12 June 2024, Wednesday

ഭാരത്ബന്ദ് വിജയിപ്പിക്കുക: സിപിഐ

Janayugom Webdesk
തിരുവനന്തപുരം
September 10, 2021 3:35 pm

സെപ്തംബർ 27ന് ഇന്ത്യയിലെ കർഷകർ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിന് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഒൻപതു മാസം പിന്നിട്ട കർഷക സമരത്തിന്റെ ഭാഗമായാണ് ബന്ദ്. കർഷകർ മാത്രമല്ല തൊഴിലാളികളും മറ്റു ജനവിഭാഗങ്ങളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞുവെന്ന് ഇന്നലെ തിരുവനന്തപുരത്ത് തുടരുന്ന സംസ്ഥാന കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.

ഭരണകൂടത്തിന്റെ ഭീകരതകൊണ്ട് കർഷകരുടെ പ്രതിഷേധത്തെ അമർച്ച ചെയ്യാൻ കഴിയില്ലെന്ന് ഇതിനകം ബോധ്യമായിക്കഴിഞ്ഞു. ഇക്കഴിഞ്ഞ നവംബർ 26 നാണ് കർഷകപ്രക്ഷോഭം ആരംഭിച്ചത്. 600ൽ അധികം കർഷകർ സമരഭൂമിയിൽ ഇതിനോടകം മരണപ്പെട്ടു. അതിൽ പതിനഞ്ചിലേറെ പേർ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടവരാണ്. കൊടും തണുപ്പും കൂടിയ ചൂടും അവഗണിച്ച് ആയിരക്കണക്കായ കർഷകർ തെരുവിൽ കഴിയുകയാണ്. കഴിഞ്ഞ ദിവസം ഹരിയാനയിൽ ശക്തമായ ഉപരോധമാണ് സംഘടിപ്പിച്ചത്.

വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപ്പിക്കുമെന്ന് കർഷകർ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ നിയോജക മണ്ഡലമായ വാരണാസിയിൽ കർഷക ഉപരോധം സംഘടിപ്പിക്കുമെന്ന് കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭരണകൂടത്തിന് ഒത്താശ പാടുന്ന കോർപ്പറേറ്റ് മീഡിയ, ഗവൺമെന്റിന് എല്ലാ പിന്തുണയും നൽകിയിട്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കർഷക സമരത്തിന് പിന്തുണ വർധിച്ചു വരികയാണ്. രാജ്യത്തിനകത്ത് വിവിധ ജനവിഭാഗങ്ങൾ ഒത്തൊരുമിച്ച് കർഷകരുടെ സമരത്തിന് പിന്തുണയുമായി രംഗത്തു വന്നിട്ടുണ്ട്. തൊഴിലാളി വർഗ്ഗം ഒറ്റക്കെട്ടായി സമരത്തെ പിന്തുണയ്ക്കുന്നു. തൊഴിലാളി കർഷക ഐക്യം രാജ്യത്ത് ശക്തിപ്പെടുകയാണ്.


ഇതുംകൂടി വായിക്കുക;സെപ്റ്റംബര്‍ 12ന് സിപിഐ വനിതാ സംവരണ അവകാശ ദിനമായി ആചരിക്കും


 

പാർലമെന്റ് പാസാക്കിയ കർഷക നിയമങ്ങൾക്കെതിരെ ബിജെപിയിൽ നിന്നുതന്നെ എതിർപ്പ് ഉയർന്നുകഴിഞ്ഞു. കർഷക നിയമങ്ങൾക്കെതിരെ ബിജെപി നേതാവായ വരുൺഗാന്ധി തന്നെ രംഗത്തുവന്നു. ഉല്പാദനം, സംഭരണം, സംസ്കരണം, മൂല്യവർധിത ഉല്പന്നങ്ങളുടെ വിപണനം തുടങ്ങി കൃഷിയുടെ എല്ലാ മേഖലകളും കയ്യടക്കുകയാണ് കോർപ്പറേറ്റുകളുടെ ലക്ഷ്യം. അതിന് അനുഭാവവും സംരക്ഷണവും നൽകുന്നതാണ് പാർലമെന്റ് പാസാക്കിയ നിയമങ്ങൾ. വളർന്നു വരുന്ന ജനകീയ പോരാട്ടത്തിന് പിന്തുണയേകേണ്ടത് രാജ്യത്തെ എല്ലാ ദേശാഭിമാനികളുടെയും കടമയാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന കൗൺസിൽ ഓർമപ്പെടുത്തുന്നു. ആ ഉത്തരവാദിത്വം നിറവേറ്റാനും ഭാരത്ബന്ദിന് പിന്തുണ നൽകി വിജയിപ്പിക്കാനും കമ്മ്യൂണിസ്റ്റുകാരാകെ രംഗത്തു വരണമെന്ന് പാർട്ടി അഭ്യർത്ഥിച്ചു.


ഇതുംകൂടി വായിക്കുക;ജനയുഗം പ്രചരണമാസം വിജയിപ്പിക്കുക: കാനം രാജേന്ദ്രന്‍


 

ഭാരത്ബന്ദ് പൂർണ വിജയമാക്കാൻ കേരളീയ സമൂഹത്തോട് സിപിഐ സംസ്ഥാന കൗൺസിൽ അഭ്യർത്ഥിച്ചു. വി ചാമുണ്ണിയുടെ അധ്യക്ഷതയിൽ ആരംഭിച്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ ബിനോയ് വിശ്വം കേന്ദ്ര എക്സിക്യൂട്ടീവ് തീരുമാനങ്ങൾ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു. യോഗം ശനിയാഴ്ച സമാപിക്കും.
eng­lish summary;Communist Par­ty State Coun­cil declared full sup­port for the Bharat Bandh  by the farm­ers of India
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.