ചാണകത്തിന്റെ ശാസ്ത്രീയഗുണം പഠിക്കാന്‍ സമിതി; കേന്ദ്രമന്ത്രി തലവന്‍

Web Desk
Posted on August 10, 2019, 1:42 pm

ന്യൂഡല്‍ഹി: ചാണകത്തിന്റെയും പഞ്ചഗവ്യത്തിന്റെയും ശാസ്ത്രീയത പഠിക്കാനുള്ള സമിതിയുടെ തലവന്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ആര്‍എസ്എസിന്റെ സ്വപ്‌നപദ്ധതിയുടെ നേരിട്ടുള്ള മേല്‍നോട്ടം ഗിരിരാജ് സിങിന്റെ ഫിഷറീസ്, മൃഗക്ഷേമ, ഡയറി വകുപ്പിന് കൈമാറി. കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് വകുപ്പുകള്‍ ചേര്‍ന്നുള്ള ഒരു ബൃഹദ് പദ്ധതിയാക്കി ഇതിനെ മാറ്റുകയും ചെയ്തിട്ടുണ്ട്.

പഞ്ചഗവ്യത്തിന്റെ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2007 ല്‍ ഒരു ദേശീയ സമിതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയത്. കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധനായിരുന്നു ഇതിന്റെ മേല്‍നോട്ടചുമതല. എന്നാല്‍ ഈ രംഗത്ത് ഏറെ മുന്നോട്ടുകൊണ്ടുപോകാന്‍ ഹര്‍ഷവര്‍ധന് സാധിച്ചിട്ടില്ലെന്ന് ആര്‍എസ്എസ് വിലയിരുത്തുന്നു.
പദ്ധതിക്ക് ആവശ്യമായ ഫണ്ട് കണ്ടെത്താനും ഹര്‍ഷവര്‍ധന് സാധിച്ചില്ല. സ്വപ്‌നപദ്ധതി രണ്ടുവര്‍ഷമായിട്ടും ഇഴയുന്നതില്‍ ആര്‍എസ്എസ് നേതൃത്വം അതൃപ്തിയിലാണ്. ഇക്കാരണത്താലാണ് കൂടുതല്‍ വകുപ്പുകളെ പദ്ധതിയോട് കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. റിന്യൂവബിള്‍ എനര്‍ജി, വനം-പരിസ്ഥിതി, ആരോഗ്യ‑കുടുംബക്ഷേമം, കൃഷി വകുപ്പുകളെക്കൂടിയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.