6 December 2024, Friday
KSFE Galaxy Chits Banner 2

തൊഴിലാളികുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം

Janayugom Webdesk
November 6, 2024 5:00 am

ഇന്ത്യൻ റെയിൽവേയുടെ കീഴിൽ ശുചീകരണത്തിലേർപ്പെട്ട നാലു തൊഴിലാളികൾക്കുണ്ടായ ദാരുണാന്ത്യം എല്ലാ‍വരെയും ഞെട്ടിച്ചതാണ്. തമിഴ്‌നാട് സ്വദേശികളായ ലക്ഷ്മണൻ, വള്ളി, റാണി, ലക്ഷ്മണൻ എന്നിവരാണ് ഷൊര്‍ണൂരില്‍ അപകടത്തിൽപ്പെട്ടത്. മൂന്ന് പേർ സംഭവസ്ഥലത്ത് മരിക്കുകയും ഒരാൾ പുഴയിൽ വീഴുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം അടുത്ത ദിവസം തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ന്യൂഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ വച്ചാണ് തൊഴിലാളികളെ ഇടിച്ചത്. ട്രെയിൻ കടന്നുവരുന്നത് ശ്രദ്ധയിൽപ്പെട്ട ആറ് തൊഴിലാളികൾ സുരക്ഷിത സ്ഥാനത്തേക്ക് മാറിയെങ്കിലും നാലുപേരെ ട്രെയിൻ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശുചീകരണവുമായി ബന്ധപ്പെട്ട് റെയിൽവേ അവലംബിക്കുന്ന ഉദാസീനതയാണ് ഈ തൊഴിലാളികളുടെ മരണത്തിന് കാരണമായിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 13നാണ് തിരുവനന്തപുരം തമ്പാനൂരിൽ സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണത്തൊഴിലാളിയെ കാണാതാവുകയും രണ്ടുദിവസങ്ങൾക്കുശേഷം മൃതദേഹം കണ്ടെത്തുകയും ചെയ്തത്. റെയിൽവേ പാളത്തിനടിയിലൂടെ കടന്നുപോകുന്ന ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി കരാർ നൽകിയ സംഘത്തിലെ തൊഴിലാളി, മാരായമുട്ടം സ്വദേശി ജോയിയാണ് മരിച്ചത്. റെയിൽവേയുടെ ശുചിത്വവും അത് നടത്തുന്നതിലുള്ള സംവിധാനങ്ങളുടെ അപാകതകളും ആ വേളയിലും വിവാദമായിരുന്നു.

മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിനൽകാതെയാണ് ഇന്ത്യൻ റെയിൽവേയിലെ ഭൂരിഭാഗം മേഖലകളിലെയും ശുചീകരണവിഭാഗം തൊഴിലാളികൾ ജോലിയെടുക്കുന്നത്. പുറംകരാർ വഴിയാണ് ഈ തൊഴിലാളികളെ ജോലി ചെയ്യിക്കുന്നത് എന്നതിനാൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ മതിയായ നഷ്ടപരിഹാരമോ ചികിത്സയോ നൽകുന്നതിനുള്ള സംവിധാനംപോലും നിലവിലില്ല. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ജോയിക്ക് ജീവഹാനിയുണ്ടായപ്പോഴും ഇപ്പോൾ ഷൊർണൂരിൽ അപകടത്തിൽ മരിച്ച തമിഴ്‌നാട്ടുകാരായ തൊഴിലാളികൾക്കും മതിയായ നഷ്ടപരിഹാരം നൽകുന്നതിന് റെയിൽവേ സന്നദ്ധമായിട്ടില്ല. ജോയിയുടെ കുടുംബത്തിന് കേരള സർക്കാർ 10 ലക്ഷം രൂപയും ഷൊർണൂരിൽ മരിച്ചവരുടെ കുടുംബത്തിന് തമിഴ്‌നാട് സർക്കാർ മൂന്ന് ലക്ഷം രൂപ വീതവും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം ദക്ഷിണ റെയിൽവേ ഷൊര്‍ണൂര്‍ അപകടത്തില്‍ ഒരു ലക്ഷം രൂപ വീതമാണ് ധനസഹായം പ്രഖ്യാപിച്ചത്. ജോയിയുടെ മരണം നടന്ന വേളയിൽ കൂടുതൽ ധനസഹായം ലഭ്യമാക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നുവെങ്കിലും അതുണ്ടായില്ല. പകരം ഇതുസംബന്ധിച്ച ചോദ്യത്തിന് ലോക്‌സഭയിൽ വിചിത്രമായ മറുപടിയാണ് നൽകിയത്. അപകട നഷ്ടപരിഹാരം കൈകാര്യം ചെയ്യുന്ന സംസ്ഥാന തൊഴിൽ വകുപ്പിന്റെ കമ്മിഷണർക്ക് സംഭവത്തിന്റെ റിപ്പോർട്ട് നൽകിയെന്നായിരുന്നു മറുപടി. മതിയായ സുരക്ഷ ഒരുക്കാത്ത കരാറുകാരനെ കുറ്റപ്പെടുത്തുന്ന സമീപനവുമുണ്ടായി.

