Web Desk

December 25, 2019, 3:25 pm

‘കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കി’; കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി

Janayugom Online

തിരുവനന്തപുരം: കൊച്ചിയിൽ നടന്ന പൗരത്വ പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചവെന്ന് ചൂണ്ടികാട്ടി സംവിധായകൻ കമലിനും ആഷിഖ് അബുവിനുമെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി. യുവമോർച്ച സംസ്ഥാന സമിതി അംഗം ബി ജി വിഷ്ണുവാണ് പരാതി നൽകിയത്. കുട്ടികളെ രാജ്യ വിരുദ്ധ പ്രക്ഷോഭത്തിനിറക്കിയെന്നാണ് പരാതി.

തിങ്കളാഴ്ച കൊച്ചിയിൽ സിനിമാക്കാരുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ‘ഒറ്റയ്ക്കല്ല ഒറ്റക്കെട്ട്’ എന്ന പേരിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. വൈകിട്ട് മൂന്നോടെ രാജേന്ദ്ര മൈതാനിയ്ക്ക് സമീപമുള്ള ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച പ്രകടനം വൈകിട്ട് ഏഴിന് ഫോർട്ട് കൊച്ചിയിലാണ് അവസാനിച്ചത്. സംവിധായകൻ കമൽ, രാജീവ് രവി, ആഷിഖ് അബു, റിമ കല്ലിങ്കൽ, ഷെയ്ൻ നിഗം, നിമിഷ സജയൻ, ഗീതു മോഹൻദാസ്, എൻ എസ് മാധവൻ, ഷഹബാസ് അമൻ തുടങ്ങി നിരവധി പേർ പങ്കെടുത്ത പരിപാടിയിൽ കുട്ടികളും അണിനിരന്നിരുന്നു.

you may also like this video;

പ്രതിഷേധത്തിന് പിന്നാലെ സിനിമാ പ്രവർത്തകർക്കെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി രംഗത്തെത്തിയിരുന്നു. സിനിമാപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത് തെറ്റാണെന്നും അഭിനേതാക്കളുടെ നാടിനോടുള്ള കൂറ് വെറും അഭിനയമാണെന്നും അവരുടെ രാജ്യസ്നേഹം വെറും കാപട്യം മാത്രമാണെന്നും കുമ്മനം തിരുവനന്തപുരത്ത് വച്ച് പറഞ്ഞു. സിനിമാക്കാർ ആരോടാണ് പ്രതിബന്ധത കാണിക്കുന്നതെന്ന് ചോദിച്ച കുമ്മനം ഇത്തരം പ്രതിഷേധങ്ങൾ മൂലമുണ്ടാകുന്ന ദുരന്തവും ദുരിതവും എന്ത് കൊണ്ടാണ് മനസിലാക്കാത്തതെന്നും പറഞ്ഞു. പ്രതിഷേധിച്ചവർക്ക് രാജ്യസ്നേഹമില്ലെന്നായിരുന്നു പ്രസ്താവന.

അതേസമയം, പ്രതിഷേധിച്ചവർക്ക് രാജ്യസ്നേഹമില്ലെന്നും ഇവർ ആദായ നികുതി അടയ്ക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണമെന്നുമാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യർ പ്രതികരിച്ചത്. ഇൻകം ടാക്സും ഇഡിയും വീട്ടിൽ കയറിയിറങ്ങുമെന്നും വെട്ടിപ്പ് പിടിച്ചാൽ ധർണ നടത്താൻ കഞ്ചാവ് ടീംസ് ഉണ്ടാവില്ലെന്നുമാണ് സന്ദീപ് വാര്യർ ഭീക്ഷണി മുഴക്കിയത്.

you may also like this video;