പ്രവാസികളോടുള്ള പ്രതിബദ്ധത അനുപമം: മുഖ്യമന്ത്രി

Web Desk
Posted on October 04, 2019, 10:53 pm

കെ രംഗനാഥ്

ദുബായ്: കേരളത്തിന്റെ സാമ്പത്തികമായ പച്ചപ്പിനു കാരണക്കാരായ പ്രവാസി സമൂഹത്തോട് ഇടതുമുന്നണി സര്‍ക്കാരിനുള്ള പ്രതിബദ്ധത അനുപമമാണന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
പ്രവാസി മലയാളികള്‍ സംസ്ഥാനത്തിനു നല്‍കുന്ന വൈവിധ്യമാര്‍ന്ന സംഭാവനകള്‍ കാണാതിരിക്കുന്നത് നന്ദികേടാവും. ഇതെല്ലാം കണക്കിലെടുത്താണ് അവര്‍ക്കുവേണ്ടി നിരവധി ക്ഷേമ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും ‘വിഷന്‍ കേരള 2020’ എന്ന മലയാളി സംഗമ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി. പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങിവരുന്നവര്‍ക്ക് താെഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ 30 ലക്ഷം രൂപവരെ വായ്പ നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ പ്രവാസി പെന്‍ഷന്‍ 500രൂപയില്‍ നിന്ന് 2000 രൂപയാക്കി വര്‍ധിപ്പിച്ചത് സര്‍ക്കാരിന്റെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്. പ്രവാസി ചിട്ടികളില്‍ ചേര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തില്‍ പരമാവധി സഹകരിക്കണം.

കേരള ബാങ്ക് എന്ന ആശയം യാഥാര്‍ഥ്യത്തോട് അതിവേഗം അടുത്തുകഴിഞ്ഞിരിക്കുന്നു. റിസര്‍വ് ബാങ്കിന്റെ അനുമതികൂടി ലഭിച്ചാല്‍ ഏതു നിമിഷവും കേരള ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം നിറഞ്ഞ സദസിന്റെ ഹര്‍ഷാരവങ്ങള്‍ക്കിടെ വെളിപ്പെടുത്തി. ഗള്‍ഫ് മേഖലയിലെ താെഴില്‍ സാധ്യതകള്‍ മുതലെടുക്കാന്‍ സംസ്ഥാനത്തെ താെഴിലില്ലാത്തവരെ സജ്ജമാക്കുന്ന ഒരു നൈപുണ്യ വികസന പദ്ധതിയും നടപ്പാക്കും. ഈ പദ്ധതിയിലൂടെ താെഴില്‍പരമായ കഴിവുകള്‍ വികസിപ്പിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതാണ്. പ്രവാസി സംരംഭകര്‍ക്ക് മെഡിക്കല്‍ കോളജുകള്‍, പബ്ലിക് സ്‌കൂളുകള്‍, എന്‍ജിനീയറിംഗ് കോളജുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നീ മേഖലകളില്‍ നിക്ഷേപം നടത്താന്‍ പാകത്തില്‍ ഒരു സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

അവധിക്കാലത്ത് വിമാനക്കൂലി വര്‍ധിപ്പിച്ച് കേന്ദ്രം പ്രവാസികളെ കാെള്ളയടിക്കുന്നതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഇടപെടലിന്റെ ഫലമായി വിശേഷാവസരങ്ങളില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ ആരംഭിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. റബറിന്റെ വിലസ്ഥിരത ഉറപ്പുവരുത്താന്‍ സിയാന്‍ മാതൃകയില്‍ ഒരു കമ്പനി രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഇതില്‍ പ്രവാസികള്‍ക്കും നിക്ഷേപം നടത്താം. പ്രവാസികളുടെ നാട്ടിലുള്ള പ്രായം ചെന്ന മാതാപിതാക്കളുടെ സംരക്ഷണത്തിനായി വയോജനകേന്ദ്രങ്ങള്‍ തുടങ്ങാനും ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം അറിയിച്ചു. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. വ്യവസായമന്ത്രി ഇ പി ജയരാജന്‍ സംസാരിച്ചു.

പ്രവാസി നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടിയുണ്ടാകുമെന്നറിയിച്ച മുഖ്യമന്ത്രി ഇന്നലെ വൈകിട്ട് ലേ മെറഡിയന്‍ ഹോട്ടലില്‍ നടന്ന നിറഞ്ഞ നിക്ഷേപ സംഗമത്തെയും അഭിസംബോധന ചെയ്തു. പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഹോള്‍ഡിംഗ് കമ്പനിയുടെ ആഭിമുഖ്യത്തില്‍ നടന്ന സംഗമത്തിന്റെ ഭാഗമായി പ്രവാസി വ്യവസായ പ്രമുഖരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. യുഎഇയില്‍ നിന്ന് പ്രവാസി നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള വിവിധ പരിപാടികളില്‍ സംബന്ധിക്കുന്ന അദ്ദേഹത്തെ ഇന്ന് ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ഉച്ചഭക്ഷണത്തിന് ക്ഷണിച്ചിട്ട!ുണ്ട്. ഞായറാഴ്ച വൈകിട്ട് മുഖ്യമന്ത്രി നാട്ടിലേയ്ക്ക് മടങ്ങും.