സ്വന്തം ലേഖകൻ

കോഴിക്കോട്:

January 19, 2021, 9:53 pm

ഹലാൽ ഭക്ഷണത്തിന്റെ മറവിലും വർഗീയത ആളിക്കത്തിക്കുന്നു

Janayugom Online

സ്വന്തം ലേഖകൻ

ലൗ ജിഹാദിന് പിന്നാലെ ഹലാൽ ഭക്ഷണത്തിന്റെ മറവിൽ വർഗീയത ആളിക്കത്തിക്കുന്ന സംഘപരിവാർ നീക്കങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. ന്യൂനപക്ഷ അവകാശങ്ങൾ മുസ്‌ലിം സമുദായം കവർന്നെടുക്കുന്നുവെന്ന തരത്തിലുള്ള വാസ്തവ വിരുദ്ധമായ പ്രചരണത്തിനൊപ്പമാണ് ഹലാൽ മാംസത്തിന് മുസ്‌ലിങ്ങൾ തന്നെ കശാപ്പുകർമ്മങ്ങൾ നിർവഹിക്കണമെന്ന നിബന്ധന ഈ തൊഴിൽ മേഖലയിൽ നിന്ന് ഹിന്ദുക്കളെ അകറ്റുമെന്നും തൊഴിലില്ലായ്മ ശക്തിപ്പെടുത്തുമെന്നും പ്രചരണം നടത്തുന്നത്.

ജോലിയുടെ മേഖലയിൽ നിയന്ത്രണം വേണമെന്നും മുസ്‌ലിങ്ങൾ മാത്രമെ മൃഗങ്ങളെ അറക്കുകയും മാംസ വിതരണം നടത്തുകയും ചെയ്യാവൂ എന്ന നിബന്ധനയൊന്നും ആരും ഉയർത്തിയിട്ടില്ലെന്നിരിക്കെയാണ് ഭക്ഷണത്തിന്റെ പേരിലും വർഗീയത ആളിക്കത്തിക്കാൻ സംഘപരിവാർ ശ്രമം നടത്തുന്നത്. ഇസ്‌ലാമിക മതപരിവർത്തന-അധിനിവേശ ശ്രമത്തിന്റെ ഭാഗം എന്ന നിലയിലാണ് ഹലാൽ വീണ്ടും ചർച്ചാ വിഷയമാകുന്നതെന്നാണ് ബിജെപിയുടെ വാദം.

ഹലാലിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്നത് ഒരു മതം വളർത്താനുള്ള നിഷ്ക്കളങ്കമായ ശ്രമമല്ല. മതത്തെക്കാളുപരി ഇസ്‌ലാമിക രാഷ്ട്രസ്ഥാപനത്തിന്റെയും ഖലീഫാ ഭരണത്തിന്റെയും സ്വപ്നം അതിന് പിന്നിലുണ്ട്. എല്ലാ വ്യവസായ‑വാണിജ്യ സ്ഥാപനങ്ങളുടെയും മൂന്നിലൊന്ന് വരുമാനവും ഇസ്‌ലാമിക സമൂഹത്തിലേക്ക് എത്തുന്ന രീതിയിലാണ് ഹലാൽ ആസൂത്രണം ചെയ്തിരിക്കുന്നതെന്നാണ് സംഘപരിവാർ പ്രചാരണം. എല്ലാ ഹലാൽ സർട്ടിഫൈഡ് സ്ഥാപനങ്ങളിലെയും മൂന്നിലൊന്ന് തൊഴിലവസരങ്ങൾ കൂടി ഇസ്‌ലാ‌മിന് മാത്രമായി മാറ്റിവയ്ക്കപ്പെടുന്നു.

കാ അബയ്ക്കു നേരെ മൃഗത്തെ തിരിച്ചു നിർത്തി ബിസ്മി ചൊല്ലി ചോര‍വാർന്നു പോകത്തക്ക രീതിയിൽ മുസ്‌ലിമായ ഇറച്ചിവെട്ടുകാരൻ മൃഗത്തിന്റെ കഴുത്തിലെ ധമനികളിൽ വെട്ടി ചോരയൊഴുക്കി കൊല്ലുന്ന മൃഗത്തിന്റെ ഇറച്ചിയേ കഴിക്കാവൂ എന്നാണ് ഹലാൽ അനുശാസിക്കുന്നത്. ഇറച്ചിവെട്ട് മുതൽ ഭക്ഷണം വരെയുള്ള ഹലാൽ സമ്പ്രദായത്തിൽ മുസ്‌ലിങ്ങൾക്ക് മാത്രമെ സ്ഥാനമുള്ളു. അതുകൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങളിൽ നിന്നും കേന്ദ്രങ്ങളിൽ നിന്നും ഇതര സമുദായക്കാർ ഒഴിവാക്കപ്പെടുന്നു. ദേശീയതലത്തിൽ ഇറച്ചിവെട്ട് കുലത്തൊഴിലാക്കിയ ഹിന്ദു ജാതി വിഭാഗങ്ങളെയും ഇതിൽ നിന്ന് പൂർണമായും ഒഴിവാക്കേണ്ട സാഹചര്യമാണുള്ളതെന്നും വ്യാപകമായി പ്രചരണം നടന്നുവരികയാണ്. ക്രിസ്ത്യൻ പേരുകളിലുള്ള വ്യാജ ഐഡികളിലൂടെയും ഗ്രൂപ്പുകളിലൂടെയും ഇത്തരം മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ക്രിസ്ത്യൻ സംഘടനകളുടെ ചിഹ്നങ്ങൾ ഉപയോഗിച്ച് സംഘപരിവാർ നടത്തിയ നീക്കങ്ങൾ അടുത്തിടെ തുറന്നുകാട്ടപ്പെട്ടിരുന്നു. മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്താനുള്ള സംഘപരിവാറിന്റെ നീക്കത്തിനെതിരെ വിവിധ ക്രിസ്ത്യൻ സംഘടനകളും ഇതിനകം രംഗത്തുവന്നിട്ടുണ്ട്.

ENGLISH SUMMARY: Com­mu­nal­ism also shines through under the guise of halal food

YOU MAY ALSO LIKE THIS VIDEO