ചേര്‍പ്പ് ഗ്രാമപഞ്ചായത്ത് നേതൃത്വം നല്‍കിയ സമൂഹ അടുക്കളയില്‍ നിന്നും ടണ്‍ കണക്കിന് അരി പട്ടാപകല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടത്തിയതായി പരാതി. കോവിഡ് 19 ന്റെ ഭാഗമായി പാവപ്പെട്ട ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാന്‍ വേണ്ടി ആരംഭിച്ച സാമൂഹിക അടുക്കളയുടെ മറവിലാണ് വന്‍ അഴിമതിയും മോഷണവും നടന്നിരിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടികാട്ടി സിപിഐ ചേര്‍പ്പ് ലോക്കല്‍ കമ്മറ്റി സെക്രട്ടറി എന്‍ ജി അനില്‍നാഥ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.
ഒരു മാസമായി സാമൂഹിക അടുക്കളയില്‍ നിന്നും കഴിഞ്ഞ 26 ന് വരെ 7800 പൊതിച്ചോറ് മാത്രമാണ് വിതരണം ചെയ്തിട്ടുള്ളത്. ഇതിന് 1000 കിലോ അരിയ്ക്ക് താഴെ മാത്രമാണ് ആവശ്യം വരുന്നത്. സാമൂഹ്യ അടുക്കളയിലേക്ക് 600 കിലോ അരി കുടുംബശ്രീ വഴി മാത്രമായി സംഭാവനയായി ലഭിച്ചിട്ടുണ്ട്. സാമൂഹിക അടുക്കളയുടെ ക്രയവിക്രയ രജിസ്റ്ററില്‍ ഇത് രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇതിനുപുറമേ പല വ്യക്തികളും വ്യാപാരസ്ഥാപനങ്ങളും പഞ്ചായത്ത് ഭരണസമിതിക്ക് നല്‍കിയ അരിക്ക് യാതൊരുവിധ കണക്കും പഞ്ചായത്ത് അധികാരികള്‍ സൂക്ഷിച്ചിട്ടില്ല. സാമൂഹിക അടുക്കളയിലേക്ക് ലഭിച്ച സംഭാവന വന്‍ അഴിമതിക്കാണ് ഇടം വെച്ചിരിക്കുന്നത്. ഇതിനിടയില്‍ പ്രാദേശികമായി നടത്തിയ വ്യാപക പണപ്പിരിവിലൂടെ പിരിച്ചെടുത്ത പണത്തില്‍ നിന്നും അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റ് പഞ്ചായത്ത് തനതായി നല്‍കുകയുണ്ടായി.
പഞ്ചായത്തിലെ വിവിധ സ്‌കൂളുകളില്‍ നിന്നും രണ്ട് ടണ്ണോളം അരി സമൂഹ അടുക്കളക്ക് വേണ്ടി പഞ്ചായത്തിന് കൈമാറിയിട്ടുണ്ട്. ഇത് സാമൂഹ്യ അടുക്കളയുടെ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ സ്‌കൂളുകള്‍ പഞ്ചായത്തിന് നല്‍കിയ അരിയുടെ കണക്ക് കൃത്യമായി സൂക്ഷിച്ചിട്ടുണ്ട്. സാമൂഹ്യ അടുക്കളയിലേക്ക് സ്‌കൂളുകള്‍ കൈമാറിയ അരി സ്‌കൂളുകള്‍ക്ക് തന്നെ പിന്നീട് പഞ്ചായത്ത് മടക്കി നല്‍കേണ്ടതാണ്. ഈ അരി പോലും ചേര്‍പ്പ് പഞ്ചായത്ത് അധികാരികള്‍ കടത്തിയെന്നും പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ സമൂലമായ അന്വേഷണം വേണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.