19 April 2024, Friday

അഴിമതിക്കെതിരെ പോർച്ചുഗലിൽ കമ്മ്യൂണിസ്റ്റ് സമരത്തിര

ടി കെ അനിൽകുമാർ
ഗുരുദാസ് ദാസ് ഗുപ്ത നഗർ
December 19, 2022 10:26 pm

അഴിമതിയുടെ കൂത്തരങ്ങായി മാറിയ പോർച്ചുഗലിൽ ഉയരുന്നത് കമ്മ്യുണിസ്റ്റ് സമരത്തിര. പണപ്പെരുപ്പം അസാധാരണമാംവിധം കുതിച്ചുയർന്നു. ജീവിത ചെലവ് ഇരട്ടിയിലധികമായി. ഇതോടെ സാധാരണക്കാർക്കിടയിൽ അസ്വാരസ്യങ്ങൾ വർധിച്ചു. റഷ്യ — ഉക്രെയ്ൻ യുദ്ധം ഊർജ മേഖലയെ പ്രതികൂലമായി ബാധിച്ചു. ജഡ്ജിമാരും ഉദ്യോഗസ്ഥരും പൊലീസുകാരുമെല്ലാം അഴിമതിക്ക് കുടപിടിച്ചപ്പോൾ നിയമവാഴ്ച പ്രതിസന്ധിയിലുമായി. യൂറോപ്യൻ കമ്മിഷൻ പോർച്ചുഗലിലെ നിയമവാഴ്ചയെ വിലയിരുത്തുന്ന ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു, അത് അഴിമതിക്കെതിരെ പോരാടാനുള്ള പോർച്ചുഗലിന്റെ ശ്രമങ്ങളിലെ പോരായ്മകൾ എടുത്തുകാട്ടി. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥർക്കുള്ള ഉത്തരവാദിത്തവും സുതാര്യതയും വർധിപ്പിക്കുന്നതിനുള്ള നിരവധി നിയമങ്ങൾ 2019ൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും, അത് നടപ്പാക്കാൻ ഭരണകൂടത്തിന് കഴിയുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.

പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾ ജനങ്ങൾക്കിടയിൽ പോരാട്ടം ശക്തമാക്കാനുള്ള ഊർജ സ്രോതസായി മാറി. 40,000 ന് മുകളിൽ അംഗങ്ങളുള്ള പോർച്ചുഗീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും ട്രേഡ് യൂണിയനായ ജനറൽ കോൺഫെഡറേഷൻ ഓഫ് പോർച്ചുഗീസ് വർക്കേഴ്സ് യൂണിയനും ശക്തമായ പോരാട്ടത്തിന് തുടക്കമിട്ടു. കമ്പനികളിലും തൊഴിലാളി ക്യാമ്പുകളിലും എത്തിച്ചേർന്ന യൂണിയൻ പ്രവർത്തകർ തൊഴിലാളികളുടെ മനസിലേക്ക് വിപ്ലവ ജ്വാലകൾ പകർന്നു. കൂടുതൽ തൊഴിലാളികൾ സമര രംഗത്ത് അടിയുറച്ചു നിന്നപ്പോൾ ഭരണകൂടത്തിന് ശക്തമായ തിരിച്ചടിയായി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും ട്രേഡ് യൂണിയന്റെയും മെമ്പർഷിപ്പിൽ ഗണ്യമായ വർധനവ് ഉണ്ടായതായി കമ്മ്യുണിസ്റ്റ് പാർട്ടി നേതാവും ജനറൽ കോൺഫെഡറേഷൻ ഓഫ് പോർച്ചുഗീസ് വർക്കേഴ്സ് യൂണിയൻ ഇന്റർനാഷണൽ ഡിപ്പാർട്ട്മെന്റ് ഹെഡ്ഡുമായ മൗറിസിയോ മിഗുൽ ‘ജനയുഗ’ത്തോട് പറഞ്ഞു. ഒട്ടേറെ യുവാക്കൾ യൂണിയനിൽ അംഗത്വമെടുത്ത് സമരരംഗത്ത് അടിയുറച്ചു നിൽക്കുന്നത് ഏറെ പ്രതീക്ഷ നൽകുന്നു. യുവാക്കൾക്ക് മികച്ച പരിഗണനയാണ് പാർട്ടിയും യൂണിയനും നൽകുന്നത്. പാർട്ടിയുടെ തലപ്പത്തും യുവാക്കൾ വന്നത് സമരത്തെ കൂടുതൽ ശക്തമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.