Web Desk

തിരുവനന്തപുരം

July 22, 2021, 10:14 pm

കുണ്ടറ പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായെന്ന പരാതി അന്വേഷിക്കും: മുഖ്യമന്ത്രി

Janayugom Online

കുണ്ടറ പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടായി എന്ന പരാതി സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പരാതിയുടെ നിജസ്ഥിതി ശരിയായ തലത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തും. കേസിലെ പരാതിക്കാരി എൻസിപി നേതാവിന്റെ മകളും ആരോപണ വിധേയമായിട്ടുള്ളയാൾ എൻസിപിയുടെ മറ്റൊരു പ്രവർത്തകനുമാണ്. ഇവർ തമ്മിലുള്ള തർക്കം എന്ന നിലയിൽ എൻസിപി നേതാവു കൂടിയായ മന്ത്രി എ കെ ശശീന്ദ്രൻ അന്വേഷിക്കുകയാണ് ഉണ്ടായത്. പീഡനക്കേസ് ആണെന്ന് അറിഞ്ഞപ്പോൾ തന്നെ മന്ത്രി ഇടപെടലിൽ നിന്ന് ഒഴിഞ്ഞു. കേസ് ഒഴിവാക്കുന്നതിനായി ഒരു പൊലീസ് ഉദ്യോഗസ്ഥരെപ്പോലും വിളിക്കുകയോ മറ്റ് ഇടപെടലുകൾ നടത്തുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പീഡനകേസിലെ പ്രതിയെ സംരക്ഷിക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന് ആരോപിച്ച് പ്രതിപക്ഷത്തു നിന്നും പി സി വിഷ്ണുനാഥ് അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കുണ്ടറ പൊലീസ് സ്റ്റേഷനിൽ ജൂൺ 28ന് കേസിലെ പരാതിക്കാരി ഹാജരായി പരാതി നൽകിയിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരൻ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണിൽ നിന്നും എൻസിപി കൊല്ലം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിക്കുന്നതായും പരാതിപ്പെട്ടു. മുൻപ് ഫേസ്ബുക്കിൽ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലും അപകീർത്തിപ്പെടുത്തുന്ന പല സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായും പരാതിയിൽ പറഞ്ഞിരുന്നു. അതോടൊപ്പം മുൻപൊരിക്കൽ റോഡിലൂടെ പോകുമ്പോൾ പത്മാകരൻ മുക്കട ജംഗ്ഷനിലുളള തന്റെ കടയിലേക്കു പരാതിക്കാരിയെ വിളിച്ചു.

സ്ഥാനാർത്ഥിയായി മത്സരിച്ചതിന് എന്തു കാശ് കിട്ടിയെന്ന് ചോദിച്ചുവെന്നും കാശിനുവേണ്ടിയല്ല താൻ നിന്നത് എന്നുപറഞ്ഞതിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ കയ്യിൽ കയറി പിടിച്ചുവെന്ന് പരാതിയിൽ പറയുന്നതായി പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തുടർ നടപടിയുടെ ഭാഗമായി പരാതിക്കാരിയെയും പത്മാകരനെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. പത്മാകരൻ ജൂൺ 30ന് സ്റ്റേഷനിലെത്തിയെങ്കിലും പരാതിക്കാരി വന്നിരുന്നില്ല. അടുത്ത ദിവസം എത്തിയ പരാതിക്കാരിയോട് വിശദാംശങ്ങൾ അന്വേഷിച്ചെങ്കിലും വാട്സ്ആപ്പിലൂടെ പ്രചരിച്ചതായി പറയുന്ന സന്ദേശങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. പരാതിയിന്മേൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പൊലീസ് പരാതിക്കാരിയെ ധരിപ്പിച്ചിരുന്നതായി പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

പരാതിയിന്മേൽ ജൂലൈ 20ന് കുണ്ടറ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ എം ബി രാജേഷ് അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി. സ്ത്രീ പീഡനമാണെന്ന് അറിയാതെയാണ് വിഷയത്തില്‍ ഇടപെട്ടതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം നിലനില്‍ക്കില്ലെന്നും ശശീന്ദ്രൻ രാജിവയ്ക്കണമെന്നും ഇറങ്ങിപ്പോക്കിനു മുൻപ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു.

Eng­lish sum­ma­ry; Com­plaint regard­ing delay in reg­is­ter­ing case in Kun­dara tor­ture com­plaint will be inves­ti­gat­ed: CM

You may also like this video;