Site iconSite icon Janayugom Online

ശസ്ത്രക്രിയക്ക് ശേഷം വൃക്കകള്‍ രണ്ടും കാണാതായെന്ന് പരാതി; യുവതിയുടെ നില അതീവ ഗുരുതരം

ശസ്ത്രക്രിയക്ക് ശേഷം യുവതിയുടെ ഇരു വൃക്കകളും കാണാതായെന്ന് റിപ്പോര്‍ട്ട്. മുസഫര്‍പൂര്‍ ജില്ലയിലെ നഴ്സിങ്ങ് ഹോമിലാണ് ഗര്‍ഭപാത്രം നീക്കംചെയ്യാനെത്തിയ യുവതിയുടെ വൃക്കകളും നീക്കം ചെയ്്തതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സംഭവം നടന്ന മുസ്സാഫര്‍പൂരിലെ ശുഭ്കാന്ത് നഴ്സിങ് ഹോം അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ബീഹാര്‍ പൊലീസ് പ്രതികരിച്ചു. യുവതി നിലവില്‍ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡയാലിസിസ് വിഭാഗത്തില്‍ ചികിത്സയിലാണ്.

ഗര്‍ഭപാത്ര ശസ്ത്രക്രിയക്ക് ശേഷം വയറുവേദനയെ തുടര്‍ന്ന് യുവതി ശ്രീ കൃഷ്ണ മെഡിക്കല്‍ കോളജില്‍ എത്തിയിരുന്നു. അവിടെ നടത്തിയ പരിശോധനകളിലാണ് യുവതിയുടെ വൃക്കകള്‍ കാണാതായ വിവരം ശ്രദ്ധയില്‍പ്പെട്ടതെന്ന് പൊലീസ് ഇന്‍സ്പെക്ടര്‍ സരോജ് കുമാര്‍ വ്യക്തമാക്കി. കുറ്റവാളികളെന്ന് സംശയിക്കുന്ന നഴ്സിങ് ഹോം ഉടമ പവന്‍ കുമാര്‍, സഹായി ആര്‍ കെ സിങ് എന്നിവരെ ഉടനെ പിടികൂടാന്‍ മൂന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ഥിരമായി ഡയാലിസിസ് ചെയ്തുകൊണ്ടിരുന്ന യുവതിയുടെ നില അതീവ ഗുരുതരമാണ്. വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയിലൂടെ മാത്രമേ നേരിയ പുരോഗതിയ്ക്ക് സാധ്യതയുളളു. കൂടുതല്‍ പരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇരു വൃക്കകളും നഷ്ട്ടപ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പിക്കാന്‍ സാധിക്കു എന്നും ഐജിഎംഎസ് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം യുവതിയുടെ ചികിത്സാചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് അറിയിച്ചതായി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് തലവന്‍ രഞ്ജിത് ഗുഹ മാധ്യമങ്ങളോട് പറഞ്ഞു.

Eng­lish sum­ma­ry; Com­plaint that both kid­neys are miss­ing after surgery; The wom­an’s con­di­tion is critical

You may also like this video;

Exit mobile version