Web Desk

തിരുവനന്തപുരം

July 06, 2020, 10:41 pm

സംസ്ഥാനത്ത് സമൂഹവ്യാപന ഭീഷണി; മുഖ്യമന്ത്രി പിണറായി വിജയൻ

Janayugom Online

സംസ്ഥാനത്ത് സമൂഹവ്യാപനം ഇപ്പോഴും ഭീഷണിയായി നിൽക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യമായ കരുതൽ നടപടി സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ട്രിപ്പിൽ ലോക്ഡൗൺ, വ്യാപകമായ ടെസ്റ്റിംഗ്, പ്രാദേശികതലത്തിൽ അധിക ജാഗ്രത എന്നിവയെല്ലാം ഇതിന്റെ ഭാഗമായാണ് സ്വീകരിച്ചത്. ജാഗ്രത നന്നായി തുടരണം.

സംസ്ഥാനത്ത് ഭൂരിപക്ഷം കേസുകളിലും ഉറവിടം കണ്ടെത്താനായിട്ടുണ്ട്. ഇന്ത്യയിൽ ഉറവിടം കണ്ടെത്താനാവാത്ത കേസുകൾ 40 ശതമാനമാണ്. കേരളത്തിൽ ഇത് രണ്ട് ശതമാനം മാത്രമാണ്. കേരളത്തിൽ ജൂൺ 30 വരെയുണ്ടായ 4,442 കേസുകളിൽ 166 കേസുകളുടെ ഉറവിടമാണ് ആരംഭത്തിൽ അറിയാൻ സാധിക്കാതിരുന്നത്. ഇതിൽ 125 കേസുകളുടെ ഉറവിടം പിന്നീട് കണ്ടെത്തി. ബാക്കിയുള്ളവയും ഉടൻ കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പൊന്നാനിയിലെ ട്രിപ്പിൾ ലോക്ഡൗൺ ഫലപ്രദമായെന്നും ഇവിടത്തെ നിയന്ത്രണം ഒഴിവാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അവിടെ ജാഗ്രത തുടരണം. കണ്ടെയ്ൻമെന്റ് സോണിന്റെ എല്ലാ കാർക്കശ്യത്തോടെയുമുള്ളള സമീപനം ഉണ്ടാവണം. രോഗം ഭേദമായവർ ഡിസ്ചാർജായ ശേഷം ഉടൻ തന്നെ സമൂഹത്തിൽ സ്വതന്ത്രമായി സഞ്ചരിക്കരുത്. കുറച്ചു ദിവസം വീട്ടിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കും

സംസ്ഥാനത്ത് കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. അതിർത്തി കടന്ന് ദിവസംതോറുമുളള പോക്കുവരവ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഭാഗത്ത് നിയന്ത്രണം കടുപ്പിക്കും. ഇവിടെ ധാരാളംപേർ ദിനംപ്രതി മംഗലാപുരത്ത് പോയി വരുന്നവരുണ്ട്. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തേക്കും കാസർകോട്ടേക്കുമെത്തുന്നവരുണ്ട്. ഇത് രോഗവ്യാപനത്തിന് ഇടയാക്കുന്നതായി കാണുന്നതിനാൽ ദിവസേനയുള്ള പോക്കുവരവ് അനുവദിക്കാനാവില്ല. ജോലിയുമായി ബന്ധപ്പെട്ട് പോകേണ്ടതാണെങ്കിൽ അവർ ദിവസേന എന്നത് അവസാനിപ്പിച്ച് മാസത്തിൽ ഒരു തവണ വരുന്ന രീതിയിൽ ക്രമീകരിക്കണം. ഐടി മേഖയിൽ മിനിമം പ്രവർത്തനങ്ങൾ നടത്തുന്നതിനുളള സാഹചര്യമുണ്ടാക്കും.

ട്രിപ്പിൾ ലോക്ഡൗണിന്റെ ഭാഗമായി ടെക്നോപാർക്കിലെ സ്ഥാപനങ്ങൾ പ്രയാസങ്ങൾ നേരിടുന്നുണ്ട്. അവിടെ മിനിമം പ്രവർത്തന സൗകര്യം അനുവദിക്കും. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം എന്ന നിലയിലാണ് പ്രവർത്തിക്കുക. മന്ത്രിമാരുടെ ഓഫീസുകളും മിനിമം സ്റ്റാഫിനെ നിർത്തിക്കൊണ്ടു പ്രവർത്തിക്കുന്ന നില സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പാരാമിലിറ്റിറി വിഭാ​ഗത്തിൽപ്പെട്ട 104 പേ‍ർക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. താമസത്തിനിടെ അവ‍ർക്ക് രോ​ഗം പകരാതിരിക്കാൻ ജില്ലാ ഭരണകൂടത്തിന് നി‍ർദ്ദേശം നൽകി. മരണപ്പെട്ടവരുടെ കോവിഡ് പരിശോധന പെട്ടെന്ന് പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.

10 പുതിയ ഹോട്ട് സ്പോട്ടുകൾ

ഇന്നലെ 10 പ്രദേശങ്ങൾ കൂടി കോവിഡ് ഹോട്ട് സ്‌പോട്ടുകളായി. എറണാകുളം ജില്ലയിലെ പള്ളിപ്പുറം (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 21, 22, മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍), എറണാകുളം കീഴ്മാട് (5), ഇടത്തല (4, 13), കാസര്‍കോട് ജില്ലയിലെ മീഞ്ച (2, 10, 13), പൈവളികെ (15), ആലപ്പുഴ ജില്ലയിലെ വെണ്‍മണി (8), കരുവാറ്റ (4), തൃശൂര്‍ ജില്ലയിലെ കുന്നംകുളം മുന്‍സിപ്പാലിറ്റി (7, 8, 10, 11, 15, 17, 19 ‚25, 26), കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ (3), കോട്ടയം ജില്ലയിലെ എരുമേലി (12) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

Eng­lish sum­ma­ry: com­mu­ni­ty spread scare in Kerala

You may also like this video: