മരട് ഫ്‌ളാറ്റ്: 58 പേര്‍ക്ക് കൂടി നഷ്ടപരിഹാരം

Web Desk
Posted on October 18, 2019, 10:38 pm

കൊച്ചി: സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് ഉടമകളില്‍ 58 പേര്‍ക്ക്കൂടി നഷ്ടപരിഹാരം അനുവദിച്ചു. നഷ്ടപരിഹാര വിതരണകാര്യങ്ങള്‍ക്കായി സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ ഇന്നലത്തെ സിറ്റിങ്ങിലാണ് അപേക്ഷകള്‍ പരിശോധിച്ച് നഷ്ടപരിഹാരം നല്‍കേണ്ടവരുടെ പുതിയ പട്ടിക സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്. ഇവരില്‍ ഏഴുപേര്‍ക്ക് സുപ്രീംകോടതി നിര്‍ദേശപ്രകാരമുള്ള 25 ലക്ഷം രൂപ നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബാക്കിയുള്ളവര്‍ക്ക് വില്‍പ്പന സമയത്ത് കരാറില്‍ കാണിച്ചിരിക്കുന്ന തുകയനുസരിച്ച് 13 മുതല്‍ 25 ലക്ഷം വരെ നല്‍കാനുമാണ് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും ചേര്‍ന്ന ആകെ സിറ്റിങ്ങുകളുംകൂടി പരിഗണിക്കുമ്പോള്‍ ആകെ 107 പേരുടെ നഷ്ടപരിഹാര അപേക്ഷകള്‍ തീര്‍പ്പാക്കി കഴിഞ്ഞു. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടുന്നവരോട് മതിയായ നഷ്ടപരിഹാര രേഖകള്‍ ഹാജരാക്കുവാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യം സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്നലത്തെ സിറ്റിങ്ങിലും മതിയായ രേഖകളില്ലാത്ത അപേക്ഷകള്‍ സമിതിക്ക് മുന്നിലെത്തിയിരുന്നു. പരിശോധിച്ചവയില്‍ നിന്ന് പത്ത് അപേക്ഷകള്‍ പിന്നീട് പരിഗണിക്കുന്നതിനായി മാറ്റിവച്ചു. വിദേശത്തുള്ള മുപ്പതോളം ഉടമകള്‍ ഇനിയും നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. ഇവരൊഴികെ ബാക്കിയുള്ളവര്‍ നഷ്ടപരിഹാര സമിതി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. ഈ അപേക്ഷകള്‍ വരുംദിവസങ്ങളില്‍ നടക്കുന്ന സിറ്റിങ്ങില്‍ സമിതി പരിഗണിക്കും. ഇതിനിടെ പൊളിക്കാനുള്ള ഫ്ളാറ്റുകളില്‍ ഇതിനായി ചുമതലപ്പെടുത്തിയ കമ്പനികളുടെ പരിശോധന ഇന്നലെയും തുടര്‍ന്നു.
പത്തുദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം. റിപ്പോര്‍ട്ട് സാങ്കേതികസമിതി അംഗീകരിച്ച് സെലക്ഷന്‍ നോട്ടീസും തുടര്‍ന്ന് വര്‍ക്ക് ഓര്‍ഡറും കൈമാറും. ഇതിനുശേഷമാകും പൊളിക്കലിനുള്ള ജോലികള്‍ ഔദ്യോഗികമായി തുടങ്ങുക.