Monday
18 Feb 2019

സാഹിത്യങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുന്നത് ആപത്തുകളുണ്ടാക്കും: സി രാധാകൃഷ്ണന്‍

By: Web Desk | Thursday 28 December 2017 7:23 PM IST

വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം രണ്ടാം ദിവസ പൊതുസമ്മേളനത്തില്‍ സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍ സംസാരിക്കുന്നു

കോഴിക്കോട്: സാഹിത്യങ്ങള്‍ പൂര്‍ണമായി വിശ്വസിക്കുന്നത് ആപത്തുകളുണ്ടാക്കുമെന്ന് സി. രാധാകൃഷ്ണന്‍. വിദ്യാരംഗം സംസ്ഥാന സര്‍ഗോത്സവം രണ്ടാം ദിവസ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യങ്ങളും കലകളും ഒരര്‍ത്ഥത്തില്‍ അസത്യങ്ങളാണ്. പ്രത്യക്ഷത്തില്‍ സത്യമെന്നു തോന്നുമെങ്കിലും സാഹിത്യങ്ങള്‍ സത്യമല്ല. ഇത് സത്യമാണെന്ന് കരുതുന്നത് വന്‍ ആപത്തുകള്‍ ഉണ്ടാക്കും. സാഹിത്യങ്ങളില്‍ പൂര്‍ണമായി വിശ്വസിക്കുകയും അതിന്റെ അടിത്തറ അന്വേഷിച്ച് പോകുകയും ചെയ്യുന്നവര്‍ നാട് കുട്ടിച്ചോറാക്കുന്ന ലഹളകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ബാബറി മസ്ജിദ് അതിനുദാഹരണമാണ്. സാഹിത്യങ്ങളില്‍ വിശ്വസിക്കുന്നവര്‍ വിശ്വസിക്കാത്തവരെ ശത്രുക്കളാക്കും. മഹാഭാരതം കഥയാണെന്നും നടന്നതല്ലെന്നും വേദവ്യാസന്‍ മഹാഭാരതത്തിന്റെ അവസാനം എഴുതിയിട്ടുണ്ട്. ഇതാരും വായിക്കുന്നില്ല. എല്ലാവരും കഥ പൂര്‍ണമായി വിശ്വസിക്കുകയാണ് ചെയ്യുന്നത്. രാമായണവും നടന്ന സംഭവമാണെന്ന് ആളുകള്‍ വിശ്വസിക്കുന്നു. സത്യമാണെന്ന് വിശ്വസിച്ചാല്‍ സാഹിത്യത്തിന്റെ ആന്തരികമായ പ്രയോജനം ലഭിക്കില്ല. നിലവിലുള്ള വ്യവസ്ഥകളോട് കലഹിക്കുന്നവരാണ് കലാകാരന്മാര്‍. പണമുണ്ടാക്കാനോ പ്രശസ്തി നേടാനോ അല്ല എഴുതേണ്ടത്. സ്വാതന്ത്രത്തിനു വേണ്ടിയും നിലവിലെ വ്യവസ്ഥകള്‍ മാറ്റാനുമാണ് എഴുതേണ്ടത്. കല എന്നത് നൈസര്‍ഗികമായ ഒന്നാണ്. കലാകാരന്‍മാരെയും കലാകാരികളെയും ഉണ്ടാക്കന്‍ സാധിക്കില്ല. ഉള്ള കഴിവ് പരിപോഷിപ്പിക്കാനെ സാധിക്കു. എന്നാല്‍ പലരും കഴിവു തിരിച്ചറിയുന്നില്ല. സ്വന്തം കഴിവു തിരിച്ചറിഞ്ഞു പരിപോഷിപ്പിക്കണം. നമ്മുടെ നാട്ടില്‍ കഴിവുകള്‍ തിരിച്ചറിയാനോ പരിപോഷിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ സൗകര്യങ്ങളില്ലെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. വിദ്യാരംഗം എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം സുധ മാര്യങ്ങാട്, ഒ പി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍, ടി പത്മനാഭന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Related News