Janayugom Online
Sabarimala

സ്ത്രീത്വത്തെ അപമാനിക്കുന്ന വര്‍ഗീയചങ്ങാത്തം

Web Desk
Posted on October 17, 2018, 8:41 pm

പ്രൊഫ. വിശ്വമംഗലം സുന്ദരേശന്‍

മുന്നോട്ടുരുളുക എന്നൊരു ശീലം കാലത്തിന്റെ രഥചക്രങ്ങള്‍ക്കുണ്ട്. അതൊരു നല്ല സഞ്ചാരശൈലിയല്ലെന്ന് വിശ്വസിക്കുന്നവര്‍ എക്കാലത്തുമുണ്ടാവും. അവര്‍ രഥചക്രത്തെ ബലം പ്രയോഗിച്ചു പിടിച്ചുനിര്‍ത്തുവാന്‍ ശ്രമിക്കും. കഴിയുമെങ്കില്‍ പിന്നിലേക്കും അതിനെ തള്ളിനീക്കുവാന്‍ ശ്രമിച്ചെന്നുമിരിക്കും. ഏതൊരു സമൂഹവും ഉന്‍മേഷം കൊള്ളുന്ന കാലഘട്ടങ്ങളിലെല്ലാം നിഗൂഢതയില്‍ ഒളിഞ്ഞിരിക്കുന്ന ആ പ്രതിലോമശക്തികള്‍ അരങ്ങത്തുവരികയും സാമൂഹ്യമാറ്റങ്ങളെ തടഞ്ഞുനിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ പൊതുവായ ചരിത്രവും കേരളത്തിന്റെ സവിശേഷ ചരിത്രവും ഇതിനു സാക്ഷ്യം വഹിച്ചിട്ടുമുണ്ട്.
മനുവാദത്തിന്റെ വക്താക്കള്‍ തങ്ങള്‍ക്കനുകൂലമായ കാലഘട്ടമാണിതെന്നു വിശ്വസിക്കുന്നു. മനുവാദം നിര്‍വചിക്കുന്ന ചാതുര്‍വര്‍ണ്യവ്യവസ്ഥയ്ക്ക് പുറത്തുള്ള ബഹുഭൂരിപക്ഷത്തെ അകറ്റിനിര്‍ത്തുവാന്‍ അവര്‍ ഇന്നും ആഗ്രഹിക്കുന്നു. അസുരന്‍മാരെന്നും വാനരന്‍മാരെന്നും നിഷാദന്‍മാരെന്നുമെല്ലാം പേരിട്ട് മനുഷേ്യതരമായ ഒരു ജന്തുവര്‍ഗമായി അവരെ പണ്ടുമുതല്‍ക്കേ ദൂരെ നിര്‍ത്തിയിരിക്കുന്നു. ജനാധിപത്യ വ്യവസ്ഥ അവര്‍ക്കു നല്‍കുന്ന പ്രതേ്യക പരിരക്ഷ പൗരോഹിത്യത്തേയും തൊട്ടുനില്‍ക്കുന്ന വരേണ്യവര്‍ഗങ്ങളെയും പരിഭ്രാന്തരാക്കുന്നത് സ്വാഭാവികം.
മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന കാര്യത്തില്‍ അവര്‍ണരുടെ കൂട്ടത്തിലാണ് നാലാം വര്‍ണക്കാരനായ ശൂദ്രനേയും പെടുത്തിയിരിക്കുന്നത്. ദളിതര്‍ ഉള്‍പ്പെടെയുള്ള അവര്‍ണവിഭാഗം ആകെ ജനസംഖ്യയുടെ എഴുപതു ശതമാനത്തിലേറെ വരുമെന്നതുകൊണ്ട് തെരഞ്ഞെടുപ്പു വിജയത്തില്‍ ഒരുപാട് നുണകള്‍ പറഞ്ഞുകൂട്ടുവാന്‍ മനുവാദികള്‍ നിര്‍ബന്ധിതരാവുന്നു. അത്തരം നുണകള്‍ ഏറ്റുപറയുവാന്‍ വലിയൊരു ആശ്രിതവൃന്ദത്തെ സൃഷ്ടിക്കുവാന്‍ ചില അവസരങ്ങളില്‍ മനുവാദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതിന്റെ തള്ളൂരമാണ് കഴിഞ്ഞ നാലര വര്‍ഷമായി ഇന്ത്യന്‍ ജനത സഹിച്ചുകൊണ്ടിരിക്കുന്നത്.
