March 21, 2023 Tuesday

തിളച്ച മണ്ണിലെ കമ്മ്യൂണിസ്റ്റ് എഴുത്തിന്റെ മഹാകാവ്യവും

Janayugom Webdesk
March 15, 2020 4:30 am

പ്രക്ഷുബ്ധമായ കാലത്താണ് പുതുശ്ശേരി രാമചന്ദ്രൻ ജീവിച്ചത്. ആ പ്രക്ഷുബ്ധാവസ്ഥ പരുവപ്പെടുത്തിയ സ്വന്തം ജീവിതത്തെ അദ്ദേഹം ഹൃദയപക്ഷമായ ഇടതുപക്ഷത്ത്, കമ്മ്യൂണിസ്റ്റ് പക്ഷത്ത് നിലയുറപ്പിച്ചു. വിദ്യാർത്ഥി യുവജന കാലത്ത് വിദ്യാർത്ഥി — യുവജന സംഘടനകളുടെ പോരാളിയായിരുന്നു അദ്ദേഹം. പിന്നീട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. അധ്യാപക ജീവിതത്തിലും കവിതകളിലും മറ്റ് രചനകളിലും ആ കമ്മ്യൂണിസ്റ്റ് പക്ഷപാതിത്തം തുടർന്ന അദ്ദേഹത്തിന്റെ കവിതകളുൾപ്പെടെയുള്ള എഴുത്തുകളുമെല്ലാം അധഃസ്ഥിത ജീവിതത്തെക്കുറിച്ചാണ് ആവുന്നത്ര ഉച്ചത്തിൽ വിലിച്ചുപറഞ്ഞത്. 11 കവിതാസമാഹാരങ്ങളും അഞ്ച് വിവർത്തനങ്ങളും രണ്ട് ഗദ്യ കൃതികളും പ്രസിദ്ധമായ കണ്ണശ്ശരാമായണം (ബാലകാണ്ഡം) ഉൾപ്പടെ ഒമ്പത് വ്യാഖ്യാനങ്ങളുമാണ് പുതുശ്ശേരിയുടെ സൃഷ്ടികളായി മലയാളികൾക്ക് അനുഭവവേദ്യമായിട്ടുള്ളത്. ഇംഗ്ലീഷിൽ രണ്ട് കൃതികൾ രചിച്ചു. ഹിന്ദിയിലേയ്ക്ക് പുതുശ്ശേരി കീ കവിത വിവർത്തനം ചെയ്യപ്പെട്ടു.

പുതുശ്ശേരിയെക്കുറിച്ച് കവിത- കാലത്തിന്റെ സാക്ഷി (1998) എന്നപേരിൽ കറന്റ് ബുക്സും കരുത്തിന്റെ മൊഴിത്തോറ്റം (2016) കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രാമീണഗായകൻ (1948), ആവുന്നത്ര ഉച്ചത്തിൽ (1955), പുതിയ കൊല്ലനും പുതിയൊരാലയും(1960), ശക്തിപൂജ(1965), അകലുംതോറും (1971), ആഗ്നേയ സ്വാഹാ (1988), എന്റെ സ്വാതന്ത്ര്യ സമരകവിതകൾ (1997), ഉത്സവബലി (1998), എന്റെ സ്വാതന്ത്ര്യ സമരകവിതകൾ (1997), ഉത്സവബലി (1998), ഈ വീട്ടിൽ ആരുമില്ലേ ? (2003), പുതുശ്ശേരി കവിതകൾ (2008) എന്നിവയാണ് കവിതാ സമാഹാരങ്ങൾ. മീഡിയ (1965), ചരമഗീതം — അന്ന അഹ്മത്തോവയുടെ കവിതകൾ (1989), ആഫ്രിക്കൻ കവിതകൾ (1990), പെരുമാൾ തിരുമൊഴി (2001), ആഫ്രിക്കൻ — റഷ്യൻ കവിതകൾ (2011) എന്നിവയാണ് വിവർത്തനം ചെയ്യപ്പെട്ടവ. തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ (2010), ഈ മണ്ണിൽ ഇവരോടൊപ്പം — അനുസ്മരണങ്ങൾ (2011) ഇവയാണ് ഗദ്യകൃതികൾ.

വ്യാഖ്യാനം, പ്രസാധനം നടത്തിയ കണ്ണശ്ശരാമായണം (ബാലകാണ്ഡം) 1967ൽ പുറത്തിറങ്ങി. തുടർന്ന് കണ്ണശ്ശ രാമായണത്തിലെ യുദ്ധകാണ്ഡം (1971), കിഷ്കിന്ധാരാണ്ഡം (1983), സുന്ദരകാണ്ഡം (1985), ആരണ്യകാണ്ഡം (1987) എന്നിവയും പ്രസിദ്ധീകരിച്ചു. കേരള പാണിനീയ വമർശനം (1981), കേരള പാണിനീയം മലയാള വ്യാകരണം (1986), പ്രാചീന മലയാളം — ശാസന മാതൃകകൾ (1981), കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ — ശാസന പഠനം (2007) എന്നിവയും പ്രസിദ്ധീകരിച്ചു. ഇംഗ്ലീഷ് കൃതികളായ ലാംഗേജ് ഓഫ് മിഡിൽ മലയാളം (1973), എഫ് ഡബ്ല്യൂ ഇല്ലിസ് ഓൺ മലയാളം ലാംഗേജ് (2011) പ്രസിദ്ധീകരിച്ചപ്പോൾ 2003ൽ കവിയൂർ ശിവരാമയ്യർ ഹിന്ദിയിലേക്ക് പുതുശ്ശേരി കീ കവിത എന്ന പേരിൽ പുതുശ്ശേരി കൃതികൾ വിവർത്തനം ചെയ്തു.

പുരസ്കാരങ്ങളുടെ നെറുകയിൽ

ലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയ പുതുശ്ശേരി രാമചന്ദ്രന് കേന്ദ്ര സാഹിത്യ അക്കാഡി അവാർഡ് അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2005ൽ പെരുമാൾ തിരുമൊഴി മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിന് കേന്ദ്രസാഹിത്യ അക്കാഡമി പുരസ്ക്കാരം ലഭിച്ചു. 2011 ൽ കേന്ദ്ര സാഹിത്യ അക്കാഡമിയുടെ ഭാഷാ പഠനത്തിനുള്ള സർവ്വോന്നത പുരസ്ക്കാരമായ ഭാഷ സമ്മാനും പുതുശ്ശേരിയെ തേടിയെത്തി. സംസ്ഥാന സർക്കാരിന്റെ സമഗ്ര സംഭാവനയ്ക്കുള്ള എഴുത്തച്ഛൻ പുരസ്ക്കാരം 2015ൽ ലഭിച്ചു. കേരള സാഹിത്യ അക്കാഡമി അവാർഡ് (1999), 2016 ലെ തോപ്പിൽ ഭാസി പുരസ്ക്കാരം, ടി എ മജീദ്, പി ടി ഭാസ്ക്കരപണിക്കർ, കെ ദാമോദരൻ, കൊളാടി ഗോവിന്ദന്‍കുട്ടി, ജി കാർത്തികേയൻ, കെ സി പിള്ള, ഗുപ്തൻനായർ തുടങ്ങിയവരുടെ സ്മരണയ്ക്കുള്ള അവാർഡുകൾ ഉൾപ്പടെ നാൽപത്തഞ്ചോളം പുരസ്ക്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.