29 March 2024, Friday

Related news

March 3, 2023
January 18, 2023
November 24, 2022
September 27, 2022
August 22, 2022
July 12, 2022
May 31, 2022
March 16, 2022
September 7, 2021
August 23, 2021

കേന്ദ്ര ഏജൻസികളുടെ വീഴ്ച്ച, കുറ്റകൃത്യങ്ങൾ പെരുകുന്നതായി പരാതി

Janayugom Webdesk
കൊച്ചി
August 23, 2021 8:34 pm

തീവ്രവാദം,മയക്കുമരുന്ന് കടത്ത്, സ്വർണക്കടത്ത് എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളിൽ കേന്ദ്ര ഏജൻസികൾ ഒത്തൊരുമയോടെ പ്രവർത്തിക്കുന്നില്ലെന്ന് പരാതി ഉയരുന്നു. സ്വർണക്കടത്തിൽ വിവിധ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ അടിസ്ഥാനത്തിലാണ് സ്വർണം പിടികൂടുന്നതെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.തീവ്രവാദ കേസുകളിലും,ആയുധ കടത്തിലുമടക്കം അന്വേഷണത്തെ സമഗ്രമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നില്ല എന്ന ആക്ഷേപം ശക്തമാണ്. മുനമ്പത്തു നിന്ന് ബോട്ടിൽ ഓസ്ട്രേലിയയിലേയ്ക്ക് പോയവരെ കുറിച്ചുള്ള അന്വേഷണവും കഴിഞ്ഞ ഏപ്രിലിൽ അഞ്ച് എ കെ 47 തോക്കുകളും ആയിരം തിരകളും മയക്കുമരുന്നുമായി ലക്ഷദ്വീപിന് സമീപത്തുനിന്ന് പിടികൂടിയ ബോട്ടിലെ യാത്രാ ഉദ്ദേശ്യവും കണ്ടെത്താൻ ഏജൻസികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ജാഗ്രതയാണ് തീരരക്ഷാസേനയ്ക്ക് പലപ്പോഴും തുണയാവുന്നത്.

കൊച്ചിയിൽ അഫ്ഗാൻ സ്വദേശി കപ്പൽശാലയിൽ ജോലി ചെയ്ത സംഭവത്തിലും അന്വേഷണ പുരോഗതി ഇല്ല.കൊച്ചിയിലെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളിൽ ജോലി ചെയുന്ന അന്യസംസ്ഥാനക്കാരുടെ മറവിൽ വിദേശികൾ വരെ നുഴഞ്ഞു കയറുന്നുണ്ടെന്ന് തദ്ദേശവാസികൾ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പിടികൂടിയ ശ്രീലങ്കൻ പൗരന്റെ വെളിപ്പെടുത്തലുകൾ ഇത് ശരിവയ്ക്കുന്നവയാണ്. സംസ്ഥാനത്തെ മയക്കുമരുന്ന്, സ്വർണക്കടത്ത് സംഘത്തിന്റെ ഇഷ്ടകേന്ദ്രമായി കൊച്ചി മാറുന്നതായി രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടും വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗം നിഷ്ക്രിയത്വം തുടരുകയാണ്.

കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് ശേഷമാണ് അനധികൃതമായി കടത്താൻ ശ്രമിച്ച രണ്ടേമുക്കാൽ കിലോയിലധികം സ്വർണം കൊച്ചി വിമാനത്താവളത്തിൽ പിടികൂടിയത്. കോഴിക്കോട് സ്വദേശികളായ രണ്ട് യാത്രക്കാർ ശനി, ഞായർ ദിവസങ്ങളിലായി കൊണ്ടുവന്ന സ്വർണം പിടികൂടിയത് സ്വർണക്കടത്തുസംഘങ്ങൾ തമ്മിലുള്ള ഒറ്റിന്റെ ഭാഗമാണെന്നാണ് സൂചന. സ്വർണം ഒളിപ്പിച്ചുകടത്തുന്ന വിവരം കസ്റ്റംസിനെ ഒരാൾ വിളിച്ച് അറിയിച്ചപ്പോഴാണ് രണ്ടുപേരും പിടിയിലായത്.

സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ സ്വർണക്കടത്ത് കേസുകൾ കൂടിയിട്ടും നെടുമ്പാശേരിയിൽ അത് കുറഞ്ഞതായി ആക്ഷേപമുണ്ട്. മയക്കുമരുന്നും സ്വർണവും കടത്തിയാൽ കണ്ടെത്താൻ ആധുനിക സ്കാനിങ് സംവിധാനവും ഡോഗ് സ്ക്വാഡും സിയാലിലുണ്ട്. എന്നിട്ടും ജൂലൈയിൽ കോടികൾ വിലവരുന്ന ബ്രൗൺഷുഗറുമായി കസ്റ്റംസ് പരിശോധനയിൽ കുരുങ്ങാതെ പുറത്തിറങ്ങിയ സിംബാവെ സ്വദേശിനിയെ ആഭ്യന്തര ടെർമിനലിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഇവർക്കൊപ്പം എത്തിയ ഒരാൾ റോഡുമാർഗം രക്ഷപ്പെട്ടു. കെനിയൻ സ്വദേശിയായ യുവാവിനെ പിടികൂടിയത് ഡിആർഐ നേരിട്ടെത്തിയാണ്. ഇത്തരത്തിൽ വീഴ്ചകൾ തുടരുമ്പോഴും വിവിധ ഏജൻസികളുടെ തലവന്മാരുടെ യോഗം വിളിച്ചുചേർക്കാൻ പോലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാവുന്നില്ല.

Eng­lish sum­ma­ry; Com­plaint that the fall of cen­tral agen­cies and crime is on the rise

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.