മോഷണക്കേസില്‍ ജയിലിലായിരുന്ന ആളുടെ ഹൃദയം കവര്‍ന്നത് ജയില്‍

Web Desk
Posted on July 12, 2019, 1:00 pm

ചെന്നൈ : മോഷണക്കേസില്‍ ജയിലിലായിരുന്ന ആളുടെ ഹൃദയം കവര്‍ന്നത് ജയില്‍  . ജ്യാമ്യത്തില്‍ പുറത്തിറങ്ങിയ 52കാരന്‍ ബൈക്ക് മോഷണം നടത്തി വീണ്ടും ജയിലിലെത്തി. ചെന്നൈ സ്വദേശി ജ്ഞാനപ്രകാശനാണ് കക്ഷി.

ആദ്യം ജയില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്റെ വീട്ടിലേക്ക്’ തന്നെയാണ് പോയത് എന്നാല്‍ വീട്ടില്‍ തനിക്ക് ഒരു വിലയുമില്ലെന്നും ഭാര്യയും മക്കളും ഉപദ്രവിക്കുകയും ചെയ്‌തെന്ന് ജ്ഞാനപ്രകാശന്‍ പറയുന്നു. ജയിലില്‍ തനിക്ക് നല്ല കൂട്ടുകാരെ കിട്ടിയിരുന്നു. മൂന്ന് നേരം ഭക്ഷണവും.അല്ലലും അലട്ടലുമില്ല.   ഇതോടെയാണ് വീണ്ടും തിരികെ ജയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്ന് ഇയാള്‍ പറയുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് ജ്ഞാനപ്രകാശത്തെ മോഷണക്കേസില്‍ ആദ്യമായി പിടികൂടിയത്. തുടര്‍ന്ന് ഇയാളെ പുഴല്‍ ജയിലില്‍ തടവിലാക്കുകയും ചെയ്തു. ജൂണ്‍ 29ന് ജ്ഞാനപ്രകാശം ജാമ്യത്തിലിറങ്ങി. പക്ഷേ, വീട്ടിലെത്തിയപ്പോഴാണ് ജയിലിലെ അന്തരീക്ഷവും കൂട്ടുകാരുമാണ് നല്ലതെന്ന് തോന്നിയത്. ഇതോടെ എങ്ങനെയും ജയിലിലെ കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങണമെന്ന ആഗ്രഹം കലശലായി.

കൈലാസപുരത്ത് സിസിടിവിയുടെ സമീപം വച്ചിരുന്ന ഒരു ബൈക്ക് മോഷ്ടിച്ചാണ് ജ്ഞാനപ്രകാശം തന്റെ ആഗ്രഹം നിറവേറ്റിയത്. എങ്ങനെയെങ്കിലും പോലീസിന്റെ പിടിയിലായി ജയിലിലേക്ക് മടങ്ങുക മാത്രമായിരുന്നു ലക്ഷ്യം. മോഷ്ടിച്ച ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഇന്ധനം തീര്‍ന്നപ്പോള്‍് പെട്രോളും മോഷ്ടിച്ചു. ഇതിനിടെയാണ് നാട്ടുകാര്‍ ജ്ഞാനപ്രകാശത്തെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സ്‌റ്റേഷനിലെത്തിച്ച ജ്ഞാനപ്രകാശം പറഞ്ഞ കഥകേട്ടപ്പോള്‍ പൊലീസ്‌കാരും ഞെട്ടിപ്പോയി. ജയിലിലേക്ക് ഒരു സ്ഥിരം അന്തേവാസിയെ കിട്ടിയോ എന്ന ആശങ്കയിലാണ് അവര്‍.