Web Desk

ന്യൂഡല്‍ഹി

June 30, 2021, 11:21 am

കോവിഡ് മരണം; ബന്ധുകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി, കേന്ദ്രത്തിന് തിരിച്ചടി

Janayugom Online

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം. നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി നിയമപ്രകാരം സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനു ബാധ്യതയുണ്ട്. നഷ്ടപരിഹാരം എത്രയെന്നത് സംബന്ധിച്ച് കേന്ദ്രത്തിനു തീരുമാനമെടുക്കാം. നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡങ്ങളും നടപടിക്രമവും സംബന്ധിച്ച തീരുമാനം ആറാഴ്ചയ്ക്കുള്ളില്‍ സ്വീകരിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദ്ദേശിച്ചു. കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വീഴ്ചവരുത്തിയെന്നും ഉത്തരവില്‍ പരാമര്‍ശിക്കുന്നു. നഷ്ടപരിഹാരം എത്രയെന്ന് പറയുന്നില്ല. പകരം നിലവിലെ നിയമങ്ങള്‍ പ്രകാരം എത്ര തുക നഷ്ടപരിഹാരമായി നല്‍കാനാകും എന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനു തീരുമാനമെടുക്കാം. 

കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റില്‍ മരണകാരണം കോവിഡെന്ന് കൃത്യമായി പരാമര്‍ശിക്കണം. കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് മരണമെങ്കിലും മരണപത്രത്തില്‍ കാരണം കോവിഡെന്നു വ്യക്തമാക്കണം. കോവിഡ് ബാധിച്ച് മരണം സംഭവിച്ചു എന്നതു സംബന്ധിച്ച മരണപത്രത്തിലെ നിബന്ധനകള്‍ ഇളവു ചെയ്യണമെന്നും സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. കോവിഡുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയ്‌ക്കെത്തിയ റിട്ട് ബെഞ്ച് ഇന്നലെ തീര്‍പ്പാക്കി.

രാജ്യത്തെ സര്‍ക്കാര്‍ ഔദ്യോഗിക കോവിഡ് മരണ നിരക്കും യഥാര്‍ത്ഥ മരണനിരക്കും തമ്മിലുള്ള വ്യതിയാനം സംബന്ധിച്ച് വീണ്ടും കോടതി ഇടപെടലിന് അവസരം സൃഷ്ടിക്കുന്നതാണ് സുപ്രീം കോടതി വിധിയെന്ന് ആരോഗ്യ‑നിയമ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 

നാലുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്കുകയെന്ന ബാധ്യത ഏറ്റെടുക്കുവാൻ കേന്ദ്ര — സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സ്ഥിതി അനുവദിക്കില്ലെന്നായിരുന്നു ജൂൺ 20 ന് കേന്ദ്ര സർക്കാർ നല്കിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. അത്തരത്തിലുള്ള അധികബാധ്യത ഏറ്റെടുക്കേണ്ടി വരികയാണെങ്കിൽ ആരോഗ്യ — ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള വിഹിതത്തിൽ കുറവ് വരുത്തേണ്ടി വരുമെന്നും സർക്കാർ അറിയിച്ചിരുന്നു.
Eng­lish sum­ma­ry: Com­pen­sa­tion for covid death

You may also like this video: