21 July 2024, Sunday
KSFE Galaxy Chits Banner 2

സ്‌കൂൾ കുട്ടികളുടെ ഉച്ചഭക്ഷണത്തിൽ പോഷകങ്ങള്‍ വർധിപ്പിക്കണമെന്ന് സമിതി

കുട്ടികളുടെ ആരോഗ്യത്തില്‍ വന്‍ പ്രതിസന്ധി 
Janayugom Webdesk
July 4, 2022 9:41 pm

കോവിഡ് മഹാമാരിയെ തുടർന്ന് ഇന്ത്യയിലെ പോഷകാഹാരക്കുറവ് കുട്ടികളുടെ ആരോഗ്യത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് പരിഹരിക്കാന്‍ സ്‌കൂളുകളിലും അങ്കണവാടികളിലും കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ മുട്ട, പരിപ്പ്, പയർവർഗ്ഗങ്ങൾ എന്നിവയും കാൽസ്യം, ഇരുമ്പ്, സിങ്ക്, ഫോളേറ്റ്, വിറ്റാമിൻ എ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകളും നൽകാൻ അന്തർ മന്ത്രാലയ സമിതി ശുപാർശ ചെയ്തു.

2013 ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എൻഎഫ്എസ്എ) ഷെഡ്യൂൾ രണ്ട് പരിഷ്കരിച്ചുകൊണ്ടാണ് ഇവ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഭക്ഷ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വനിതാ ശിശു വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), ഭക്ഷ്യ സുരക്ഷ അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ് എസ്എഐ) തുടങ്ങിയവയിൽ നിന്നുള്ള അംഗങ്ങൾ അന്തർ മന്ത്രാലയ സമിതിയിൽ ഉൾപ്പെടുന്നുണ്ട്. നിലവിൽ, 13 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലും ഉച്ചഭക്ഷണത്തോടൊപ്പം മുട്ട നൽകുന്നുണ്ട്.

ആഴ്ചയിൽ അഞ്ച് ദിവസം മുതൽ മാസത്തിലൊരിക്കൽ എന്നിങ്ങനെ വിവിധ രീതിയിൽ ഇത് നൽകി വരുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമാണ് ഇതിന്റെ ചെലവ് വഹിക്കുന്നത്. അതേസമയം ഉച്ചഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതിനെ പല മത സംഘടനകളും എതിർക്കുന്നുണ്ട്. അഞ്ചാം ദേശീയ കുടുംബാരോഗ്യ സർവേ കണക്കുകള്‍ പ്രകാരം പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി’ ആവശ്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടു.

കുട്ടികളുടെ പോഷകാഹാരക്കുറവ്, വളർച്ച മുരടിപ്പ്, എന്നിവയിൽ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കുടുംബാരോഗ്യ സർവേയിലെ കണ്ടെത്തൽ. 2013 മുതൽ ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി നിലവിൽ വന്നിട്ടുണ്ടെങ്കിലും ആഗ്രഹിച്ച ഫലങ്ങൾ അതിൽ നിന്ന് ഇതുവരെ കൈവരിച്ചിട്ടില്ലെന്നും സമിതി വിലയിരുത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും പോഷകാഹാരക്കുറവും വിളർച്ചയും ആശങ്കാവഹമായി വർധിച്ചതായി കുടുംബാരോഗ്യ സര്‍വേ വെളിപ്പെടുത്തുന്നുണ്ട്. ആശാവഹമായ സാമ്പത്തിക വളർച്ചയുണ്ടായിട്ടും പോഷകാഹാരക്കുറവ് പരിഹരിക്കാൻ കഴിയാത്തത് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നമായി തുടരുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സംയോജിത ശിശുവികസന സേവന പദ്ധതി (ഐസിഡിഎസ്) ആറുമാസം മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പരിരക്ഷ നൽകുമ്പോൾ, ലോവർ പ്രൈമറി ക്ലാസുകളിലെയും സർക്കാർ, സർക്കാർ‑എയ്ഡഡ് സ്കൂളുകളിലെ അപ്പർ പ്രൈമറി ക്ലാസുകളിലെയും വിദ്യാർത്ഥികൾ പിഎം പോഷണ്‍ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.

സമിതി ശുപാർശകൾ പ്രകാരം ലോവർ പ്രൈമറി ക്ലാസുകളിൽ ഭക്ഷണത്തിന് (പാലും പഴങ്ങളും ഒഴികെ) 9.6 രൂപയും അപ്പർ പ്രൈമറിയിൽ 12.1 രൂപയും ആയിരിക്കും ചെലവഴിക്കാനാവുക. നിലവിൽ പാചകച്ചെലവ് യഥാക്രമം 4.97 രൂപയും 7.45 രൂപയുമാണ്. മുട്ട കഴിക്കാത്തവർക്ക് നിർദ്ദിഷ്ട അളവിന്റെ ഇരട്ടി പരിപ്പും മറ്റു ധാന്യങ്ങളും നൽകാമെന്നും റിപ്പോർട്ടിലുണ്ട്.

Eng­lish summary;Committee to increase nutri­ents in lunch of school children

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.