തമിഴ്നാട് ബസ് സമരം അഞ്ചാം ദിവസവും തുടരുന്നു

Web Desk
Posted on January 08, 2018, 3:21 pm

ചെന്നൈ: തമിഴ്‌നാട് സര്‍ക്കാരിനു കീഴിലുള്ള ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ ജീവനക്കാരുടെ പണിമുടക്ക് അഞ്ചാം ദിവസവും തുടരുന്നു. വേതന വര്‍ധന ആവശ്യപ്പെട്ടുകൊണ്ടാണ് ജീവനക്കാര്‍ പണിമുടക്കുന്നത്.

വേതനവര്‍ധന ആവശ്യപ്പെട്ട് ഗതാഗത മന്ത്രി എം.ആര്‍. വിജയഭാസ്‌കറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് തൊഴിലാളികള്‍ സമരവുമായി രംഗത്തിറങ്ങിയത്. സമരത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും ഞായറാഴ്ച ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

അതേസമയം സമരം നടത്തുന്ന ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചു. ജോലിക്ക് തിരികെ എത്തിയില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെ നിരവധി ജീവനക്കാരാണ് സമരം നടത്തുന്നത്.

ഡിഎംകെ, സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി തുടങ്ങി 17 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്.