Web Desk

December 25, 2019, 3:12 pm

മംഗളൂരു വെടിവെയ്പ്പ്: നഷ്ടപരിഹാരകാര്യത്തിൽ മലക്കം മറിഞ്ഞ് കർണാടക മുഖ്യമന്ത്രി

Janayugom Online

മംഗളൂരു: മംഗളൂരു വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ മലക്കം മറിഞ്ഞ് കർണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ. കഴിഞ്ഞ ദിവസമാണ് വെടിവെയ്പ്പിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കർണാടക സർക്കാർ തീരുമാനിച്ചതായി ബി എസ് യെദിയൂരപ്പ അറിയിച്ചത്. എന്നാൽ ഇപ്പോൾ സംഭവത്തിൽ അന്വേഷണം പൂർത്തിയായ ശേഷം മാത്രമേ നഷ്ടപരിഹാരത്തിൽ തീരുമാനമെടുക്കു എന്നാണ് വിശദീകരണം. കൊല്ലപ്പെട്ട ജലീലും നൗഷീനും മംഗളൂരുവിൽ സംഘർഷമുണ്ടാക്കിയ കേസിൽ പ്രതികളാണ്. നഷ്ടപരിഹാരം നൽകരുതെന്ന് ബിജെപി എംഎൽഎ ബസവനഗൗഡ യെത്നാ‍ൽ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരെ പ്രതികളാക്കിയാണ് പൊലീസ് എഫ് ഐആർ തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം പൗരത്വ ഭേതഗതി നിയമത്തിനെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ കൂടുതൽ പേർക്ക് വെടിയേറ്റെന്ന് സ്ഥീരീകരിച്ചു. പൊലീസ് നടപടിയിൽ ഗുരുതരമായി പരിക്കേറ്റ് പതിനഞ്ച് പേരാണ് മംഗളൂരുവിലെ വിത്യസ്ഥ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ഇതിൽ ആറുപേർക്ക് വെടിയേറ്റാണ് പരിക്കേറ്റതെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്.

വെടിയുണ്ട ശരീരത്തിൽ തുളച്ച് കയറിയവരും വെടിയേറ്റ് കൈപ്പത്തിയും തോളെല്ലും തകർന്നവരും കൂട്ടത്തിലുണ്ട്. മംഗളൂരു മുൻ മേയ‌ർ കെ അഷ്റഫിന് തലയ്ക്കാണ് വെടിയേറ്റത്. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. എന്നാൽ വെടിവെച്ചു എന്ന കാര്യത്തിൽ കൃത്യമായ വിശദീകരണം നൽകാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

you may also like this video