മരട് ഫ്ലാറ്റ്; കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ ശുപാര്‍ശ

Web Desk
Posted on October 17, 2019, 8:46 pm

എറണാകുളം: മരടില്‍ കൂടുതല്‍ ഫ്ലാറ്റുകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശ. 35  ഫ്ലാറ്റുടമകള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും ശുപാര്‍ശയിലുണ്ട്. നഷ്ടപരിഹാര സമിതിക്കു മുന്‍പാകെ 14 പേര്‍ക്ക് കൃത്യമായി രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല.

കഴിഞ്ഞ ദിവസം 14 പേര്‍ക്ക് അടിയന്തരമായി നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള റിപ്പോര്‍ട്ട് കമ്മിറ്റി സര്‍ക്കാരിനു കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് 35 പേര്‍ക്കു കൂടി നല്‍കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തത്. ഇതോടെ കമ്മിറ്റി ശുപാര്‍ശ ചെയ്തവരുടെ എണ്ണം 49 ആയി.

ഫ്ലാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം നിര്‍ണ്ണയിക്കുന്നതിനുള്ള ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ഇന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ലഭിച്ച 61 അപേക്ഷകള്‍ കൂടി പരിശോധിച്ചാണ് കൂടുതല്‍ പേര്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിച്ചത്.

രജിസ്‌ട്രേഷനില്‍ ഫ്ലാറ്റുകള്‍ക്ക് കാണിച്ച തുകയാണ് നഷ്ടപരിഹാരത്തിനായി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതു വരെ 185 അപേക്ഷകള്‍ ആണ് നഗരസഭയ്ക്ക് ഫ്ലാറ്റുടമകളില്‍ നിന്ന് ലഭിച്ചത്. ഇതില്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി 120 പേരുടെ പട്ടിക പരിശോധനക്ക് ശേഷം നഷ്ടപരിഹാര കമ്മിറ്റിക്ക് നഗരസഭ കൈമാറിയിരുന്നു. ആകെ 241 ഫ്‌ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹത ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

മരട് ഫ്ലാറ്റ് നിര്‍മാണത്തിലെ ക്രമക്കേട് കേസില്‍ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടെ അറസ്റ്റ് ഒക്‌ടോബര്‍ 15 ന് രേഖപ്പെടുത്തിയിരുന്നു. ഹോളി ഫെയ്ത്ത് ഫഌറ്റ് മാനേജിങ് ഡയറക്ടര്‍ ഡാനി ഫ്രാന്‍സിസ് അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.