്ന വിഷയങ്ങള്‍ തികച്ചും വ്യക്തമാണ്. ജാതി-വര്‍ഗീയ ധ്രുവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ് ഇതില്‍ ആദ്യത്തേത്. വിദ്വേഷ കുറ്റകൃത്യങ്ങളിലും മറ്റ് സമാനമായ നെറികെട്ട പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവരെ അനുകൂലിക്കുന്ന സമീപനങ്ങളാണ് രണ്ട് കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചത്. ഇതിലൂടെ ബിജെപിയും സംഘപരിവാറും ലക്ഷ്യമിടുന്നതെന്തെന്ന് വ്യക്തമാകുന്നു. ആള്‍ക്കൂട്ട കൊലപാതകക്കേസിലെ പ്രതികളെ പൂമാലയിട്ട് സ്വീകരിക്കുന്നതിലൂടെ ബിജെപിയുടെ യഥാര്‍ത്ഥമുഖമാണ് വെളിപ്പെടുന്നത്. കലാപക്കേസിലെ പ്രതികളെ ജയിലിലെത്തി കേന്ദ്രമന്ത്രി ഗിരിരാജ് സിങ് സന്ദര്‍ശിച്ചു. വിദ്വേഷം വമിപ്പിക്കുന്ന പ്രതികരണങ്ങളും നിലപാടുകളും സ്വീകരിക്കുന്ന നേതാവാണ് അദ്ദേഹം. വിവിധ കോണുകളില്‍ നിന്നുള്ള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് തന്റെ പ്രസ്താവനയെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് പറഞ്ഞ് കൈകഴുകാനാണ് ജയന്ത് സിന്‍ഹ ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതിലൂടെ സംഘപരിവാറും ബിജെപിയും അവരുടെ ലക്ഷ്യം നേടിയെന്നത് യാഥാര്‍ത്ഥ്യം. ആള്‍ക്കൂട്ട കൊലപാതകത്തിലും ഇതിന് കാരണമാകുന്ന ഉപജാപങ്ങള്‍ ഉയര്‍ത്തിവിടുന്നവരെയും സംരക്ഷിക്കുമെന്ന ബിജെപിയുടെ നിലപാട് ഇതിലൂടെ വ്യക്തമായി.
ഈ വിധ്വംസക ശക്തികളുടെ പുതിയ ആയുധമായി ആള്‍ക്കൂട്ട കൊലപാതകം മാറിക്കഴിഞ്ഞു. ഉപജാപങ്ങള്‍ പരത്തുന്നത് ബിജെപിയുടെ പഴയകാല സ്വഭാവത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. രാഷ്ട്രപതിയായിരിക്കെ ഡോ. ശങ്കര്‍ദയാല്‍ശര്‍മ്മ മരിച്ചുവെന്ന വാര്‍ത്ത വലതുതീവ്രവാദികള്‍ ഉയര്‍ത്തിവിട്ടു. പിന്നീട് ദൈവത്തിന്റെ ഒരു പ്രതിമ പാലുകുടിക്കുന്നുവെന്ന വാര്‍ത്ത പരത്തി. മഹാരാഷ്ട്രയിലെ ദുലൈയില്‍ ഉണ്ടായ ഉപജാപ പ്രചരണം ബിജെപിയുടെ പങ്കിനെയാണ് വെളിപ്പെടുത്തുന്നത്. കറാച്ചിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ജനരോഷം ഉയര്‍ത്തി 9 പേരെയാണ് കൊന്നത്. 2013ല്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപത്തിലും വര്‍ഗീയ ആക്രമണം ഉയത്തിവിടാന്‍ ബിജെപി അവലംബിച്ചത് ഇതേ തന്ത്രം തന്നെയാണ്.
വര്‍ഗീയ കലാപങ്ങള്‍ ഉയര്‍ത്തിവിടാനുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കുമ്പോഴും രാജ്യത്തെ ദളിത് വിഭാഗങ്ങള്‍ അക്രമങ്ങള്‍ക്ക് വിധേയമാകുന്നു. ഗുജറാത്തിലെ ഉന സംഭവത്തിനുശേഷം ദളിത് വിഭാഗത്തില്‍ നിന്ന് നേതാക്കള്‍ ഉയര്‍ന്നുവന്നു. ഇത് ആ വിഭാഗങ്ങള്‍ക്കിടയിലെ ഉയര്‍ത്തെഴുന്നേല്‍പ്പിനെയാണ് സൂചിപ്പിക്കുന്നത്. ദളിതര്‍ക്കെതിരെ കേസുകള്‍ കെട്ടിച്ചമയ്ക്കുന്നു. ദളിത് സ്ത്രീകള്‍ക്കെതിരെ ആക്രമണങ്ങളും പീഡനങ്ങളും ഗണ്യമായി വര്‍ധിക്കുന്നു. കൂടാതെ രാജ്യത്തെ ജുഡീഷ്യറിയെ ഉപയോഗിച്ചുപോലും വിവാദങ്ങള്‍ സൃഷ്ടിക്കുന്നു. പട്ടികജാതി – പട്ടികവര്‍ഗ നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ്. പട്ടികജാതി – പട്ടികവര്‍ഗ വിഭാഗക്കാര്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മറ്റ് ജനവിഭാഗങ്ങള്‍ എന്നിവരെയൊക്കെത്തന്നെ ബോധപൂര്‍വം ഭീഷണിപ്പെടുത്തുന്നു. കൂടാതെ വരേണ്യവര്‍ഗങ്ങളെ അഥവാ ഉന്നതജാതിക്കാരെ ഏകോപിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. ഉന്നതജാതിക്കാരാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും യഥാര്‍ത്ഥ അടിസ്ഥാനം. ഈ പ്രവണതകള്‍ രാജ്യത്തിന്റെ ഐക്യം, അന്തസ്, പരമാധികാരം എന്നിവയ്ക്ക് കടുത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെ പ്രതിരോധാത്മക ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.
ഇതൊക്കെ വരാന്‍പോകുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്. രാജ്യത്തെ ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശ്രേഷ്ഠപദവി നല്‍കി ആദരിച്ചു. റിലയന്‍സ് ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള ജിയോ ഇന്‍സ്റ്റിറ്റിയൂട്ടും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഈ സ്ഥാപനം ഇനിയും നിലവില്‍ വന്നിട്ടില്ല. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുനരാരംഭിച്ചു. ഈ ഇടപാടില്‍ നേരത്തേയുള്ള സര്‍ക്കാര്‍ ഉറപ്പിച്ചതിനെക്കാള്‍ മൂന്നിരട്ടി തുക കൊടുക്കാമെന്നു പറഞ്ഞു. കൂടാതെ റാഫേല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി റിലയന്‍സിനെ ഉള്‍പ്പെടുത്തി. ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫണ്ടൊഴുക്കുന്ന അംബാനിമാരെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് ഈ റാഫേല്‍ കരാര്‍ പുനഃപരിശോധിക്കാന്‍ മോഡി സര്‍ക്കാര്‍ തയ്യാറായതെന്ന ആക്ഷേപം ശക്തമാണ്.
തെരഞ്ഞെടുപ്പിന്റെ പ്രചരണ ഘട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് കോര്‍പ്പറേറ്റ് പ്രതിനിധികളുമായി മുംബെയില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ഇവരെ കൂട്ടായി കണ്ടതിലുപരിയായി ഓരോരുത്തരുമായും മോഡി ചര്‍ച്ചനടത്തി. ഇങ്ങനെ ഒറ്റയ്‌ക്കൊറ്റയ്ക്ക് ചര്‍ച്ച നടത്തിയവരില്‍ അദാനിയും അംബാനിമാരുമൊക്കെ ഉള്‍പ്പെടുന്നുണ്ട്. 2014ല്‍ നല്‍കിയ പിന്തുണ ഇപ്പോഴും ഈ വ്യവസായ പ്രതിനിധികള്‍ നല്‍കുമോ എന്ന കാര്യം ചിന്തിക്കേണ്ടതാണ്. 2014ല്‍ ലഭിച്ചതുപോലുള്ള പിന്തുണ നല്‍കാന്‍ സാധിക്കില്ലെന്ന് ഇതില്‍ ചിലരെങ്കിലും വ്യക്തമാക്കി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പണം പലയിനങ്ങളിലായി നേരിട്ട് കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുന്നത്. ഇതേ പണം തെരഞ്ഞെടുപ്പ് ഫണ്ടിനത്തില്‍ ബിജെപി ഖജനാവില്‍ എത്തുന്നു. ഇനിയും സ്ഥാപിക്കപ്പെടാത്ത ജിയോ ഇന്‍സ്റ്റിറ്റിയൂട്ടിനെ ശ്രേഷ്ഠ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ പിന്നിലുള്ള ചേതോവികാരവും ഇതുതന്നെയാണ്.