Janayugom Online
Weightlifter Sathish Sivalingam

കോമണ്‍വെല്‍ത്ത് ഗെയിംസില്‍  സതീഷ് ശിവലിംഗത്തിനു ഇന്ത്യയുടെ മൂന്നാമത് സ്വർണം

Web Desk
Posted on April 07, 2018, 9:34 am

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍  സതീഷ് ശിവലിംഗം (77 കിലോ) ഇന്ത്യയുടെ മൂന്നാമത് സ്വർണത്തിനു ശനിയാഴ്ച അനായാസം മുത്തമിട്ടു. സ്വർണത്തിൽ ഇത് സതീഷിന്റെ രണ്ടാമൂഴം.

സതീഷ് 317 കിലോ (114 കിലോ +173കിലോ ) ഉയർത്തി, മത്സരത്തിൽ ഏറെ മുന്നിലെത്തിയതിനാൽ ഫൈനൽ ക്ലീൻ ആൻഡ് ജെർക്കിൽ ഭാരം ഉയർത്തേണ്ടി വന്നില്ല.

എന്നാൽ സ്നാച്ചിൽ സതീഷും വെള്ളി മെഡലിസ്റ്റായി മാറിയ ഇംഗ്ലണ്ടിന്റെ ജാക്ക് ഒലിവറും തമ്മിൽ ശരിക്കും ആവേശകരമായി മാറ്റുരച്ചു. രണ്ടു പേരും ഒരുപോലെ ഭാരം ഉയർത്തിക്കൊണ്ടിരുന്നു, രണ്ടാമത്തെ സ്നാച്ചിന്റെ ഒടുവിൽ ഒലിവർ 145 കിലോ ഉയർത്തി. ഇത് സതീഷിന്റെ ഫൈനൽ ശ്രമത്തിനേക്കാൾ ഒരു കിലോ മുന്നിലായിരുന്നു.

എന്നാൽ ഒലിവർ ക്ലീൻ ആൻഡ് ജെർക്കിൽ 171 കിലോയിൽ രണ്ടു ശ്രമത്തിൽ പരാജയപ്പെട്ടപ്പോൾ  അവസാന മന്ദസ്മിതം സതീഷിനായി, ഒലിവർ 312 കിലോയിൽ മത്സരം തീർത്തു. (145 കിലോ +167 കിലോ). വെങ്കലം നേടിയ ആസ്ട്രേലിയയുടെ ഫ്രാങ്കോയിസ് എറ്റൗണ്ടി 305 കിലോ (136 കിലോ +169 കിലോ ) ഉയർത്തിയെങ്കിലും അവസാന ശ്രമത്തിൽ തോളിനു പരിക്കേറ്റു.

2014 കോമണ്‍വെല്‍ത്ത് ഗെയിമിലും സതീഷ് 149 കിലോ സ്‌നാച്, 179 കിലോ ക്ലീൻ ആൻഡ് ജെർകിൽ ആകെ 328 കിലോ ഉയർത്തി ഗോൾഡ് മെഡൽ നേടിയിരുന്നു.  സതീഷിന്റെ 149 കിലോ ഇപ്പോഴും ഗെയിം റെക്കോർഡ് ആയി തുടരുന്നു.

ഇന്നലെ വനിതകളുടെ 53 കിലോ ഭാരോദ്വഹനത്തിൽ സഞ്ജിത ചാനു ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. തുടക്ക ദിവസം വനിതകളുടെ 48 കിലോ വിഭാഗം ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു റെക്കോർഡുകളുടെ പൂമഴ സൃഷ്ടിച്ച് ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടി. 110 കിലോ ഉയര്‍ത്തിയാണ് ചാനു സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഗുരുരാജയുടെ വെള്ളിമെഡലോടെയാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്.