ശ്രീലങ്കയില്‍ സിംഹള ബുദ്ധമത മുസ്ലീം സംഘര്‍ഷം തുടരുന്നു

Web Desk
Posted on March 09, 2018, 11:36 am

കൊളംബോ:  ശ്രീലങ്കയില്‍ സിംഹള ബുദ്ധമത അനുയായികളും മുസ്ലിങ്ങളും തമ്മിലുള്ള സംഘര്‍ഷം തുടരുന്നു. കാന്‍ഡി ജില്ലയിലാണ് ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നടക്കുന്നത്. 81 പേരെയാണ് ഇവിടെ നിന്നും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തിങ്കളാഴ്ച ബുദ്ധമത വിശ്വാസിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതാണ് സംഘര്‍ഷത്തിന് തുടക്കം. ഇതേ തടുര്‍ന്ന് സിംഹളവിഭാഗം മുസ്ലിങ്ങള്‍ക്കെതിരെ സംഘര്‍ഷം ആരംഭിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പള്ളികളും വീടുകളും ആക്രമികള്‍ തകര്‍ക്കുകയും ചെയ്തു.

വര്‍ഗീയ സംഘര്‍ഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചതോടെ സര്‍ക്കാര്‍ രാജ്യത്ത് പത്ത് ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് അഹ്വാനം ചെയ്ത് കൊണ്ടുള്ള സന്ദേശങ്ങളും വ്യാജവാര്‍ത്തകളും സമൂഹ മാധ്യങ്ങളിലൂടെ പ്രചരിക്കുന്നതിനാല്‍ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ലങ്കയില്‍ ഭൂരിപക്ഷമായ സിംഹള ബുദ്ധമതക്കാരും മുസ്ലിങ്ങളും തമ്മില്‍ എതാനും വര്‍ഷങ്ങളായി ശക്തമായ ചേരിതിരിവും ചിലയിടങ്ങളില്‍ സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട് . ബുദ്ധമത വിശ്വാസികളെ പലയിടത്തും കൂട്ടത്തോടെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ബുദ്ധമതവിശ്വാസികളുടെ ആക്ഷേപം.

വര്‍ഗിയ സംഘര്‍ഷത്തില്‍ കഴിഞ്ഞമാസം അഞ്ച് പേര്‍ക്ക് പരുക്കേറ്റിരുന്നു. എതാനും മുസ്ലീം പള്ളികള്‍ക്കും മുസ്ലീം വിശ്വാസികളുടെ സ്ഥാപനങ്ങള്‍ക്കും നേര്‍ക്ക് ആക്രമണവും നടന്നിരുന്നു.