യുഡിഎഫിന്റെ വര്‍ഗീയ കൂട്ടുകെട്ട്; തെളിവുകള്‍ പുറത്ത്

Web Desk
Posted on March 15, 2019, 11:03 pm

സ്വന്തം ലേഖകന്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ഭയക്കുന്ന യുഡിഎഫ് വര്‍ഗീയ‑സാമുദായിക ശക്തികളുമായി രഹസ്യബന്ധമുണ്ടാക്കുന്നുവെന്ന വിവരങ്ങള്‍ ശരിവയ്ക്കുന്ന തെളിവുകള്‍ പുറത്ത്. മുസ്‌ലിം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കൂടിക്കാഴ്ചയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായതോടെ വാര്‍ത്ത നിഷേധിക്കാതെ ഉരുണ്ടുകളിക്കുകയാണ് ലീഗ് നേതൃത്വം. മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി കെ കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിലെ സ്ഥാനാര്‍ഥിയായ ഇ ടി മുഹമ്മദ് ബഷീറും നേരിട്ട് നടത്തിയ രഹസ്യകൂടിക്കാഴ്ചയുടെ വിവരങ്ങള്‍ വാര്‍ത്തയായത് മുസ്‌ലിംലീഗ് അണികളെയും യുഡിഎഫ് നേതൃത്വത്തെയും അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കി.
ബുധനാഴ്ച രാത്രി എട്ടുമണിയോടെ മറ്റ് നേതാക്കളെയും പ്രവര്‍ത്തകരെയും ഒഴിവാക്കി പി കെ കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും ഹോട്ടലിലെത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം മറ്റ് അഞ്ചുപേര്‍ക്കൊപ്പമാണ് എത്തിയത്. ഇ ടി മുഹമ്മദ് ബഷീര്‍ ഹോട്ടലിലെത്തി 105-ാം നമ്പര്‍ മുറിയെടുത്തു. അല്‍പ്പസമയത്തിനുശേഷം നസറുദ്ദീന്‍ എളമരവും സംഘവും ഈ മുറിയിലെത്തി ചര്‍ച്ച നടത്തി. പത്തുമിനിറ്റിന് ശേഷം പി കെ കുഞ്ഞാലിക്കുട്ടിയും മുറിയിലെത്തി. എല്ലാവരും ഒരുമിച്ചിരുന്നു നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഒമ്പതരയോടെയാണ് ഹോട്ടല്‍ വിട്ടത്. ചര്‍ച്ച കഴിഞ്ഞ് പിരിഞ്ഞശേഷം നേതാക്കള്‍ തിരികെ പോകുന്നതിന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ഇ ടി മുഹമ്മദ് ബഷീര്‍ മുന്‍പിലായും നസറുദ്ദീന്‍ എളമരവും മറ്റ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളും പിന്നിലായും പുറത്തേയ്ക്ക് ഇറങ്ങിവരുന്ന ദൃശ്യങ്ങള്‍ വ്യക്തമായി കാണാനാകും. ഇവരുടെ കൂടിക്കാഴ്ച നടന്ന് മണിക്കൂറുകള്‍ക്കകം ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് ജയിക്കാന്‍ യുഡിഎഫ് സംസ്ഥാനത്തുടനീളം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടുകളുടെ യഥാര്‍ഥ ചിത്രം പുറത്തുവന്നിരിക്കുകയാണ്.
മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ പോപ്പുലര്‍ ഫ്രണ്ടുമായും അതിന്റെ മുന്‍രൂപമായ എന്‍ഡിഎഫുമായും മുസ്‌ലിം ലീഗും യുഡിഎഫും രഹസ്യധാരണയുണ്ടാക്കിയിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകള്‍ ഇവര്‍ നിഷേധിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ രഹസ്യചര്‍ച്ച തെളിവുസഹിതം പുറത്തുവന്നതോടെ മറുപടി പറയാനാകാത്ത അവസ്ഥയിലായി ലീഗ് സ്ഥാനാര്‍ഥികളും നേതൃത്വവും. കോണ്‍ഗ്രസ് നേതൃത്വവും പ്രതിരോധിക്കാനാവാത്ത ഗതിയിലാണ്. എന്‍ഡിഎഫിനെയും അതിന്റെ രൂപമാറ്റം സംഭവിച്ച സംഘടനയെയും തങ്ങള്‍ എക്കാലത്തും പടിക്കുപുറത്ത് നിര്‍ത്തുന്നവരാണെന്ന ലീഗിന്റെ അവകാശവാദമാണ് ഇതോടെ പൊളിഞ്ഞുവീണിരിക്കുന്നത്.
സംസ്ഥാനത്തിന്റെ പല ഭാഗത്തും സാമുദായിക ധ്രുവീകരണം നടത്താനും അക്രമങ്ങള്‍ അഴിച്ചുവിടാനും ഇതിന്റെ പേരില്‍ സംസ്ഥാന, ദേശീയ അന്വേഷണ ഏജന്‍സികളുടെ നടപടികള്‍ക്കും കര്‍ശനമായ നിരീക്ഷണങ്ങള്‍ക്കും വിധേയമായ ഒരു സംഘടനയുമായി രഹസ്യബാന്ധവം നടത്താനുള്ള ലീഗിന്റെ നീക്കങ്ങള്‍ പുറത്തായതോടെ മതനിരപേക്ഷ വോട്ടര്‍മാര്‍ ഇക്കുറി യുഡിഎഫിനെ കൈവിടുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്-ലീഗ് നേതൃത്വങ്ങള്‍. ഇതേക്കുറിച്ച് പ്രതികരിച്ചത് ഇ ടി മുഹമ്മദ് ബഷീര്‍ മാത്രമാണ്. തങ്ങളുടേത് രഹസ്യ ചര്‍ച്ചയല്ലെന്നും ആകസ്മികമായുണ്ടായ സൗഹൃദക്കാഴ്ച മാത്രമാണെന്നും പറഞ്ഞൊപ്പിക്കുകയായിരുന്നു ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുത്ത ഇ ടി മുഹമ്മദ് ബഷീര്‍.
പോപ്പുലര്‍ ഫ്രണ്ടിനും അവരുടെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐക്കും അല്‍പമെങ്കിലും സ്വാധീമുള്ള രണ്ട് മണ്ഡലങ്ങളാണ് മലപ്പുറവും പൊന്നാനിയും. 2014ലെ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് 47,000 വോട്ടും പൊന്നാനിയില്‍ 26,000 വോട്ടുമാണ് ലഭിച്ചത്.
ഇക്കുറി ഈ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ള ധാരണയ്ക്കായാണ് രഹസ്യകൂടിക്കാഴ്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയും ഇ ടി മുഹമ്മദ് ബഷീറും തന്നെ നേരിട്ട് എത്തിയത്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് ഈ കൂടിക്കാഴ്ചയെങ്കിലും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇതുവരെ കോണ്‍ഗ്രസ് നേതാക്കളാരും തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.