പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാന്‍ പൊതുസമവായം വേണം: മുഖ്യമന്ത്രി

Web Desk
Posted on July 15, 2019, 9:44 pm

തിരുവനന്തപുരം: നാടിന്റെയാകെ സഹകരണത്തോടും പിന്തുണയോടും പ്രളയാനന്തര കേരളം പുനഃസൃഷ്ടിക്കാന്‍ പൊതുസമവായം ഉയര്‍ന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നേതൃപരമായ പങ്ക് സര്‍ക്കാര്‍ വഹിക്കുമ്പോള്‍ പൊതുവായ അഭിപ്രായം ഉരുത്തിരിയുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട ‘റീബില്‍ഡ് കേരള’ കര്‍മ പദ്ധതികള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത മാധ്യമ എഡിറ്റര്‍മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ പൊതുവായ വികസനമാണ് വേണ്ടത്.ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊതുവീക്ഷണം ഉയര്‍ന്നുവരുന്നത് സ്വീകരിക്കുകയാണ് ലക്ഷ്യം.പ്രളയദുരന്തമുണ്ടായി ഒരു വര്‍ഷമാകുകയാണ്. പുനരധിവാസവുമായി ബന്ധപ്പെട്ട സഹായങ്ങള്‍ നല്‍കിവരികയാണ്. വീടുകളുടെ പുനര്‍നിര്‍മാണവും പുരോഗമിക്കുകയാണ്. അപകടസാധ്യത കാരണം വീടുനിര്‍മിക്കാന്‍ പറ്റാത്ത സ്വന്തം സ്ഥലത്ത് നിന്ന് മാറിത്താമസിക്കാന്‍ ചിലര്‍ വിമുഖത കാട്ടുന്നുണ്ട്. ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തി അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതില്‍ മാധ്യമങ്ങളും പങ്ക് വഹിക്കണം. കേരള പുനര്‍നിര്‍മാണ പദ്ധതി രേഖയില്‍ പ്രത്യേക ശ്രദ്ധവേണ്ട മേഖലകളില്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. റൂം ഫോര്‍ റിവര്‍, സംയോജിത നദീതട അതോറിറ്റി തുടങ്ങിയവ ഉള്‍പ്പെടെ ഇതിലുണ്ട്. ലോകത്ത് തന്നെ വിജയകരമായ മാതൃകകള്‍ പരിശോധിക്കാനും സ്വീകരിക്കാന്‍ കഴിയുന്ന സ്വീകരിക്കാനും ശ്രമമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് ‘റീബില്‍ഡ് കേരള’ കര്‍മപദ്ധതിയുടെ ഭാഗമായി ചെയ്തുവരുന്നതും ചെയ്യാന്‍ ഉദ്ദേശിക്കുന്നതുമായ പദ്ധതികള്‍ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് സിഇഒ ഡോ. വി വേണു യോഗത്തില്‍ വിശദീകരിച്ചു. തുടര്‍ന്ന്, മാധ്യമ എഡിറ്റര്‍മാര്‍ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സംശയങ്ങളും പങ്കുവച്ചു. എഡിറ്റര്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കി. കേരളത്തിലെ പത്ര, ദൃശ്യ മാധ്യമ എഡിറ്റര്‍മാരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ എന്നിവരാണ് യോഗത്തില്‍ സംബന്ധിച്ചത്.

you may also like this video