വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലികളിലും സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ ഗുജ്ജർ വിഭാഗം നടത്തിവരുന്ന പോരാട്ടം ശക്തമാകുന്നു. നവംബർ ഒന്നിനകം വിഷയത്തിൽ തീരുമാനമാകത്ത പക്ഷം സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെതിരെ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കാൻ ഭരത്പൂരിൽ നടന്ന ഗുജ്ജർ സമുദായ മഹാപഞ്ചായത്തിൽ തീരുമാനമായി.
ഭരത്പൂതിലെ ബയാനയിൽ സംഘടിപ്പിച്ച പഞ്ചായത്തിൽ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. തങ്ങളുടെ ശക്തി സംസ്ഥാന സർക്കാരിന് മനസിലാക്കിക്കൊടുക്കാനാണ് പഞ്ചായത്ത് സംഘടിപ്പിച്ചതെന്നും നാല് ശതമാനം സംവരണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും ഗുജ്ജർ സമുദായ നേതാവ് കിരോറി സിങ് ബെയ്ൻസ് പറഞ്ഞു.
അശോക് ഗലോട്ട് സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി അശോക് ചന്ദന, ഐഎഎസ് ഉദ്യോഗസ്ഥനായ നീരജ് കെ പവൻ എന്നിവർ സമൂദായ പ്രതിനിധികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് വിഷയത്തിൽ തീരുമാനമെടുക്കാൻ സർക്കാരിന് ഗുജ്ജറുകൾ രണ്ടാഴ്ചത്തെ സാവകാശം നൽകിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചർച്ചകൾക്ക് താൽപര്യപ്പെടുന്നില്ലെന്നും അനുവദിച്ചിരിക്കുന്ന സമയത്തിലനുള്ളിൽ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സംസ്ഥാനത്തുടനീളം റെയിൽ ഗതാഗതം ഉൾപ്പെടെ തടഞ്ഞ് പ്രക്ഷോഭം ആരംഭിക്കുമെന്നും പഞ്ചായത്തിൽ പങ്കെടുത്ത പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം മഹാപഞ്ചായത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.
ഗുജ്ജറുകൾക്ക് അടക്കം അഞ്ച് സമുദായങ്ങൾക്ക് ഇടക്കാലത്ത് ഏറ്റവും പിന്നോക്ക സമുദായങ്ങൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി നൽകിയ സംവരണം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് പുനസ്ഥാപിക്കുമെന്ന് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനമാണ്. കോൺഗ്രസ് ഉറപ്പ് നൽകിയിട്ടുള്ള വാഗ്ദാനങ്ങൾ പാലിക്കും വരെ സമരം തുടരുമെന്നാണ് സമുദായ പ്രതിനിധികൾ വ്യക്തമാക്കുന്നത്.
ആവശ്യമുന്നയിച്ച് മാസങ്ങളായി ഗുജ്ജർ വിഭാഗം സമരത്തിലാണ്. ഗുജ്ജറുകൾക്ക് അഞ്ച് ശതമാനം സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് യുവ നേതാവ് സച്ചിൽ പൈലറ്റ് മുഖ്യമന്ത്രി അശോക് ഗലോട്ടിന് കഴിഞ്ഞ മാസം കത്തെഴുതിയിരുന്നു. ഗുജ്ജർ സമുദായക്കാരനാണെങ്കിലും ആ ലേബലിൽ മാത്രമായി അറിയപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിട്ടുള്ള സച്ചിന്റെ ഈ നീക്കം സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾക്കും വഴിവച്ചിരുന്നു. പരമ്പരാഗതമായി ഗുജ്ജറുകൾ ബിജെപിയെ പിന്തുണയ്ക്കുന്നവരാണ്. എന്നാൽ കഴിഞ്ഞ സച്ചിൻ പ്രഭാവത്തിലാണ് ഇവർ കോൺഗ്രസിന് കൂട്ടത്തോടെ വോട്ടു ചെയ്തത്. രാജസ്ഥാനിൽ 7 ശതമാനം ഗുജ്ജറുകൾ മുപ്പതിലധികം സീറ്റുകളിൽ നിർണായകമാണ്. ആട്ടിടയ സമൂഹമായ ഗുജ്ജറുകൾക്ക് യുപിയിലും പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലും ശക്തമായ സ്വാധീനമുണ്ട്.
English summary: community Reservation for Gujjars Rajasthan
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.