20 April 2024, Saturday

Related news

September 2, 2023
August 13, 2023
March 9, 2023
October 31, 2022
October 27, 2022
October 26, 2022
October 26, 2022
September 25, 2022
June 15, 2022
June 9, 2022

കലഹത്തിന് കോണ്‍ഗ്രസില്‍ മത്സരം

Janayugom Webdesk
June 9, 2022 10:49 pm

തെരഞ്ഞെടുപ്പിലെ വിജയവും കലഹത്തിനുളള അവസരമാക്കാൻ കോൺഗ്രസ് നേതാക്കളുടെ മത്സരം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പ്രശ്നങ്ങൾ കണ്ടെത്തി പോരടിക്കുകയാണ് നേതാക്കൾ. യുഡിഎഫ് എറണാകുളം ജില്ലാ ചെയർമാനും മുൻ മന്ത്രിയുമായ ഡൊമിനിക് പ്രസന്റേഷനെതിരെ നടപടിയാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുൾ മുത്തലിബ് നേതൃത്വത്തിനു കത്തയച്ചതാണ് പുതിയ സംഭവം. പി ടി തോമസിന്റെ മരണത്തിനു പിന്നാലെ തൃക്കാക്കരയിൽ സ്ഥാനാർത്ഥിത്വത്തിനായി ചരടുവലി നടത്തിയ ആളാണ് ഡൊമിനിക്. 

ഉമ സ്ഥാനാർത്ഥിയായപ്പോൾ, അവർ ചില നേതാക്കളുടെ സ്ഥാനാർത്ഥിയാണെന്നും സഹതാപ തരംഗമൊന്നും തൃക്കാക്കരയിൽ ഉണ്ടാകാൻ പോകുന്നില്ലെന്നും പരസ്യ പ്രതികരണവും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരിലൊരാളായ ഡൊമിനിക് നടത്തിയിരുന്നു. പോളിങ് കഴിഞ്ഞപ്പോൾ പ്രതീക്ഷിച്ച ഭൂരിപക്ഷം കിട്ടില്ലെന്നായി ഡൊമിനിക്കിന്റെ അഭിപ്രായം. പോളിങ്ങിനു മുമ്പും ശേഷവുമുള്ള ഡൊമിനിക്കിന്റെ പരാമർശങ്ങൾ പാർട്ടി പ്രവർത്തകരിൽ ആശയക്കുഴപ്പവും നിരാശയുമുണ്ടാക്കിയെന്നും ഇദ്ദേഹത്തെ യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്തിരുത്തരുതെന്നുമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനുള്ള അബ്ദുൾ മുത്തലിബിന്റെ കത്തിലെ ആവശ്യം. 

കത്തിനെക്കുറിച്ച് ഡൊമിനിക് പ്രസന്റേഷൻ അറിഞ്ഞതായി നടിച്ചില്ലെങ്കിലും ഇരുവരും എ ഗ്രൂപ്പ് നേതാക്കളായതിനാൽ വിഷയം ഗ്രൂപ്പിൽ വലിയ ചർച്ചയ്ക്കും ചേരിതിരിഞ്ഞുള്ള അഭിപ്രായപ്രകടനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് അബ്ദുൾ മുത്തലിബിന്റെ നീക്കത്തിനു പിന്നിലെന്നും ഗ്രൂപ്പ് സമവാക്യങ്ങളിൽ മാറ്റം വരാനിടയുണ്ടെന്നുമുള്ള വാർത്തകളും പരന്നു കഴിഞ്ഞു. ഉമാ തോമസിനെ സ്ഥാനാർത്ഥിയായി തീരുമാനിച്ചതിന്റെ പേരിൽ ഡൊമിനിക് കുറ്റപ്പെടുത്തിയ നേതാക്കളിൽ പ്രഥമസ്ഥാനത്തുള്ളത് സതീശനാണ്.

ഡൊമിനിക് നിസംഗത പാലിക്കുന്നെങ്കിലും അദ്ദേഹത്തിന്റെ അടുപ്പക്കാർ മുത്തലിബിനെതിരെ നിശിത വിമർശനവുമായി രംഗത്തുണ്ട്. തൃക്കാക്കര നോട്ടമിട്ടിരുന്നയാളാണ് മുത്തലിബെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കളമശേരിക്കുവേണ്ടി കരുനീക്കങ്ങൾ ശക്തമാക്കിയിട്ടും ഏൽക്കാതെ പോയതിൽ നിരാശനാണെന്നും ഐഎൻടിയുസി നേതാവായിരുന്ന വി പി മരയ്ക്കാരുടെ മകൻ അഡ്വ. ഷെരീഫ് മരയ്ക്കാർ കുറ്റപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലും അനുകൂലിച്ചും പ്രതികൂലിച്ചും കോൺഗ്രസ് സൈബർ പോരാളികൾ അണിനിരന്നിട്ടുണ്ട്. 

Eng­lish Sum­ma­ry: Com­pe­ti­tion in Congress
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.