Web Desk

തൃശൂർ

November 21, 2020, 4:41 pm

വികസനം തടഞ്ഞ എംഎല്‍എ യുടെ വര്‍ഗീയ പ്രചരണം: യു ഡി എഫ് വെട്ടില്‍

Janayugom Online

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സ്വന്തം മണ്ഡലത്തില്‍ പാവപ്പെട്ട 140 കുടുംബങ്ങള്‍ക്ക് വീട് കിട്ടുന്നത് വ്യാജ പരാതി ഉന്നയിച്ച തടഞ്ഞ അനില്‍ അക്കര എംഎല്‍എ യുടെ വര്‍ഗീയ പരാമര്‍ശവും യുഡിഎഫിനെ വെട്ടിലാക്കി. വടക്കാഞ്ചേരിയിെല ഫ്‌ളാറ്റ് സമുച്ചയ നിര്‍മ്മാണം തടയാന്‍ ശ്രമിച്ച എംഎല്‍എ ക്കെതിരെ ജില്ലയിലാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ അമര്‍ഷത്തിലാണ്.

അതിനിടയില്‍ പേമെന്റ് സീറ്റ് നല്‍കുകയാണ് എംഎല്‍എ എന്ന പരാതിയും ഉയര്‍ന്നു. ഏറ്റവുമൊടുവില്‍ മതം പറഞ്ഞ് സ്ഥാനാര്‍ത്ഥിയെ മാറ്റിയത് വിവാദമായിരിക്കുകയാണ്. ക്രിസ്ത്യാനിയായതുകൊണ്ട് സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്ന് ഒഴിവാകാന്‍ അനില്‍ അക്കര എംഎല്‍എ ആവശ്യപ്പെട്ടതായി തെക്കുംകര പഞ്ചായത്ത് 16ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കല്ലംപാറ ഇല്ലിക്കനിരപ്പേല്‍ പുത്തന്‍പുരയില്‍ ബ്ലെസി അജിയുടെ വെളിപ്പെടുത്തലാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ എംഎല്‍എക്കെതിരെ അമര്‍ഷം വളര്‍ത്തിയിരിക്കുന്നത്..
പനങ്ങാട്ടുകര വാര്‍ഡില്‍ രണ്ടുവട്ടം പര്യടനം പൂര്‍ത്തിയാക്കിയശേഷമാണ് മത്സരത്തില്‍നിന്ന് പിന്മാറാന്‍ എംഎല്‍എ ആവശ്യപ്പെട്ടതെന്നും നാമനിര്‍ദേശപത്രിക നല്‍കിയശേഷമാണ് നിലവിലെ പഞ്ചായത്ത് അംഗത്തോടൊപ്പം എല്ലാവീടുകളിലും പോയി വോട്ട് അഭ്യര്‍ത്ഥിച്ചതെന്നും ബ്ലെസി അജി പറഞ്ഞു. എന്നാല്‍, കെഴിഞ്ഞ ദിവസം വൈകിട്ട് വിളിച്ച് മത്സരത്തില്‍നിന്ന് പിന്മാറണമെന്നും ക്രിസ്ത്യാനി മത്സരിച്ചാല്‍ ശരിയാവില്ലെന്നും എംഎല്‍എ പറഞ്ഞു. വലിയ ചതിയാണ് എംഎല്‍എ കാണിച്ചത്. താനൊരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകയാതുകൊണ്ട് ക്രിസ്ത്യാനിക്ക് നില്‍ക്കാന്‍ പറ്റില്ല എന്നറിയില്ലായിരുന്നു. ക്രിസ്ത്യാനികളെ യുഡിഎഫിന് വേണ്ടായിരിക്കാം. എല്ലാ പാര്‍ട്ടിയിലും വ്യത്യസ്ത ജാതിമത വിഭാഗങ്ങളില്‍പ്പെട്ടവരുണ്ടാവും. ക്രിസ്ത്യാനികളെ ഇങ്ങനെ അവഹേളിക്കാന്‍ പാടില്ലെന്നും നാമനിര്‍ദേശപത്രിക തല്‍ക്കാലം പിന്‍വലിക്കുന്നില്ലെന്നും ബ്ലെസി പറഞ്ഞു.

അതിനിടെ വടക്കാഞ്ചേരിയില്‍ ഡിസിസി സെക്രട്ടറി കെ അജിത്കുമാറിനെിരെ വിമത സ്ഥാനാര്‍ത്ഥി രംഗത്തുണ്ട്. മുണ്ടത്തിേക്കോട് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി കെ അനില്‍കുമാറാണ് വിമതനായി പത്രിക നല്‍കിയത്. വടക്കാഞ്ചേരിയില്‍ കെ അജിത്ത്കുമാറും അനില്‍ അക്കര എംഎല്‍എയും യുവാക്കളെ ഒതുക്കുകയാണെന്ന് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു.
ഒരു സ്ത്രീയുമായി ബന്ധപ്പെട്ട് ഡിസിസി സെക്രട്ടറിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിലെ വസ്തുത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡന്റ് പി ടി അരുണ്‍ ഡിസിസിക്ക് പരാതിനല്‍കിയെങ്കിലും അന്വേഷണത്തിനുപകരം അരുണിനെതിരെ നടപടിയെടുക്കുകയായിരുന്നു. ഡിസിസി സെക്രട്ടറി വീണ്ടും നഗരസഭാ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. ഇതേ ഡിസിസി സെക്രട്ടറിക്കെതിരെ പട്ടികജാതി സ്ത്രീയെ ഉപദ്രവിച്ചതിന് കേസ് നിലവിലുണ്ട്. തദ്ദേശ വാര്‍ഡുകള്‍ പേമെന്റ് സീറ്റുകളാക്കിയെന്ന് പരാതിപ്പെട്ട് കോണ്‍ഗ്രസ് മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡന്റ് ഷാജു ജോസും കഴിഞ്ഞദിവസം രാജിവച്ചിരുന്നു.

കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് തലവേദനയായി വിമതപ്പടയുണ്ട്. കിഴക്കുംപാട്ടുകരയില്‍ കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയേലിനെതിരെ കേന്ദ്ര ജീവനക്കാരുടെ സംഘടനാനേതാവ് കെ ജെ റാഫിയും ഗാന്ധിനഗറില്‍ രാജന്‍ ജെ പല്ലനെതിരെ ഡേവിഡ് മാളിയേക്കല്‍, ഒ ടി ബേബി എന്നിവരും മത്സരരംഗത്തുണ്ട്. ബൈജു വര്‍ഗീസ് മത്രിക്കുന്ന നെട്ടിശേരിയില്‍ എം കെ വര്‍ഗീസിന്റെ ഭീഷണിയുണ്ട്. തൈക്കാട്ടുശേരിയില്‍ സന്ദീപ് സഹദേവനെതിരെ മുന്‍ കൗണ്‍സിലര്‍ കെ എസ് സന്തോഷ് ഉറച്ചുനില്‍ക്കുകയാണ്. നടത്തറയില്‍ ടി ആര്‍ സന്തോഷിനെതിരെ കിരണ്‍ സി ലാസറും മുക്കാട്ടുകരയില്‍ പി രോഹിണിക്കെതിരെ രേഖ സുരേന്ദ്രനും രംഗത്തുണ്ട്.