Web Desk

മുംബെെ

February 07, 2020, 9:31 pm

കമ്യൂണിസ്റ്റാണ്..അറസ്റ്റ് ചെയ്യൂ… യാത്രക്കാരനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ഉബർ ഡ്രൈവർ

Janayugom Online

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് സംസാരിച്ച യാത്രക്കാരനെ ഉബർ ഡ്രൈവർ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയി. ഇയാൾ കമ്മ്യൂണിസ്റ്റാണ് അറസ്റ്റ് ചെയ്യൂ എന്ന് ആക്രോശിച്ചാണ് ഡ്രൈവർ കവിയും സാമൂഹ്യ പ്രവർത്തകനുമായ യാത്രക്കാരനെ പൊലീസിനു മുമ്പിലെത്തിച്ചത്. ബുധനാഴ്ച രാത്രി ജുഹുവിൽ നിന്നും കുർളയിലേയ്ക്ക് പോകുകയായിരുന്ന ബപ്പാദിത്യ സർക്കാർ എന്ന ഇരുപത്തിമൂന്നുകാരനാണ് ദുരനുഭവമുണ്ടായത്.

ഉബർ ഡ്രൈവർ ആയ സാന്താക്രൂസാണ് ഇയാളെ വെസ്റ്റ് പൊലീസിനു മുന്നിൽ ഹാജരാക്കിയത്.
യാത്രക്കിടയിൽ സിഎഎയ്ക്കെതിരെ ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് ഫോണിൽ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു ബപ്പാദിത്യ സംസാരത്തിനിടയിൽ ‘ലാൽ സലാം’ മുദ്രാവാക്യം ഹിന്ദുത്വവാദികളിൽ സൃഷ്ടിക്കുന്ന അസഹിഷ്ണുതയെക്കുറിച്ച് അദ്ദേഹം പറയുകയുണ്ടായി. ഇതു കേട്ടുകൊണ്ടിരുന്ന ഡ്രൈവർ പെട്ടെന്ന് കാർ നിർത്തുകയും എടിഎമ്മിൽ നിന്നും പണം പിൻവലിക്കാനുണ്ടെന്ന് പറ‍ഞ്ഞ് കാറിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. രണ്ടു പൊലീസ് ഉദ്യോഗസ്ഥരുമായാണ് ഡ്രൈവർ തിരികെ എത്തിയത്.

തുടർന്ന് ബപ്പാദിത്യയുടെ കൈയ്യിൽ ഉണ്ടായിരുന്ന ദഫ്‌ലി (കൊട്ടുന്ന ഉപകരണം) എന്തിനാണ് കൊണ്ടു നടക്കുന്നതെന്നും വിലാസം എന്താണെന്നും പൊലീസ് ഇയാളോട് ചോദിച്ചു. താൻ ജയ്‌പൂരിൽ നിന്നും ‘മുംബൈ ബാഗ്’ സിഎഎ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയതാണെന്നും ബപ്പാദിത്യ പൊലീസിനെ അറിയിച്ചു. അതേസമയം ഇയാൾ കമ്മ്യൂണിസ്റ്റുകാരനാണെന്നും ഇയാളുടെ ഫോൺ സംഭാഷണം താൻ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഡ്രൈവർ പൊലീസിനോട് പറഞ്ഞുകൊണ്ടിരുന്നതായും ബപ്പാദിത്യ പറയുന്നു. എന്താണ് താങ്കൾ ഈ വിഷയത്തെ കുറിച്ച് തന്നോട് സംസാരിക്കാതിരുന്നതെന്ന് ഡ്രൈവറോട് ചോദിച്ചപ്പോൾ ‘ഞാൻ നിങ്ങളെ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുവന്നതിൽ സന്തോഷിക്കൂ’ എന്നായിരുന്നു ഡ്രൈവറുടെ മറുപടി.

നിങ്ങളെപ്പോലെയുള്ളവർ രാജ്യം കത്തിക്കുമെന്ന് ഡ്രൈവർ പറഞ്ഞതായി ബപ്പാദിത്യ പറഞ്ഞു. അതേസമയം ഫോൺ സംഭാഷണം പരിശോധിക്കണമെന്നും താൻ എന്താണ് മോശമായി സംസാരിച്ചതെന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് സമ്മതിച്ചില്ലെന്നും ബപ്പാദിത്യ പറഞ്ഞു. പിന്നീട് അർധരാത്രി ഒരു മണിയോടെ മറ്റൊരു അവകാശ പ്രവർത്തകനായ എസ് ഗോഹിൽ വന്നതിനുശേഷമാണ് ബപ്പാദിത്യയെ പൊലീസ് വിട്ടയച്ചത്. എന്നാൽ ഉബർ ഡ്രൈവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

Eng­lish sum­ma­ry: com­mu­nist arrest him

you may also like this video