പവര്‍കട്ടുണ്ടായാല്‍ ഇനി നഷ്ടപരിഹാരം

Web Desk
Posted on April 20, 2018, 2:23 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇനി പവര്‍കട്ടുണ്ടായാല്‍ നഷ്ടപരിഹാരം കിട്ടും. വൈദ്യുത വിതരണ കമ്പനികളാണ് പവര്‍കട്ടുണ്ടായാല്‍ പൗരന് നഷ്ട പരിഹാരം നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന നയം നടപ്പാക്കി ഡല്‍ഹി സര്‍ക്കാര്‍. ദീര്‍ഘവും മുന്‍കൂട്ടി അറിയിക്കാത്തതുമായ പവര്‍ കട്ടുകള്‍ക്കാണ് പൗരന്മാര്‍ക്ക് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരിക. സര്‍ക്കാരിന്‍റെ തീരുമാനത്തിന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്‍റെ അംഗീകാരം ലഭിച്ചതായി ആം ആദ്മി സര്‍ക്കാര്‍ പറഞ്ഞു.

പവര്‍കട്ടിന് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതി ആപ്പ് സര്‍ക്കാര്‍ മുമ്പു പ്രഖ്യാപിച്ചിരുന്നെങ്കിലും ഗവര്‍ണറുടെ അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് റദ്ദാവുകയായിരുന്നു.

ഉത്തരവ് പ്രകാരം, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട ഏതുപ്രശ്‌നവും ഒരു മണിക്കൂറിനുള്ളില്‍ കമ്പനികള്‍ പരിഹരിച്ചിരിക്കണം. ഇത് പാലിക്കാന്‍ സാധിച്ചില്ലെങ്കില്‍ പരാതിപ്പെടുന്ന ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണം. മണിക്കൂറിന് അമ്പതു രൂപ വച്ച് ആദ്യ രണ്ടുമണിക്കുറിനു നല്‍കണം. പിന്നീടുള്ള ഓരോ മണിക്കൂറിനും നൂറുരൂപ വീതമാണ് നഷ്ടപരിഹാരം നല്‍കേണ്ടി വരിക. പുതിയ നയപ്രകാരം, വൈദ്യുത വിതരണം പുനഃസ്ഥാപിക്കുന്നതിന് അനുവദിച്ച സമയം കഴിഞ്ഞാല്‍ നഷ്ടപരിഹാരത്തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് കമ്പനി നിക്ഷേപിക്കുകയാണ് വേണ്ടത്. ഉപഭോക്താവിന്‍റെ മാസവാടകയില്‍നിന്ന് ഈ തുക പിന്നീട് ക്രമീകരിക്കാവുന്നതാണ്. നഷ്ടപരിഹാരം നല്‍കുന്നതില്‍ കമ്പനി വീഴ്ചവരുത്തിയാല്‍ ഉപഭോക്താവിന് പവര്‍ റെഗുലേറ്ററെ സമീപിക്കാം.

കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി തെളിയിക്കപ്പെട്ടാല്‍ അയ്യായിരം രൂപയോ ആദ്യത്തെ നഷ്ടപരിഹാരത്തുകയുടെ അഞ്ചിരട്ടിയോ ഉപഭോക്താവിന് നല്‍കണം.

ബിഎസ്ഇഎസ് യമുന പവര്‍ ലിമിറ്റഡ്, ബിഎസ്ഇഎസ് രാജ്ധാനി പവര്‍ ലിമിറ്റഡ്, ടാറ്റാ പവര്‍ ഡല്‍ഹി ഡിസ്ട്രിബ്യൂഷന്‍ ലിമിറ്റഡ് എന്നിങ്ങനെ മൂന്നു സ്വകാര്യ കമ്പനികളാണ് ഡല്‍ഹിയില്‍ വൈദ്യുതി വിതരണ രംഗത്തുള്ളത്.