നമ്മുടെ ആദ്യകാവ്യത്തിലെ കഥാനായകനായ, വെറുമൊരു കഥാപാത്രമായ രാമനെ ചരിത്രപുരുഷനായി ചിത്രീകരിച്ചുകൊണ്ടുള്ള കളി കഴിഞ്ഞ എഴുപതു വര്‍ഷമായി മനുവാദികള്‍ കളിച്ചുകൊണ്ടിരിക്കുന്നു. അടവും തന്ത്രവും എത്ര തന്നെ മാറ്റി പ്രയോഗിച്ചിട്ടും തെക്കന്‍ സംസ്ഥാനങ്ങളില്‍ വിശേഷിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും അത് ഏശുന്നില്ല. ഏതുതരം അടിച്ചമര്‍ത്തലുകളെയും അതിജീവിക്കാനുള്ള പൊതുബോധത്തിലേക്ക് കേരള ജനത ഉയര്‍ന്നിട്ട് ഒരു നൂറ്റാണ്ടെങ്കിലും കഴിഞ്ഞിരിക്കുന്നു. അക്കാര്യത്തില്‍ കേരളീയ നവോത്ഥാന പ്രസ്ഥാനങ്ങളുടെ സംഭാവന അനിഷേധ്യമാകുന്നു.
വൈക്കം സത്യഗ്രഹത്തിന്റെയും ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെയും ചരിത്രം ചില അഭിമാനകരമായ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതിന്റെ ഹരീശ്രീയറിയാത്ത ചില രാഷ്ട്രീയ ഭിക്ഷാംദേഹികളാണ് ആചാരസംരക്ഷണത്തിന്റെ പേരില്‍ കാടിളക്കാന്‍ ശ്രമിക്കുന്നത്. ഏത് ആചാരവും സദാചാരങ്ങളാണെന്ന മൂഢവിശ്വാസമാണ് ഇവരെ നയിക്കുന്നത്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളും പുരോമന രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഉയര്‍ന്ന മാനവികബോധമുള്ള പൊതുസമൂഹവും സൃഷ്ടിച്ച പഴയ ചരിത്രം പുതിയ നേതാക്കന്‍മാര്‍ക്ക് അജ്ഞാതമാവാം. ആ നവോത്ഥാന സമരങ്ങളുടെ മുന്നണിയില്‍ ഉന്നതരായ കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യവുമുണ്ടായിരുന്നു. ഗാന്ധിജി നേരിട്ടു വന്ന് സത്യഗ്രഹികളെ അനുഗ്രഹിച്ചിട്ടുണ്ട്.
ശബരിമലയില്‍ പ്രായഭേദമെന്യെ സ്ത്രീപ്രവേശനം അനുവദിക്കുന്ന സുപ്രിംകോടതിവിധി പൊതുവെ സ്വാഗതം ചെയ്യപ്പെട്ടപ്പോള്‍ വിധിക്കെതിരെ സമരസന്നാഹങ്ങളുമായി രംഗത്തുവന്നിരിക്കുന്നത് ആചാരപരിഷ്‌കാരങ്ങളെ എക്കാലവും എതിര്‍ത്തു പോരുന്ന ചെറിയൊരു ന്യൂനപക്ഷത്തിന്റെ അനന്തരാവകാശികളാണ്. സ്ത്രീപുരുഷസമത്വത്തെ അവര്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ശൂദ്രര്‍ക്ക് മാത്രമല്ല ത്രൈവര്‍ണികരിലെ സ്ത്രീകള്‍ക്കും അവര്‍ അക്ഷരം വിലക്കിയിരുന്നു. സമൂഹത്തില്‍ പൊതുവായി സംഭവിച്ച അവകാശബോധത്തില്‍ അത്തരം വിലക്കുകള്‍ മാഞ്ഞുപോവുകയായിരുന്നു.
മഹാത്മാഗാന്ധിയുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും പേരുപോലും മറന്നുപോയ പുതിയൊരുതരം കോണ്‍ഗ്രസിന്റെ ചില നേതാക്കള്‍ സ്ത്രീസമൂഹത്തിനെതിരായി സ്ത്രീകളെത്തന്നെ തെരുവിലിറക്കിയതിന്റെ പിന്നിലെ തന്ത്രം അഭിനന്ദനാര്‍ഹം തന്നെ. ബിജെപിയുടെ പൂതി വേറൊന്നാണ്. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് അതില്‍ ഭാഗഭാക്കായില്ലെന്ന് മാത്രമല്ല വിദേശാധിപത്യത്തിനു വിടുപണി ചെയ്യുകയും ചെയ്തവരുടെ പിന്‍ഗാമികള്‍ എത്ര ശ്രമിച്ചാലും നന്നാവുന്നതിന് ഒരു പരിധിയുണ്ട്. രാമന്‍ ഫലിക്കുന്നില്ലെങ്കില്‍ അയ്യപ്പനാവാം എന്നവര്‍ പക്ഷേ, സ്വപ്‌നം കാണുന്നുണ്ടാവാം. അതിനായിട്ടുള്ള പതിനെട്ടടവും അവര്‍ പരീക്ഷിച്ചുനോക്കുകയാണ്.
ശബരിമല ക്ഷേത്രം ഒരു ഹിന്ദുക്ഷേത്രമായി ഇന്നു വ്യവഹരിക്കുമ്പോള്‍ ഒരു പ്രതേ്യക ചരിത്രസന്ധിയില്‍ ഹിന്ദുമതത്തിലേക്ക് ഒളിച്ചുകടത്തിയ ബുദ്ധക്ഷേത്രമാണ് അതെന്ന വസ്തുത ആരും വിസ്മരിക്കരുത്. എല്ലാ ശാസ്താ ക്ഷേത്രങ്ങളും മുന്‍കാലത്ത് ബുദ്ധക്ഷേത്രമായിരുന്നതാണ്. സര്‍വജാതിമതസ്ഥര്‍ക്കും പ്രവേശനമുള്ള ദേവാലയത്തില്‍ പത്തിനും അമ്പതിനും മധ്യേ പ്രായമുള്ള സ്ത്രീകള്‍ പ്രവേശിച്ചാല്‍ ആജീവനാന്ത ബ്രഹ്മചാരിയായ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടപ്പെടുമത്രെ. ആദിമധ്യാന്തങ്ങളില്ലാത്ത ഒന്നായാണ് മതം ദൈവത്തെ വിഭാവനം ചെയ്യുന്നത്. നൈഷ്ഠിക ബ്രഹ്മചാരി എന്നു പറയുന്നിടത്ത് ആ സങ്കല്‍പം തെറ്റുകയാണ്. നല്ല പ്രായത്തിലുള്ള പെണ്ണുങ്ങളെ അടുത്തുകണ്ടാല്‍ ഹാലിളകുന്ന ഞരമ്പുരോഗിയാണ് അയ്യപ്പന്‍ എന്നു തോന്നിപ്പോവും സ്ത്രീത്വത്തിനെതിരെ ചന്ദ്രഹാസമിളക്കുന്ന സദാചാരഭക്തന്‍മാരുടെ ന്യായവാദം കേട്ടാല്‍.
ഉണ്ടായകാലം മുതലേ ദക്ഷിണകൊണ്ട് ഉപജീവനം കഴിക്കുന്ന ഒരു വിഭാഗമാണ് പുരോഹിതന്‍മാര്‍. കാണിക്കയോ ദക്ഷിണയോ എന്തുമാവട്ടെ, അതിന്റെ അവകാശം ദേവസ്വംബോര്‍ഡിനെന്നു നിശ്ചയിക്കുകയും തന്ത്രികള്‍ക്ക് ഭാരിച്ച മാസശമ്പളം നിശ്ചയിക്കുകയും ചെയ്താലറിയാം തന്ത്രിമാരുടെ അയ്യപ്പഭക്തിയുടെ തനിനിറം. യഥാര്‍ത്ഥത്തില്‍ സൂക്ഷിക്കേണ്ടത് അയ്യപ്പനെയല്ല, അയ്യപ്പനെ ചുറ്റിപ്പറ്റി ഉപജീവിക്കുന്നവരെയാണ്.
ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന മാറ്റങ്ങളെ മുന്‍കൂട്ടി തടയാനുള്ള വെപ്രാളമാണ് തന്ത്രികള്‍ മുതല്‍ തന്ത്രങ്ങള്‍ പയറ്റുന്ന എല്ലാപേരുടെയും വാക്കുകളില്‍ പ്രതിഫലിക്കുന്നത്. ആര്‍ത്തവം എന്ന ശാരീരികപ്രക്രിയയാണ് സ്ത്രീയെ തടയാനുള്ള ഒരു കാരണമായി പരമഭക്തന്‍മാര്‍ വിളംബരം ചെയ്യുന്നത്. അതുകേട്ടാല്‍ തോന്നും ആണ്ടില്‍ മുന്നൂറ്റി അറുപത്തഞ്ചു ദിവസവും സ്ത്രീകള്‍ക്ക് ആര്‍ത്തവദിനങ്ങളാണെന്ന്. ഇപ്പോള്‍ പടയണി ചേരുന്ന സ്ത്രീകള്‍ തങ്ങള്‍ വഞ്ചിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നതായി തിരിച്ചറിയുന്ന ഭാവി അത്ര അകലെയൊന്നുമല്ല. നാലഞ്ചു പ്രതിഷേധ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന ആയിരങ്ങളല്ല, അതില്‍ പങ്കെടുക്കാത്ത ലക്ഷോപലക്ഷങ്ങളാണ് യഥാര്‍ഥമായ സാമൂഹ്യനിലപാടിനെ പ്രതിനിധാനം ചെയ്യുന്നത്.
തന്ത്രിനിയമനത്തിന് ജാതിപരിഗണന ഇല്ലാത്ത കാലം ഏറെ വിദൂരത്തിലൊന്നുമല്ല. ശബരിമലയില്‍ പല ദേവാലയങ്ങളിലുമുള്ളതുപോലെ നാളെ പൂജാരിണികള്‍ ഉണ്ടാവില്ല എന്നാര്‍ക്കാണ് പ്രവചിക്കാന്‍ കഴിയുക. അങ്ങനെയൊക്കെ വെറുതെയൊന്നു സങ്കല്‍പിക്കുമ്പോള്‍ തന്നെ സമനിലതെറ്റുന്ന കുറച്ചാളുകളുണ്ട്. അക്കൂട്ടത്തില്‍ അത്യാവശ്യം സിനിമാനടന്‍മാരുമുണ്ട്. ഒരാള്‍ക്ക് വരുംജന്‍മത്തില്‍ ബ്രാഹ്മണനായി ജനിക്കണംപോലും. മറ്റൊരാള്‍ക്ക് ശബരിമലയില്‍ പോകുന്ന പെണ്ണുങ്ങളുടെ കാലുകള്‍ വലിച്ചുകീറണമത്രെ. സിനിമയില്‍ കോമാളിവേഷം കെട്ടിയാല്‍ നല്ല പ്രതിഫലം കിട്ടും. സമൂഹമധ്യത്തില്‍ നിന്നുകൊണ്ട് അത് ചെയ്യുമ്പോള്‍ കാണുന്നവര്‍ കൂക്കിവിളിക്കും. കലാകാരന്‍മാര്‍ എന്ന നിലയ്ക്ക് മാനിക്കപ്പെടന്നവര്‍ സ്വയം തരംതാഴാതിരിക്കുന്നതല്ലേ നല്ലത്?
എണ്‍പത്തേഴു വര്‍ഷം മുമ്പ് ഗുരുവായൂരമ്പലത്തിന്റെ കിഴക്കേനടയില്‍ നിന്നുകൊണ്ട് മന്നത്ത് പത്മനാഭന്‍ ചെയ്ത ഒരു പ്രസംഗമുണ്ട്. ആ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട ഒരു വ്യക്തിയാണ് പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ചന്‍. മാനവസമത്വത്തെക്കുറിച്ച് കവിത എഴുതിയ വലിയ കോണ്‍ഗ്രസുകാരനായിരുന്നു. അച്ചന്‍ ഒരേ സമയം ഗാന്ധിഭക്തനും ഗുരുവായൂര്‍ സത്യഗ്രഹത്തിനു എതിരുമാവുന്ന അഭ്യാസം മന്നത്തിനെ അത്ഭുതപ്പെടുത്തി. അത്യന്തം വാശിയോടുകൂടിത്തന്നെ ക്ഷേത്ര പ്രവേശനത്തിനെതിരെ ചെറിയ കുഞ്ഞുണ്ണി അച്ചന്‍ പോരാടി. ആ തലമുറ ഇന്നു ഓര്‍മയില്‍ മാത്രം. പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ചന്റെ വേഷം പുതിയ കോണ്‍ഗ്രസുകാര്‍ക്ക് ഇണങ്ങുമോ എന്ന് അവര്‍ തന്നെ പരിശോധിക്കട്ടെ. ആചാരത്തിന്റെയും അനാചാരത്തിന്റെയും വിഷയത്തില്‍ തൊണ്ണൂറു വര്‍ഷത്തിനിപ്പുറം നടക്കുന്ന ചിന്തയില്‍ കുറെക്കൂടി യുക്തിയും വൃത്തിയും വേണ്ടതല്ലേ?