Web Desk

December 31, 2019, 10:40 pm

പിറന്ന മണ്ണിൽ കമ്മ്യൂണിസ്റ്റ് മഹാസമ്മേളനം

Janayugom Online

പിണറായി(കണ്ണൂര്‍): തൊഴിലാളികളുടെയും കര്‍ഷകരുടെയും പോരാട്ടങ്ങള്‍ക്ക് ദിശാബോധം പകര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ പിറന്നുവീണ നാട്ടില്‍ പുതിയ പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് കമ്മ്യൂണിസ്റ്റ് സമ്മേളനം.

ജന്മിമാരുടെയും ബ്രിട്ടീഷുകാരുടെയും പാദങ്ങള്‍ക്കടിയില്‍, ചവിട്ടിമെതിക്കപ്പെട്ട പാവപ്പെട്ടവരുടെ ജീവനും ജീവിതത്തിനും വേണ്ടി പോരാട്ടം നയിച്ച് സമരഭൂമിയില്‍ പിടഞ്ഞുവീഴുകയും തൂക്കിലേറ്റപ്പെടുകയും തീയുണ്ട നെഞ്ചിലേറ്റുവാങ്ങുകയും ചെയ്തവരുടെ പിന്‍തലമുറ, പുതിയ കാലത്തെ നാടുവാഴികളുടെ ജനവിരുദ്ധ‑രാജ്യവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്ന ഉച്ചത്തിലുള്ള പ്രഖ്യാപനമായി അത് മാറി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകം രൂപീകരിച്ചതിന്റെ എണ്‍പതാം വാര്‍ഷികാഘോഷവും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും പണ്ഡിതനുമായിരുന്ന എന്‍ ഇ ബാലറാമിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനവും പിണറായിയില്‍ നടന്നപ്പോള്‍ പാര്‍ട്ടിയുടെ വര്‍ദ്ധിച്ച കരുത്തിന്റെ നേര്‍സാക്ഷ്യമായിരുന്നു യുവാക്കളും സ്ത്രീകളുമടങ്ങുന്ന വലിയ ജനക്കൂട്ടം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം എംപി, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രൻ എന്നിവർക്കൊപ്പം ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കനയ്യകുമാറും ചേര്‍ന്നപ്പോള്‍ പൗരത്വ നിയമഭേദഗതിയുള്‍പ്പെടെ നടത്തി രാജ്യത്തെ വിഭജിച്ചും വഴിതെറ്റിച്ചും ഭരിക്കുന്ന സംഘപരിവാറിനെതിരെയുള്ള ശക്തമായ പ്രതിരോധത്തിന്റെ പടയൊരുക്കമായി സമ്മേളനം മാറി.

സിപിഐ ജില്ല സെക്രട്ടറി അഡ്വ. പി സന്തോഷ്‌കുമാര്‍ അധ്യക്ഷനായി. സംസ്ഥാന അസി. സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ്ബാബു, സത്യന്‍ മൊകേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ സി എന്‍ ചന്ദ്രന്‍, സി പി മുരളി, കാസര്‍കോട് ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സി പി സന്തോഷ്‌കുമാര്‍, സി പി ഷൈജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അലിഗഡ് മുസ്ലീം യുണിവേഴ്സിറ്റിയിലെ എഐഎസ്എഫ് നേതാക്കളായ സിദ്ധാന്ത്, വിലായത്ത് അലി, മുഹമ്മദ് മുഫ്താഖ് അഹമ്മദ് എന്നിവരും സംബന്ധിച്ചു. സമ്മേളനത്തിന് മുന്നോടിയായി പാറപ്രത്ത് നിന്ന് പതാക ജാഥ ആരംഭിച്ചു. യുവജന‑വിദ്യാര്‍ത്ഥി-മഹിളാസംഘം നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പതാകജാഥയിലും നൂറുകണക്കിനാളുകള്‍ അണിനിരന്നു.

Eng­lish sum­ma­ry: Com­mu­nist convention

‘you may also like this video’