അപകടമോ വീഴ്ചകളോ ഉണ്ടാകുമ്പോഴെല്ലാം ഇതേ സമീപനം സ്വീകരിച്ച് കൈകഴുകുകയാണ് റെയിൽവേ ചെയ്യുന്നത്. ഇത് ആമയിഴഞ്ചാൻ തോട്ടിലോ ഷൊർണൂരിലോ ഉണ്ടായ സംഭവങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല. ആഴ്ചകൾക്ക് മുമ്പ് പൂനെ റെയിൽവേയ്ക്ക് കീഴിൽ ദിവസങ്ങളോളം ശുചീകരണം നടക്കാത്ത സ്ഥിതിയുണ്ടായി. നിരവധി ട്രെയിനുകൾ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഓടിയത്. കരാറുകാരൻ തന്റെ തൊഴിലാളികൾക്ക് വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് അവർ ജോലിയിൽ നിന്ന് മാറിനിന്നതായിരുന്നു പ്രതിസന്ധിക്ക് കാരണമായത്. ഉടൻതന്നെ കാരാറുകാരനെ ഒഴിവാക്കിയെന്ന പത്രക്കുറിപ്പ് പുറത്തിറക്കി റെയിൽവേ മുഖം രക്ഷിച്ചു. എന്നാൽ പുതിയ കരാറുകാരൻ വരുന്നതുവരെയുള്ള സ്ഥിതി ഗുരുതരമായി അവിടെ തുടരുകയാണെന്നാണ് റിപ്പോർട്ട്. റെയിൽവേയുടെ ഭരണം കയ്യാളുന്ന കേന്ദ്ര സർക്കാർ കുറേ നാളുകളായി സ്വീകരിക്കുന്ന സ്വകാര്യവൽക്കരണ നയം തന്നെയാണ് ഇവിടെയും പ്രധാന കാരണമാകുന്നത്. സ്ഥിരം ജീവനക്കാരെ ഒഴിവാക്കി എല്ലാം കരാർ നൽകുന്നത് വലിയ പ്രതിസന്ധിക്കിടയാക്കുന്നു. കരാറുകാർക്ക് കീഴിലാണ് ജോലിയെടുക്കുന്നത് എന്നതിനാൽ തൊഴിലാളികൾക്കുള്ള യാതൊരു ആനുകൂല്യം നൽകുന്നതിനും തങ്ങൾക്ക് ബാധ്യതയില്ലെന്ന നിലപാട് റെയിൽവേ സ്വീകരിക്കുന്നു. ചൂലെടുത്ത് നിൽക്കുന്ന മോഡിച്ചിത്രങ്ങളിലൂടെ ശുചിത്വമിഷൻ തുടങ്ങിയ മനോഹര സംജ്ഞകളിൽ നടത്തുന്ന പ്രചരണങ്ങൾകൊണ്ട് ഫലമില്ലെന്ന് കേന്ദ്ര സർക്കാർ മനസിലാക്കുന്നില്ല. രാജ്യത്താകെ പടർന്നുകിടക്കുന്ന യാത്രാ സംവിധാനം മാത്രമല്ല, ബൃഹത്തായ വാണിജ്യ സ്ഥാപനം കൂടിയാണ് ഇന്ത്യൻ റെയിൽവേ. എന്നാൽ കേന്ദ്ര നിയമമനുസരിച്ച് ശുചിത്വമേർപ്പെടുത്തുന്നതിന് സ്ഥിരം സംവിധാനമൊരുക്കാതെ, കരാർ മുതലാളിമാരെയും അവരുടെ കീഴിലുള്ള തൊഴിലാളികളെയും ആശ്രയിച്ച് മുന്നോട്ടുപോകുകയാണ് അവർ. എന്തെങ്കിലും സംഭവം നടക്കുമ്പോൾ കരാറുകാരെ കുറ്റപ്പെടുത്തി രക്ഷപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട് വാണിജ്യ വ്യവസായ സ്ഥാപനങ്ങൾക്കെന്നതുപോലെ ശുചീകരണത്തിന് വിപുലമായ സംവിധാനം സ്വന്തമായി ഒരുക്കുകയാണ് റെയിൽവേ ചെയ്യേണ്ടത്. ഇതിനകം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുന്നതിനും നടപടിയുണ്ടാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.