23 April 2024, Tuesday

വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വര്‍ധന

ഇൻസെന്റീവ് പിൻവലിച്ചു
240 രൂപ വരെ കൂടും
Janayugom Webdesk
ന്യൂഡല്‍ഹി
November 8, 2022 10:01 pm

വിലക്കയറ്റം കൊണ്ട് നട്ടംതിരിയുന്ന സാധാരണക്കാരന് ഇരുട്ടടിയായി വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ വര്‍ധന. വാണിജ്യ സിലിണ്ടറുകള്‍ക്കുള്ള ഇൻസെന്റീവ് എണ്ണക്കമ്പനികൾ പിൻവലിച്ചു. ഇതോടെ വിതരണക്കാര്‍ക്ക് വിപണി വിലയ്ക്കു തന്നെ വാണിജ്യ സിലിണ്ടറുകൾ വിൽക്കേണ്ടി വരും. ഹോട്ടലുകളുള്‍പ്പെടെയുള്ള ഉപയോക്താക്കള്‍ സിലിണ്ടറിന് 240 രൂപ അധികവില നല്‍കി വാങ്ങണം.കൂടുതൽ സ്റ്റോക്ക് എടുക്കുന്ന ഡീലർമാർക്ക് എണ്ണക്കമ്പനികൾ പരമാവധി 240 രൂപ വരെയാണ് ഇൻസെന്റീവ് നൽകിയിരുന്നത്. ഇതനുസരിച്ച് വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകൾക്ക് വാണിജ്യ സിലിണ്ടറുകൾ ഡീലർമാർ നൽകിയിരുന്നത്. ആനൂകൂല്യം പിൻവലിച്ചതോടെ നിശ്ചിത വിലയ്ക്കു തന്നെ പാചകവാതകം വാങ്ങേണ്ടി വരും. ഇതോടെ 1508 രൂപയായിരുന്ന 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില്പന വില 1748 രൂപയാകും.

ഇതുമൂലം ഗ്യാസ് കമ്പനികൾക്ക് ഗുണമൊന്നുമില്ലെങ്കിലും വില കുറച്ചും ഡിസ്കൗണ്ട് കൂട്ടിയുമുള്ള വിതരണക്കാരുടെ മത്സരം അവസാനിക്കുമെന്നാണ് ഈ രംഗത്തുള്ളവരുടെ അവകാശവാദം. എന്നാല്‍ വിലക്കയറ്റം ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കും. നാടന്‍ ചായക്കടകളെയും തട്ടുകടകളെയുമെല്ലാം ഇത് ബാധിക്കും. ചെറുകിട ഹോട്ടലുകളിലും തട്ടുകടകളിലും പ്രതിദിനം ഒരു സിലിണ്ടര്‍ ആണ് വേണ്ടി വരിക. ഇടത്തരം ഹോട്ടലുകളില്‍ 2–3 സിലിണ്ടറുകള്‍ വരെയാകും. ഗ്യാസിന് വിലകൂടുന്നതോടെ ഭക്ഷ്യസാധനങ്ങള്‍ക്ക് വില കൂട്ടാന്‍ ഹോട്ടല്‍ വ്യാപാരികള്‍ നിര്‍ബന്ധിതരാകും.

ഇന്‍സെന്റീവ് എടുത്തു കളഞ്ഞതിന് വ്യക്തമായ കാരണം പറഞ്ഞിട്ടില്ലെങ്കിലും കഴിഞ്ഞദിവസം പുറത്തുവിട്ട നഷ്ടത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇതെന്നാണ് സൂചന. പൊതുമേഖലാ സ്ഥാപനങ്ങളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയുടെ ജൂലൈ-സെപ്റ്റംബർ മാസത്തെ നഷ്ടം 2,748.66 കോടി രൂപയാണെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലാഭത്തിലുണ്ടായ ഇടിവാണ് നഷ്ടത്തിന് കാരണമെന്ന് ഇന്ധനക്കമ്പനികളുടെ സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിങ്ങുകൾ സൂചിപ്പിക്കുന്നു.

അതേസമയം കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കുറഞ്ഞ വിലയ്ക്ക് എല്‍പിജി വിറ്റതിലെ നഷ്ടം നികത്താൻ 22,000 കോടി രൂപയാണ് കേന്ദ്ര സർക്കാർ കമ്പനികള്‍ക്ക് ഗ്രാന്റ് നൽകിയത്. ജൂലൈ-സെപ്റ്റംബർ കാലയളവിൽ ഐഒസിക്ക് എൽപിജി സബ്സിഡിയായി 10, 800 കോടി ലഭിച്ചപ്പോൾ എച്ച്പിസിഎല്ലിന് 5,617 കോടിയും ബിപിസിഎല്ലിന് 5,582 കോടിയും ലഭിച്ചു. ആഭ്യന്തര എൽപിജി വിലയിൽ 72 ശതമാനം വർധനയുണ്ടായിട്ടും അതിന്റെ ഭാരം പൂർണമായും ഉപഭോക്താക്കളെ ബാധിച്ചിട്ടില്ല എന്നാണ് മന്ത്രി അനുരാഗ് ഠാക്കൂർ അവകാശപ്പെട്ടത്.

Eng­lish Sum­ma­ry: Com­mer­cial cook­ing gas prices will increase
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.