Monday
24 Jun 2019

വര്‍ഗീയ പ്രചാരണം അഴിച്ചുവിട്ട് സംഘപരിവാര്‍ വോട്ടുതേടുന്നു

By: Web Desk | Sunday 14 April 2019 10:52 AM IST


സ്വന്തം ലേഖകന്‍

കോഴിക്കോട്: തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശങ്ങളെയും സാമാന്യ രാഷ്ട്രീയ മര്യാദകളെയും ലംഘിച്ചും കാറ്റില്‍ പറത്തിയും ബിജെപി ശബരിമല വിഷയം പ്രചരിപ്പിച്ച് വോട്ടുതേടാന്‍ തുടങ്ങി. നരേന്ദ്ര മോഡിയുടെ വരവോടെ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ശബരിമല വിഷയം പരസ്യമായി ഉന്നയിക്കുകയാണ് ബിജെപി സ്ഥാനാര്‍ഥികളും നേതാക്കളും. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം സംസ്ഥാനത്ത് വര്‍ഗീയവികാരവും മതവികാരവും ഇളക്കിവിട്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ധൈര്യം പകരുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായും.

വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ തങ്ങള്‍ എന്തുവിലകൊടുത്തും രംഗത്തെത്തുമെന്ന് പ്രഖ്യാപിച്ച കേരളത്തിലെ തെരഞ്ഞെടുപ്പ് പര്യടനത്തിന് ശേഷം ഇന്നലെ തമിഴ്‌നാട്ടിലെ തേനിയിലും കര്‍ണാടകയിലെ മംഗലാപുരത്തുമാണ് മോഡി ശബരിമല വിഷയം ഉന്നയിച്ച് ജാതിയുടെയും മതത്തിന്റെയും മതില്‍തീര്‍ക്കാന്‍ ആഹ്വാനം ചെയ്തത്. ശബരിമല വിഷയത്തില്‍ കേരളത്തില്‍ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളെല്ലാം അപകടകരമായ കളി കളിക്കുകയാണെന്നും സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അതിനൊരിക്കലും അനുവദിക്കില്ലെന്നുമാണ് മോഡി പ്രസംഗിച്ചത്. പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ട് പരസ്യമായി പ്രസംഗിച്ചതോടെ കേരളത്തില്‍ വ്യാപകമായി ബിജെപിക്കാര്‍ ശബരിമല വിഷയം സധൈര്യം ഉന്നയിച്ച് പ്രചാരണം തുടങ്ങി. വന്‍പരാജയം നേരിടുമെന്ന് ഉറപ്പായതോടെയാണ് ശബരിമലയെന്ന തുറുപ്പുചീട്ടിറക്കി തെന്നിന്ത്യയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നീക്കം നടത്തുന്നത്. വര്‍ഗീയത പരസ്യമായി പറഞ്ഞ് തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാന്‍ മടികാണിക്കാത്ത പ്രധാനമന്ത്രി അണികള്‍ക്ക് എന്തും ചെയ്യാനുള്ള സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. തെരഞ്ഞെടുപ്പിന് വെറും ഒമ്പത് ദിവസം മാത്രം അവശേഷിക്കുമ്പോള്‍ അവസാന നിമിഷങ്ങളില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വര്‍ഗീയ മുതലെടുപ്പ് നടത്താനും മതപരമായ വിഭജനം നടത്താനുമുള്ള നീക്കങ്ങള്‍ക്കാണ് കേരളം സാക്ഷിയാകുന്നത്. സ്ഥാനാര്‍ഥികളും നേതാക്കളും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ പരസ്യമായി വിമര്‍ശിക്കാനും തുടങ്ങി.

സോഷ്യല്‍ മീഡിയയില്‍ തെരഞ്ഞെടുപ്പ് വരണാധികാരികളെ ആക്ഷേപിക്കാന്‍ സംഘപരിവാറിന്റെ സൈബര്‍ ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിടുന്നുമുണ്ട്. വോട്ടെടുപ്പിന്റെ അവസാനദിവസങ്ങളില്‍ ഇവരുടെ പ്രചാരണം എല്ലാവിധ അതിരുകളും കടക്കുമെന്ന സൂചനയാണ് പൊലീസിനും ലഭിക്കുന്നത്.

YOU MAY ALSO LIKE THIS:

Related News