March 21, 2023 Tuesday

Related news

March 21, 2023
March 15, 2023
March 14, 2023
March 13, 2023
March 10, 2023
March 3, 2023
March 2, 2023
March 1, 2023
February 28, 2023
February 21, 2023

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം: ഭാവിയിലേക്കുള്ള വഴികൾ

അ‍ഡ്വ. പി സന്തോഷ് കുമാര്‍
February 11, 2022 5:30 am

സേലം ജയിൽ രക്തസാക്ഷിത്വത്തിന്റെ ഒരു ഓർമദിനം കൂടി കടന്നുപോവുകയാണ്. അതുപോലുള്ള നിരവധി രക്തസാക്ഷിത്വങ്ങളുടെയും വിവരണാതീതമായ ത്യാഗങ്ങളുടെയും സ്മരണ ഓരോ കമ്മ്യൂണിസ്റ്റുകാരനും നെഞ്ചേറ്റുന്നുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ ശതാബ്ദി ആഘോഷിക്കാൻ ഇനി നാല് വർഷത്തിൽ കുറഞ്ഞ കാലയളവ് മാത്രമേയുള്ളൂ. സിപിഐയുടെ രൂപീകരണം എല്ലാ അർത്ഥത്തിലും ഇന്ത്യൻ രാഷ്ട്രീയചരിത്രത്തിലെ ഒരു അനിവാര്യതയായിരുന്നു. ലോകത്തെ മുഴുവൻ ആവേശം കൊള്ളിച്ച ഒരു ആശയത്തിന്റെ ഇന്ത്യൻ സാക്ഷാത്ക്കാരം കൂടിയായിരുന്നു അത്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണ പാരമ്പര്യമുള്ള നേതാക്കളും, ബുദ്ധിജീവികളും, സാമൂഹ്യപ്രവർത്തകരും, തൊഴിലാളിനേതാക്കളും ചേർന്നിട്ടാണ്, 1925 ഡിസംബർ 26ന് കാണ്‍പൂരിൽവച്ച് സിപിഐ രൂപീകരിച്ചത്. എസ് വി ഘാട്ടെ ആയിരുന്നു സിപിഐയുടെ ആദ്യ ജനറൽ സെക്രട്ടറി. അന്ന് മുതൽ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമല്ല, മാതൃസംഘടനയിൽ നിന്ന് വഴി പിരിഞ്ഞുപോയ ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസ്റ്റ് പാർട്ടികളും നാലു പതിറ്റാണ്ടോളം ഈയൊരു ദിവസം തന്നെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകദിനമായി ആചരിച്ചു പോന്നിരുന്നത്. ഒരു രാഷ്ട്രീയപാർട്ടി എന്ന നിലയിലും, ഒരു ചിന്താപദ്ധതി എന്ന നിലയിലും കമ്മ്യൂണിസ്റ്റ് പാർട്ടി ആധുനിക ഇന്ത്യയുടെ സമഗ്രചരിത്രത്തിലും സാമൂഹ്യ വികാസത്തിലും നയരൂപീകരണത്തിലും നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി, അതിന്റെ സംഘടനാരൂപത്തിന് ഒപ്പം തന്നെ മഹത്തായ ഒരു ആശയവും, പ്രതീക്ഷയും കൂടിയാണ്. ഭാരതീയതക്ക് അനുസൃതമായ ഒരു ആശയം. ഓരോ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും അത് നിലനിൽക്കുന്ന ദേശത്തിന്റെ സാമൂഹ്യ‑സാംസ്കാരിക ചരിത്രവുമായി സംവേദനം ചെയ്യുന്ന ഒരു പ്രായോഗിക രൂപമുണ്ടാകും. ആ അർത്ഥത്തിൽ, പൂർണമായും ഇന്ത്യനൈസേഷൻ സംഭവിച്ച, ഇന്ത്യൻ സാമൂഹ്യഭൂമികയുടെ അനന്യതയുമായി നീതിപുലർത്തുന്ന, ജനാധിപത്യ സ്വഭാവമുള്ള ഭരണഘടനയും സംഘടനാസംവിധാനവും, പരിപാടിയുമാണ് സിപിഐക്ക് ഉള്ളത്. തുടക്കം മുതൽ ഇന്നുവരെ ദേശീയ സ്വാതന്ത്ര്യസമരത്തിലും, തൊഴിലാളി- കർഷക പ്രസ്ഥാനങ്ങളിലും നേതൃത്വം വഹിക്കുക മാത്രമല്ല വർഗീയതക്കും, വിഘടനവാദങ്ങൾക്കും, മുതലാളിത്തചൂഷണത്തിനും എതിരായ സമരങ്ങളിലും, മനുഷ്യരുടെ ജീവൽപ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന പ്രസ്ഥാനം ആണ് സിപിഐ എന്നത് അവിതർക്കിതമായ വസ്തുതയാണ്. സമകാലിക ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സിപിഐ, ഒരു വലിയ ശക്തി അല്ലെങ്കിലും, ഒരു ജനകീയഭാവന എന്ന നിലയിലും ആശയമെന്ന നിലയിലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യയിൽ ഇപ്പോഴും സ്വാധീനമുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ജനകീയരും, നിസ്വാർത്ഥവും സർവതലസ്പര്‍ശിയുമായ പ്രവർത്തനം നടത്തുന്നവരുമായ കേഡർമാർ കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഉണ്ടാക്കിക്കൊടുക്കുന്ന സ്വീകാര്യത ചെറുതല്ല. അതുകൊണ്ടുതന്നെ, ധാരാളം ആളുകൾ ഇപ്പോഴും പാർട്ടിയിലേക്ക് കടന്നുവരുന്നുണ്ട്. ഈ ലേഖകന്റെ ജില്ലയിൽ അടക്കം മുന്‍കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റു പാർട്ടികളിൽ നിന്നും സജീവപ്രവർത്തകരും നേതാക്കളും സിപിഐയിൽ ചേരാൻ സന്നദ്ധരായി മുന്നോട്ടു വന്നത് യാതൊരു വിധത്തിലുള്ള ഉപാധികളും അധികാരമോഹവും ഇല്ലാതെയായിരുന്നു. ഈയൊരു വസ്തുത അംഗീകരിക്കുമ്പോൾകൂടി പുതിയ കാലത്തിനും, ഭാവനകൾക്കും, അനുസരിച്ച് കമ്മ്യുണിസ്റ്റ് പാർട്ടി കൂടുതൽ നവീകരിക്കപ്പെടുകയും, സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് പൊതുസമൂഹവുമായി കൂടുതൽ സംവദിക്കുകയും ചെയ്യേണ്ടത് നമ്മുടെ ഭാവിക്ക് ഏറ്റവും അനിവാര്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ഉള്ള ചൈനയിലായാലും ഇന്ത്യയിൽ ആയാലും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗസംഖ്യക്ക് പരിമിതികളുണ്ട്. ഈ അംഗങ്ങളും, വർഗബഹുജന സംഘടനകളും, പാർട്ടിയുടെ ഔദ്യോഗിക സംഘടനാരൂപവുമാണ് നമ്മുടെ അടിസ്ഥാന മൂലധനം. എങ്കിലും, ആധുനികകാലത്ത് ഇതുകൊണ്ട് മാത്രം ജനമനസുകളെ സ്വാധീനിക്കാൻ നമുക്ക് കഴിയില്ല. എല്ലാവരെയും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ആക്കുന്നതല്ല അതിന് പരിഹാരം. പകരം, നമ്മുടെ പ്രവർത്തനമണ്ഡലം കുറേക്കൂടി വിശാലമാക്കുകയും, നമുക്കറിയാത്ത വഴികളിലൂടെ സഞ്ചരിക്കാൻ പരിശ്രമിക്കുകയും, ഏറ്റെടുക്കുന്ന വിഷയങ്ങളും സമീപനങ്ങളും വിപുലമാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. അങ്ങനെയുള്ള ഒരു ജനകീയപ്രസ്ഥാനമായി സംഘടനയെ പരിവർത്തനപ്പെടുത്തണമെങ്കിൽ അതിന് ആഭ്യന്തരമായ തയ്യാറെടുപ്പുകൾ ആവശ്യമാണ്. ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ രാഷ്ട്രീയപാർട്ടികൾ സമർത്ഥമായി ഉപയോഗിക്കുന്ന ഇക്കാലത്ത് അത്തരം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു രീതി ഇനിയും കൂടുതലായി കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തേണ്ടതുണ്ട്. എന്തായിരിക്കണം ഇക്കാര്യത്തിൽ നമ്മുടെ കാഴ്ചപ്പാട്? കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണമായും ജനങ്ങളുടെ പ്രസ്ഥാനമാണ്. പാർട്ടിയുടെ നേതാക്കൾ ഒരു പ്രത്യേക കാലയളവിൽ മാത്രം പാർട്ടിയെ നയിക്കാൻ ചുമതലപ്പെട്ടവർ ആണ്. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ആകർഷിതരായി വരുന്ന ജനങ്ങളെ സർവാത്മനാ സ്വീകരിക്കുകയും അവരുടെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്തുകയും ചെയ്യുകയും, അങ്ങനെ ബഹുജനങ്ങൾ പാർട്ടിയിലേക്ക് ഒഴുകിവരുന്ന സാഹചര്യത്തിലേക്ക്, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമീപനവും പ്രവർത്തനവും പരുവപ്പെടുത്തുകയുമാണ് നമ്മൾ ചെയ്യേണ്ടത്. ജനങ്ങളുടെ പ്രസ്ഥാനമായി മാറുമ്പോൾ, പരിമിതികളില്ലാതെ വിവിധ ആശയങ്ങൾ എല്ലാവരിൽ നിന്നും സ്വീകരിക്കാനും, മാർക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ‘ബഹുസ്വരമായ’ പ്രയോഗരീതി ഉറപ്പു വരുത്താനും കഴിയും. പ്രധാനമായും, അഞ്ചു കാര്യങ്ങളിൽ ആണ് നമ്മൾ ഊന്നൽ കൊടുക്കേണ്ടത് എന്ന് തോന്നുന്നു. ഒന്നാമതായി, കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെയും, ആ ആശയങ്ങളുടെ കാലികപ്രസക്തിയേയും പൊതുസമൂഹത്തിന്റെ സമസ്ത മണ്ഡലങ്ങളിലും പരമാവധി എത്തിക്കുകയും, എല്ലാ തട്ടിലും ഉള്ള മനുഷ്യരുമായി സംവേദനം സാധ്യമാക്കുകയും ചെയുക എന്നതാണ്. അതിനു ഏറ്റവും ആധുനികമായ വാർത്താവിനിമയ സംവിധാനങ്ങളെ നമുക്ക് കലവറയില്ലാതെ ഉപയോഗപ്പെടുത്താൻ സാധിക്കണം. പാർട്ടിയെ വിമർശിക്കുന്നവരേയും എതിർക്കുന്നവരേയും കൂടി ഉൾക്കൊള്ളുന്ന വിധത്തിൽ പാർട്ടിയുടെ സംവാദാത്മകത വിശാലമാകണം.


ഇതുകൂടി വായിക്കാം; പുതിയൊരിന്ത്യക്കായി പോരാട്ടം തുടരാം


ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിനകത്ത് ഇടതുപക്ഷ ദേശീയഭാവന ആയി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അവതരിപ്പിക്കാൻ പറ്റുന്ന ഏറ്റവും സമഗ്രമായ പരിപാടിയാണ് സിപിഐയുടേത്. നിരവധി ചർച്ചകൾക്ക് ശേഷം അംഗീകരിക്കപ്പെട്ട പാർട്ടി പരിപാടി, ഇന്ത്യയിലെ നിലനിൽക്കുന്ന സാമൂഹ്യസാമ്പത്തിക പരിസരത്തെയും, സാംസ്കാരികഘടനയേയും, ഭരണകൂടത്തിന്റെ സ്വഭാവത്തെയും, ഇന്ത്യയുടെ ബഹുസ്വര ചരിത്ര പാരമ്പര്യത്തെയും ഒക്കെ വിലയിരുത്തിക്കൊണ്ടുള്ള ബൃഹത്തായ കര്‍മ്മപദ്ധതിയാണ്. പാർട്ടിയുടെ പാരമ്പര്യം, പാർട്ടി നടത്തിയ സമരങ്ങളിലുള്ള വിശ്വാസം, ജനങ്ങളോടുള്ള പ്രതിബദ്ധത എന്നതിനോടൊപ്പം പാർട്ടിപരിപാടിയും കൂടിയാണ് പാർട്ടിപ്രവർത്തകരെ ചേർത്തുനിർത്തുന്ന ബലവത്തായ കണ്ണി. അതുകൊണ്ട് തന്നെ, പാർട്ടി പരിപാടി ജനങ്ങളിൽ പരമാവധി എത്തിക്കണം. ആ പ്രവർത്തനങ്ങൾ സ്ഥായിയായതും, സർവതല സ്പർശിയും, നിരന്തരം സ്വയം വിമർശനാത്മകമായി നവീകരിക്കപ്പെടുന്നതും ആയിരിക്കണം. അതിനുള്ള പൊളിറ്റിക്കൽ പ്രാക്ടീസ് ആയിരിക്കണം തൊണ്ണൂറ്റി ആറു വർഷം പിന്നിടുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ പ്രാഥമികമായ കർത്തവ്യം. രണ്ടാമത്തെ കാര്യം, പുതിയ കാലത്തിന്റെ പരിഗണനയിൽ നിർബന്ധമായി വരേണ്ട പ്രശ്നങ്ങളെ ഒരു പരിധിവരെ കമ്മ്യൂണിസ്റ്റ് പാർട്ടി ഉൾക്കൊള്ളുന്നുണ്ടെങ്കിലും, അത് കുറേക്കൂടി. വ്യക്തമായി അഭിസംബോധന ചെയുന്ന വിധത്തിൽ നമ്മുടെ പ്രവർത്തനമണ്ഡലം തുറന്നിടുന്നതാണ്. ആദിവാസി-ദളിത് മനുഷ്യാവകാശ പ്രശ്നങ്ങൾ, പരിസ്ഥിതിയും വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, നിയോലിബറൽ മൂലധനത്തിന്റെ വ്യാപനം, ഭിന്ന ലൈംഗികതയുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങൾ തുടങ്ങിയ മേഖലകളിൽ ഉയർന്നുവരുന്ന പുതിയ ചിന്തകളും സമീപനങ്ങളും കൂടി ഉൾക്കൊള്ളുന്ന വിധത്തിൽ ഉള്ള ആശയവിനിമയക്ഷമത നമ്മൾ കൈവരിക്കേണ്ടതുണ്ട്. മൂന്നാമത്തെ കാര്യം, മതഫാസിസത്തെ നേരിടാനുള്ള പ്രായോഗിക സമീപനം വളർത്തിയെടുക്കുക എന്നുള്ളതാണ്. ഒരു വശത്ത് മതങ്ങൾക്കും ജാതികൾക്കും അതീതമായ ബഹുസ്വര സംവാദസ്ഥലികൾ പൊതുമണ്ഡലത്തിൽ വളർത്തിയെടുക്കുമ്പോൾ തന്നെ, മറുവശത്ത് മതവിശ്വാസികളുമായി നിരന്തരം സംവദിക്കുകയും മതത്തിനകത്തെ പുരോഗമനധാരകളെ ശക്തിപ്പെടുത്തുകയും വേണം. അല്ലാതെ, ഭൂരിപക്ഷം വരുന്ന വിശ്വാസികളെ പാടെ തള്ളിക്കളഞ്ഞുകൊണ്ടുള്ള ഒരു സമീപനം മതബോധം രൂഢമൂലമായിരിക്കുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമല്ല. ബുദ്ധനും, നാരായണഗുരുവും, ഗാന്ധിജിയും, ഒക്കെ മുന്നോട്ടുവച്ച മതത്തിനകത്തെ ധാർമികതയുടെ വീണ്ടെടുപ്പും അംബേദ്കറും, ഫൂലെയും രാമസ്വാമി നായ്ക്കരും പിൻപറ്റിയ ജാതിവിരുദ്ധസമീപനവും ഒക്കെ ചർച്ചചെയ്യപ്പെടുന്ന വിധത്തിൽ ഉള്ള സാംസ്കാരിക ഇടപെടലുകൾ കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തണം. മതവിശ്വാസത്തിന് പ്രാമുഖ്യമുള്ള രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇത്തരം രീതികൾ തന്നെയാണ് പിന്തുടരുന്നത്. നാലാമത്തെ കാര്യം, കമ്മ്യൂണിസ്റ്റ് ജീവിതവീക്ഷണവും സാംസ്കാരികമൂല്യങ്ങളും പൊതുവിൽ പുലർത്തുന്നവർ ആണ് സിപിഐ പ്രവർത്തകർ എങ്കിലും; ഒരുവശത്ത് സംഘപരിവാറിന്റെ സാംസ്കാരിക അധിനിവേശം നമ്മുടെ എല്ലാ സത്പാരമ്പര്യങ്ങളേയും ഇല്ലാതാക്കുകയും, മറുവശത്ത് അതിനെ നേരിടാൻ എന്ന വ്യാജേന മറ്റു മതസംഘടനകൾ അവരുടെ സങ്കേതങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുമ്പോൾ, ഈ രണ്ടു ധാരകളും പരസ്പരം സഹായിക്കുന്നവർ ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നമ്മൾ ഇടതുപക്ഷ സാംസ്കാരിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രമല്ല ഇത്തരം സ്വാധീനം കടന്നുവരുന്നത്. സാമൂഹ്യ‑സാംസ്കാരികമണ്ഡലങ്ങളിൽ കൂടിയാണ്. അതുകൊണ്ട്, തികച്ചും ഇടതുപക്ഷവും മതേതരവുമായ ധാരണ ഓരോരുത്തരും സ്വായത്തമാക്കുകയും ആ മാനവീക ലോകബോധം നമുക്ക് സാധ്യമായ എല്ലാ ഇടങ്ങളിലും പ്രസരിപ്പിക്കുകയും വേണം. കമ്മ്യൂണിസ്റ്റ് പാർട്ടി ഒരു ജനകീയപ്രസ്ഥാനമാണെന്ന ഉറച്ച ബോധ്യത്തോടെ ജനങ്ങളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളിലും നേരിട്ട് ഇടപെടാൻ ഒരു പാർട്ടിപ്രവർത്തകൻ തയ്യാറാകണം. ഓരോ വീട്ടിലും, ഓരോ ഗ്രാമത്തിലും സിപിഐ പ്രവർത്തകർ മനുഷ്യരുടെ പ്രതീക്ഷയും വഴികാട്ടിയും ആകണം. അഞ്ചാമത്തെ കാര്യം, നമ്മുടെ ഭാവിയിൽ പ്രതീക്ഷ കൈവിടാതിരിക്കുക എന്നതാണ്. ഇന്ത്യൻ ജനതയുടെ പ്രതീക്ഷകളുടെ രാഷ്ട്രീയരൂപമാണ് സിപിഐ എന്ന ബോധം നമുക്ക് ഉണ്ടാകണം. നേരത്തെ സൂചിപ്പിച്ചതുപോലെ, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരാജയങ്ങൾ ശുഭാപ്തിവിശ്വാസത്തെ ബാധിക്കരുത്. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് സാമൂഹ്യലക്ഷ്യങ്ങൾ ഇല്ലാതായാൽ, അവർ ഉൾവലിഞ്ഞാൽ അത് ശക്തി പകരുന്നത് സംഘപരിവാർ ഫാസിസത്തെയാണ്. കാരണം, അവരുടെ ചിന്താപദ്ധതിയുടെ നേർവിപരീതമാണ് കമ്മ്യൂണിസ്റ്റ്പ്രത്യയശാസ്ത്രം. എല്ലാ പ്രതിസന്ധികളെയും മറികടന്നുകൊണ്ട് ഒരു വിശാലമായ മതേതര- ദേശിയ കമ്മ്യൂണിസ്റ്റ് പ്ലാറ്റ്ഫോം ഉണ്ടാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിൽ നിന്ന് നമ്മൾ ഒരിക്കലും പുറകോട്ടു പോകരുത്. ചുരുക്കത്തിൽ, കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇടതുപക്ഷ രാഷ്ട്രീയത്തിനും ഇന്ത്യയിൽ പൊതുവായുള്ള സ്വീകാര്യതയെ ആധുനിക വാർത്താവിനിമയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ത്യയിലെ ഒരു ജനകീയബദൽ നരേട്ടീവ് ആക്കി മാറ്റാനാണ് നമ്മൾ ശ്രമിക്കേണ്ടത്. മറ്റു രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വിജയത്തിൽ നിന്നും പരാജയത്തിൽ നിന്നും നമുക്ക് പാഠങ്ങൾ പഠിക്കാനുണ്ട്. അതേസമയം, വിദേശരാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ പ്രവര്‍ത്തനരീതികളെ അതേപോലെ യാന്ത്രികമായി അനുകരിക്കാൻ നമുക്കാവില്ല. അലൻഡേയുടെ കൊച്ചുമകൾ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത് ചരിത്രത്തിന്റെ കാവ്യനീതി എന്ന നിലയിൽ നമ്മെ ആവേശം കൊള്ളിക്കുന്നുണ്ടെങ്കിലും ചിലിയിലെ ഭൗതിക‑സാമൂഹ്യ സാഹചര്യമല്ല ഇന്ത്യയിൽ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതു പരിപാടിയും ഫലപ്രദമാകണമെങ്കിൽ അത് ബാധിക്കുന്ന സമൂഹത്തെക്കൂടി നമ്മൾ അറിയുകയും, കേൾക്കുകയും വേണം. പാർട്ടി മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളെയും പ്രവർത്തനരീതികളെയും പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിൽ ഉള്ള സംവേദനക്ഷമമായ ഒരു ഭാഷയും ശൈലിയും കമ്മ്യുണിസ്റ്റ് പാർട്ടി ഇനിയും ഏറെ സ്വായത്തമാക്കേണ്ടിയിരിക്കുന്നു. വർഗീയതയെയും, ഭൂരിപക്ഷ ദേശിയതയേയും, ഭരണകൂട ഫാസിസത്തെയും, നിയോ ലിബറൽ ചൂഷണത്തെയും ഒരുപോലെ നേരിടേണ്ടത് ഒരു ബദൽ ഇടതുപക്ഷ ദേശിയത ഉയർത്തിക്കാട്ടിക്കൊണ്ട് ആയിരിക്കണം. ആ ബദൽ ‘ബഹുസ്വര ഇടതുപക്ഷ ദേശിയതയെ’ നിർവചിക്കാൻ പര്യാപ്തമായ പാർട്ടി ആണ് സിപിഐ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.