ഷിബു ടി ജോസഫ്

കോഴിക്കോട്

May 23, 2021, 9:50 pm

ഇനിയെങ്കിലും മാറിനില്‍ക്കണം; ഉമ്മന്‍ ചാണ്ടിക്ക് പ്രവര്‍ത്തകരുടെ വക ഉപദേശം

Janayugom Online

ഇനിയെങ്കിലും ഈ പാര്‍ട്ടിയെ നശിപ്പിക്കാതെ മാറിനിന്നുകൂടെയെന്ന് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ കാലുപിടിച്ച് അപേക്ഷിക്കുകയാണ്. ഫേസ്ബുക്കിലെ ഉമ്മന്‍ ചാണ്ടിയുടെ പേജില്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ചില കുറിപ്പുകള്‍ക്ക് താഴെയാണ് വ്യാപകമായ തോതില്‍ വിമര്‍ശനവും ആക്രമണവും ഉണ്ടായിരിക്കുന്നത്.

പാര്‍ട്ടിക്കുള്ളിലെയും എ ഗ്രൂപ്പിലെയും ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനത്തെക്കുറിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ അതെല്ലാം മാറിമറിഞ്ഞു. മെയ് 21ന് രാജീവ് ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് ഉമ്മന്‍ ചാണ്ടി തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയ കുറിപ്പിന് ഏകദേശം രണ്ടായിരത്തോളം അഭിപ്രായങ്ങളാണ് വന്നത് ഇതില്‍ വലിയ ശതമാനവും കടുത്ത വിമര്‍ശനങ്ങളായിരുന്നു.

പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് താന്‍ ആരുമായും യാതൊരുവിധ ചര്‍ച്ചകളും നടത്തിയിട്ടില്ല എന്നവകാശപ്പെട്ട് ശനിയാഴ്ച എഴുതിയ കുറിപ്പിന് താഴെയും അതിശക്തമായ ആക്രമണമാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. അതിന് ശേഷം വി ഡി സതീശന്റെ സ്ഥാനലബ്ധിയെ സ്വാഗതം ചെയ്തുകൊണ്ടുവന്ന സന്ദേശവും ഉമ്മന്‍ ചാണ്ടിക്ക് നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയിലുള്ള അവമതിപ്പ് പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി നേതൃത്വം നല്കുന്ന എ ഗ്രൂപ്പുകാര്‍ എന്നവകാശപ്പെടുന്നവരും വ്യാപകമായ തോതില്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം അഴിച്ചുവിട്ടിട്ടുണ്ട്. ഇനിയെങ്കിലും കുത്തിത്തിരുപ്പുണ്ടാക്കാതെ ചുമതലകളില്‍ നിന്ന് മാറിനിന്ന് പുതിയതലമുറയില്‍പ്പെട്ടവര്‍ക്ക് വേണ്ട സഹായം നല്‍കി പാര്‍ട്ടിയെ രക്ഷിക്കണമെന്നാണ് മിക്ക അഭിപ്രായങ്ങളുടെയും സാരാംശം.

എന്നാല്‍ അതേസമയം രമേശ് ചെന്നിത്തലയോട് അനുഭാവപൂര്‍വവും അനുകമ്പയോടെയുമാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സൈബര്‍ പോരാളികള്‍ ഇടപെട്ടത്.

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന പ്രവര്‍ത്തകരും അനുഭാവികളും പക്ഷേ ഉമ്മന്‍ ചാണ്ടിയോട് യാതൊരുവിധ ദയാദാക്ഷണ്യവും കാട്ടുന്നില്ല എന്നത് അതിരൂക്ഷമായ വിമര്‍ശനങ്ങളില്‍ നിന്ന് വ്യക്തമാണ്.

ഉമ്മന്‍ ചാണ്ടി തന്റെ മകന്‍ ചാണ്ടി ഉമ്മനെ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും വന്‍ വിമര്‍ശനം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചാണ്ടി ഉമ്മന് സീറ്റുറപ്പാക്കാന്‍ നടന്ന ശ്രമങ്ങള്‍ പാളിയപ്പോള്‍ ഉമ്മന്‍ ചാണ്ടി മകനെ ഗ്രൂപ്പിന്റെ തലപ്പത്തേയ്ക്ക് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം എ വിഭാഗത്തിലെ ചില പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഉണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ചാണ്ടി ഉമ്മന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ വലിയ പ്രതിസന്ധിയിലാക്കിയെന്നും അവരില്‍ ചിലര്‍ സൂചിപ്പിക്കുന്നു.

Eng­lish sum­ma­ry: com­ments in Ommen chandy’s Face­book posts

You may also like this video: