25 April 2024, Thursday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

മതേതരത്വം ഉയർത്തിപ്പിടിക്കുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധിക്കണം: കാനം

Janayugom Webdesk
കണ്ണൂർ
September 21, 2021 8:17 pm

മതത്തിന്റെ പേരിൽ മനുഷ്യരെ വേർതിരിക്കുകയെന്നത് അതിശക്തമായി ആർഎസ്എസ് നടപ്പിലാക്കി കൊണ്ടിരിക്കുമ്പോൾ മതേതരത്വം ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സാധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ കണ്ണൂർ മേഖലാ പ്രവർത്തകയോഗം കണ്ണൂർ ശിക്ഷക് സദനത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹുമാന്യരായ മതമേലധ്യക്ഷൻമാർ ഇത് തിരിച്ചറിയാതെ അവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുകയാണ്. കേരളത്തിലുള്ളവർ പുരോഗമനവാദികളാണെന്ന് പറഞ്ഞാലും ഏറ്റവുമൊടുവിൽ പാലാ ബിഷപ്പിന്റെ പ്രസ്താവനയോടെ പലരുടെയും മനസ്സിൽ ജാതി വലിയ വിഷയം തന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. 

ആ വിഷയം ചർച്ച ചെയ്ത് വഷളാക്കിയിരിക്കുകയാണ്. നമ്മൾ വീണ്ടും കേരളത്തെ ഭ്രാന്താലയമാക്കേണ്ടതുണ്ടോയെന്നും ജാതിയുടെ പേരിൽ ശക്തമായി മനുഷ്യരെ വേർതിരിക്കുന്ന സാഹചര്യം ഉണ്ടാക്കേണ്ടതുണ്ടോയെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. ആരും തന്നെ അത്തരമൊരു വേർതിരിവ് ഇഷ്ടപ്പെടില്ല. അത് ആഗ്രഹിക്കുന്നത് ആർ എസ് എസുകാരാണ്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. ഇപ്പോൾ അവർക്ക് ഒരു ലക്ഷ്യം കൂടിയുണ്ട്. കേരളത്തിലെ ന്യൂനപക്ഷത്തെ പരസ്പരം തമ്മില്‍ത്തല്ലിച്ച് നേട്ടമുണ്ടാക്കുക എന്നതാണെന്നും കാനം പറഞ്ഞു.

കേരളത്തിൽ ന്യൂനപക്ഷം വിഭാഗങ്ങള്‍ മതനിരപേക്ഷതയ്ക്ക് വേണ്ടി എൽ ഡി എഫിന് വോട്ട് ചെയ്തു. എൽ ‍ഡി എഫുയർത്തിയ മതനിരപേക്ഷ നിലപാടുകൾ ശരിയാണെന്നുള്ളത് തിരിച്ചറിഞ്ഞത് കൊണ്ടാണ് അവർ അങ്ങനെ ചെയ്തത്. അല്ലാതെ അവർക്ക് പ്രത്യേക ആനുകൂല്യം നൽകിയത് കൊണ്ടല്ല. അവരുടെ സംരക്ഷണത്തിന് കൂടിയുള്ള നിലപാടുകൾ എൽ ഡി എഫ് സ്വീകരിക്കുന്നുവെന്ന് മനസ്സിലാക്കിയത് കൊണ്ടാണ്. ഇതുകണ്ട് വിറളിപൂണ്ട ആർ എസ് എസുകാർ ഈ ഐക്യം എങ്ങനെ തകർക്കാമെന്ന് പറഞ്ഞ് നീക്കം നടത്തുകയാണ്. ഇതറിയാതെ മതമേലധ്യക്ഷൻമാർ മുന്നോട്ട് പോകുകയാണ്. ഏറ്റവുമൊടുവിൽ അത് തിരിച്ചറിയാൻ എന്തായാലും അവർക്ക് സാധിക്കും. 

മതേതരത്വം ഉയർത്തിപ്പിടിക്കാൻ കഴിയുന്ന സാഹചര്യം കേരളത്തിലെ സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയണം. കമ്മ്യൂണിസ്റ്റ് പാർട്ടി അതിന് വേണ്ടി ശ്രമിക്കണം. അതായിരിക്കണം ലക്ഷ്യം. നമ്മളെ തുറിച്ച് നോക്കുന്ന വെല്ലുവിളികളെ യാഥാർത്ഥ്യബോധത്തോടെ തിരിച്ചറിഞ്ഞ് അതിനെ മറിക്കടന്നാൽ മാത്രമെ ഈ ജനങ്ങളുടെ ഐക്യം നിലനിർത്തി മുന്നോട്ട് കൊണ്ടുപോവാൻ കഴിയുകയുള്ളു. എങ്ങനെ കേരളത്തെ ദുർബലപ്പെടുത്താമെന്ന ചിന്തയിലാണ് കേന്ദ്രം. ഇന്ത്യയിൽ കേന്ദ്രത്തിന്റെ നിലപാടുകൾക്ക് ബദലുയർത്തുന്നത് കേരളമാണ്. അത് കൊണ്ട് സൂക്ഷ്മമായി പരിശോധിച്ചാൽ കാണാൻ സാധിക്കുന്ന ചെറിയ തെറ്റുകുറ്റങ്ങൾ പർവ്വതിരിക്കാതെ ഐക്യത്തോടെ മുന്നോട്ട് പോകണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം സി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. 

ENGLISH SUMMARY;Communist par­ties should be able to cre­ate a sit­u­a­tion in Ker­ala that upholds sec­u­lar­ism: Kanam
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.