19 April 2024, Friday

ജനഹൃദയങ്ങളിൽ ചെങ്കൊടി നാട്ടിയ ഉണർത്തുപാട്ടുകൾ

പുളിക്കൽ സനിൽരാഘവൻ
October 31, 2021 3:58 pm

സാംസ്‌ക്കാരികവും, പ്രബുദ്ധവുമായ അതിവേഗ കുതിപ്പുകളാണ് വിപ്ലവഗാനങ്ങള്‍. മനുഷ്യമനസുകളെ കോരി തരിപ്പിക്കുന്നു എന്നുള്ളതും വിപ്ലവ ഗാനങ്ങളുടെ പ്രത്യേകതയാണ്. ലോകത്താകമാനം പുതിയ യുഗപിറവിക്ക് കാരണഭൂതമായതിനു പിന്നില്‍ വിപ്ലവങ്ങള്‍ ഏറെ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്. കേരളത്തില്‍ ഇന്നു കാണുന്ന സാമൂഹ്യമാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1957ല്‍ അധികാരത്തില്‍ എത്തിയ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നടപടികളാണ്. സര്‍ക്കാര്‍ അധികാരത്തില്‍ എത്തുവാന്‍ നിരവധി കാരണങ്ങളുണ്ട്. അതിലൊന്നാണ് കെപിഎസി എന്ന പ്രസ്ഥാനം. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകവും അതിലെ ഗാനങ്ങളും. കേരളീയ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെ ചുണ്ടിലും തത്തിക്കളിച്ച ഈരടികളായിരുന്നു കെപിഎസിയുടെ നാടക ഗാനങ്ങള്‍. വയലാറും, ഒഎന്‍വിയും, പി ഭാസ്‌ക്കരനും എഴുതിയ വിപ്ലവഗാനങ്ങള്‍ ജനങ്ങള്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചു.

 

അഷ്ടമുടിക്കായലിന്റെ തീരത്തെ വള്ളപ്പുരയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കമ്യൂണിസ്റ്റ് നേതാവ് എം എന്‍ ഗോവിന്ദന്‍ നായര്‍ക്കു കാവല്‍ കിടക്കാന്‍ രാത്രി എത്തിയ കൊല്ലം എസ് എന്‍ കോളജിലെ വിദ്യാര്‍ഥികളും, ചങ്ങാതിമാരായിരുന്ന ദേവരാജനും ഒഎന്‍വി കുറുപ്പും. ഒഎന്‍വിക്കു കവിതയെഴുത്തിലും ദേവരാജന് സംഗീതത്തിലും താല്‍പര്യം ഉണ്ടെന്ന് എം എന്‍ ഗോവിന്ദന്‍ നായര്‍ കുശലാന്വേഷണത്തിനിടെ മനസ്സിലാക്കി. എംഎന്‍ പറഞ്ഞു. ‘നിങ്ങള്‍ വെറുതേ സമയം കളയാതെ കവിത എഴുതൂ… സംഗീതജ്ഞന്‍ അതിന് ഈണം നല്‍കൂ…’ എംഎന്റെ നിര്‍ദേശം കേട്ട ഒഎന്‍വി ആകാശത്തെ ചന്ദ്രക്കലയില്‍ നോക്കി. അപ്പോള്‍ അദ്ദേഹത്തിന്റെ തൂലികയിലേക്ക് ഒഴുകിവന്നു ‘പൊന്നരിവാളമ്പിളിയില് കണ്ണെറിയുന്നോളേ…’ എന്നു തുടങ്ങുന്ന നാലു വരി. ദേവരാജന്‍ അപ്പോള്‍ത്തന്നെ ഈണവും നല്‍കി. പാടിയും ഈണമിട്ടും ആ രാത്രി കടന്നുപോയി എങ്കിലും അതു കേരളത്തില്‍ വരുത്തിയ സ്വീധനം ഏറെയാണ്. 1951ല്‍ ജയില്‍മോചിതനായി എത്തിയ എകെജിക്ക് കൊല്ലം എസ്എന്‍ കോളജില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ ദേവരാജന്‍ ‘പൊന്നരിവാളമ്പിളിയില്’ പാടി. എകെജിക്കും ഒപ്പമുണ്ടായിരുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും പ്രേമഗാനത്തിന്റെ മട്ടിലുള്ള ഈ വിപ്ലവഗാനം ഇഷ്ടമായി. അങ്ങനെയിരിക്കെയാണു തോപ്പില്‍ ഭാസി രചിച്ച ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്നനാടകം ഒരുങ്ങുന്നത്. ജനഹൃദയങ്ങളില്‍ സ്ഥാനം നേടിയിരുന്ന ‘പൊന്നരിവാളമ്പിളിയില്…’ ഈ നാടകത്തില്‍ ചേര്‍ക്കണമെന്ന് കമ്യൂണിസ്റ്റ് നേതാക്കള്‍ നിര്‍ദേശിച്ചു. അങ്ങനെ മറ്റ് 21 പാട്ടുകള്‍ക്കൊപ്പം ഇതും നാടകത്തിന്റെ ഭാഗമായി. 1952 ഡിസംബര്‍ ആറിന് ചവറ തട്ടാശ്ശേരിയില്‍ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അരങ്ങേറി.

 

ONV

അതിലെ ഈ ഗാനം ജനഹൃദയങ്ങളില്‍ ലഹരിയായി. മലയാള നാടകചരിത്രത്തില്‍ മാത്രമല്ല കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയിലും ഈ നാടകവും അതിലെ ഗാനങ്ങളും സ്ഥാനം പിടിച്ചു. ആയിരക്കണക്കിനു വേദികളിലേക്ക് ‘തോളോടു തോളൊത്തുചേര്‍ന്നു വാളുയര്‍ത്തുന്ന’ സ്വപ്നം പടര്‍ന്നു. ഇന്നും ജീവിതത്തില്‍ ഇരുട്ടു പടരുമ്പോള്‍, പ്രതീക്ഷയുടെ വെളിച്ചം പകര്‍ന്ന് ഈ ഗാനം നമുക്കിടയില്‍ ഉണ്ട്. ‘ഒത്തുനിന്നേ പൂനിലാവും നെല്‍ക്കതിരും കൊയ്യാന്‍ തോളോടുതോളൊത്തു ചേര്‍ന്ന് വാളുയര്‍ത്താന്‍ തന്നെ പോരുമോ… നീ പോരുമോ… നീ നേരു നേടും പോരില്‍’ എന്ന വിളിക്ക് കേരളം മുഴുവന്‍ കാതുകൊടുത്തു. ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകം വിജയമാതൃകയായി. വിപ്ലവഗാനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യഘടകമായി.

 


ആശയ പ്രചരണത്തിനുള്ള ഒന്നാംതരം ഒരു ആയുധം തന്നെയാണ് പാട്ടുകള്‍. രോദനവും കണ്ണീരും, പ്രതീക്ഷകളും പാട്ടുകളിലുണ്ട്. അതുകൊണ്ട് തന്നെയാണ് ചുവപ്പ് സ്വപ്നങ്ങള്‍ ഇപ്പോഴും മനസ്സില്‍ കൊണ്ടു നടക്കുന്നവരും ആ പാട്ടുകേട്ട് കയ്യടിക്കുന്നത്. ആ ഗണത്തിലെത്തിയിരിക്കുകയാണ് ഇടച്ചേരി മ്യൂസിക്കിന്റെ ബാനറില്‍ വേലായുധന്‍ ഇടച്ചേരിയന്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ഉയരുക ചെങ്കൊടി എന്ന ഉണര്‍ത്തു പാട്ടുകള്‍. അഞ്ചുപാട്ടുകളാണ് ഉള്ളത്. സിപിഐ കേന്ദ്ര സെക്രട്ടറിയേററ് അംഗം ബിനോയ് വിശ്വം രചിച്ചിരിക്കുന്ന ‘ഉയരുക മണ്ണില്‍ ഉയരുക’ എന്ന ഗാനം പന്തളം ബാലനും, അജയ് വെള്ളരിപ്പണ എഴുതിയ ‘നവയുഗ’ എന്നു തുടങ്ങുന്ന ഗാനം കല്ലറഗോപനും, ഡോ. സി കെ ഉദയകലയുടെ രചനയിലുള്ള ‘ഇവിടെ ഇള’ എന്നു തുടങ്ങുന്നഗാനം സരിതാ രാജീവും, ഇന്ദിര കൃഷ്ണന്റെ ‘കാലം കാട്ടിയ’ എന്ന വരിയില്‍ തുടങ്ങുന്ന ഗാനം വി ടി മുരളിയും, രാധാകൃഷ്ണന്‍ കുന്നുംപുറം എഴുതിയ ‘മറക്കുകില്ല’ എന്നു തുടങ്ങുന്ന പാട്ട് അന്‍വര്‍ സാദത്തുമാണ് ആലപിച്ചിരിക്കുന്നത്. ‘ഉയരുക ചെങ്കൊടി’ എന്ന വിപ്ലവപാട്ടുകളെ പറ്റി അവതരണം നടത്തുന്നത് സിപിഐ കേന്ദ്ര കണ്‍ട്രേള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രനാണ്. ഗാനങ്ങളുടെ ഓര്‍ക്കസ്‌ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് രാജീവ് ശിവ നിസരയാണ്. എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ശ്രീദേവി, എസ് ഷജു ആര്‍, ശാന്തി വി, പ്രസന്നകുമാര്‍ യു എസ് എന്നിവരാണ് പാടിയിരിക്കുന്നത്.

 


വിപ്ലവഗാനങ്ങള്‍ക്ക് ഈണം നല്‍കിയത് സിപിഐ നേതാവും ഹോസ്ദുര്‍ഗ് മുന്‍ എംഎല്‍എയുമായ കെ ടി കുമാരന്റെയും ദേവുവിന്റെയും മകനായ വേലായുധന്‍ ഇടച്ചേരിയനാണ്. ഏഴോളം സംഗീത ആല്‍ബത്തിന് ഈണം പകര്‍ന്നിട്ടുണ്ട്. മഹാരാഷ്ട്ര ഗാന്ധര്‍വ്വയൂണിവേഴ്‌സിറ്റിയില്‍ നിന്നും സംഗീത വിശാരദ് സര്‍ട്ടിഫിക്കററ് കരസ്ഥമാക്കിയ വേലായുധന്‍ ഇടച്ചേരിയില്‍ പ്രൊഫ. ആയാംകുടി മണിയുടെ ശിഷ്യനുമാണ്. സി-ഡാക്കില്‍ നിന്നും വിരമിച്ച വേലായുധന്‍ നിരവധി സാമൂഹ്യസാംസ്‌ക്കാരിക പ്രസ്ഥാനങ്ങളിലും സജീവ സാന്നിദ്ധ്യമാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.