26 March 2024, Tuesday

റവന്യു വകുപ്പില്‍ സമ്പൂര്‍ണ നവീകരണം: സെപ്റ്റംബര്‍ മുതല്‍ ഫയല്‍ അദാലത്ത്

Janayugom Webdesk
തൃശൂര്‍
August 30, 2021 7:01 pm

റവന്യു വകുപ്പില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നു എന്ന പരാതി പരിഹരിക്കാന്‍ സത്വര നടപടി. ഇതിനായി സമയബന്ധിതമായി ഫയല്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. സാധാരണ രീതിയിലുള്ള താഴേത്തട്ടില്‍ നിന്നുള്ള അദാലത്തിനില്‍ നിന്ന് ഭിന്നമായി മുകളില്‍ നിന്ന് താഴേക്ക് റിവേഴ്‌സ് രീതിയിലായിരിക്കും അദാലത്ത്. ആദ്യത്തെ അദാലത്ത് സെപ്റ്റംബറില്‍ വകുപ്പ് മന്ത്രി നേരിട്ടു പങ്കെടുത്ത് സെക്രട്ടറിയേറ്റില്‍ നടക്കും. സെക്രട്ടറിയേറ്റിലെ റവന്യു ഫയലുകള്‍ ആദ്യം കാലിയാക്കിയാല്‍ താഴെയുള്ളവ ക്രമേണ കാലിയാകുമെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു.

ഒകേ്ടാബറില്‍ ലാന്റ് റവന്യു കമ്മീഷനിലെയും അതേ മാസം അവസാനം കേരളത്തിലെ 14 കളക്ടറേറ്റുകളിലെയും അദാലത്ത് നടക്കും. നവംബറില്‍ താലൂക്ക് ഓഫീസുകളിലെ ഫയല്‍ അദാലത്തുകള്‍ ജില്ലാ കളക്ടര്‍മാര്‍ നേരിട്ട് ചെന്നിരുന്ന് പരിശോധിക്കും. ഡിസംബറില്‍ 1666 വില്ലേജുകളിലെയും രേഖകള്‍ ചുമതലക്കാരായ ഡെപ്യൂട്ടി കള്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധിച്ച് തീര്‍പ്പു കല്‍പ്പിക്കും. ഈ നടപടികളെല്ലാം ക്രോഡീകരിക്കുന്നതിനു വേണ്ടിയാണ് റവന്യു സെക്രട്ടറിയേറ്റ് എന്ന ആശയം ഇടതു സര്‍ക്കാര്‍ നടപ്പാക്കിയത്.

ലാന്റ് ട്രിബ്യൂണലില്‍ 127828 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ട്. രണ്ടു വര്‍ഷം കൊണ്ട് ഈ കേസുകള്‍ തീര്‍ക്കാന്‍ നടപടിയെടുക്കും. താലൂക്ക് ലാന്റ് ബോര്‍ഡില്‍ 1500 ലേറെ മിച്ചഭൂമി കേസുകളുണ്ട്. അത് തീര്‍ച്ചപ്പെടുത്തി അര്‍ഹരായ സാധാരണക്കാര്‍ക്ക് ഭൂമി ലഭ്യമാക്കുകയെന്നതും റവന്യു വകുപ്പിന്റെ പദ്ധതിയിലുണ്ട്. സംസ്ഥാനത്ത് കൈവശാവകാശ രേഖ തെളിയിക്കാനുള്ള 49 കേസുകളാണ് നിലവിലുള്ളത്. ഹാരിസണ്‍ മലയാളം ഉള്‍പ്പെടെ വന്‍കിട കേസുകള്‍ ഇതില്‍ പെടുന്നു. രാജമാണിക്കം കമ്മറ്റി റിപ്പോര്‍ട്ട് അനുസരിച്ച് ചുരുങ്ങിയത് രണ്ടര ലക്ഷം ഹെക്ടര്‍ സ്ഥലമെങ്കിലും ഈ കേസുകള്‍ തീര്‍പ്പാക്കിയാല്‍ തിരിച്ചു പിടിക്കാന്‍ കഴിയും. ഒരിഞ്ചു ഭൂമി പോലും സര്‍ക്കാരിന് നഷ്ടമാകരുതെന്നതുകൊണ്ട് 6 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ബാക്കി കേസുകള്‍ വൈകാതെ രജിസ്റ്റര്‍ ചെയ്ത് കൃത്യതയോടെ ഭൂമി ഏറ്റെടുക്കും.

സംസ്ഥാനത്തെ 1666 വില്ലേജുകളില്‍ 1966 ല്‍ ആരംഭിച്ച റീസര്‍വേ 909 വില്ലേജുകളില്‍ മാത്രമാണ് പൂര്‍ത്തിയായത്. എന്നാല്‍ ഇനിയുള്ള നാലു വര്‍ഷം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കാന്‍ സമ്പൂര്‍ണ ഡിജിറ്റല്‍ സര്‍വേക്ക് റവന്യു വകുപ്പ് തയ്യാറെടുക്കുന്നു. ആദ്യത്തെ മൂന്ന് വര്‍ഷം 400 വില്ലേജുകള്‍ വീതം 1200 വില്ലേജിലും അവസാനത്തെ വര്‍ഷം 350 വില്ലേജും എന്ന രീതിയിലാണ് സര്‍വേ നടക്കുക. ശ്രമകരമായ ദൗത്യത്തിന് 807 കോടിയാണ് ചെലവ്. ഇതില്‍ ആദ്യ ഗഡുവായി 334 കോടി ഈ സാമ്പത്തിക വര്‍ഷം തന്നെ ലഭ്യമാക്കാന്‍ ഭരണാനുമതിയും ലഭിച്ചു. 54 വര്‍ഷം കൊണ്ട് 54 ശതമാനം മാത്രം പൂര്‍ത്തിയായ സര്‍വേയാണ് നാലു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകാന്‍ പോകുന്നത്.

രജിസ്‌ട്രേഷന്‍, റവന്യു വകുപ്പ്, സര്‍വേ വകുപ്പ് സഹകരിച്ചാണ് ഇപ്പോള്‍ ഭൂമിയുടെ രേഖകള്‍ തയ്യാറാക്കുന്നത്. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാകുന്നതോടെ ഭൂ വിനിമയത്തിന് ഒരു സമഗ്രമായ പോര്‍ട്ടല്‍ ലഭ്യമാകും. വകുപ്പിലെ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് ലക്ഷ്യം. എല്ലാവര്‍ക്കും എവിടെയിരുന്നും ഭൂ നികുതി അടയ്ക്കാവുന്ന പോര്‍ട്ടല്‍ സെപ്റ്റംബര്‍ 9 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭൂമി തരംമാറ്റലിനുള്ള മൊഡ്യൂളും അന്ന് മുഖ്യമന്ത്രി പുറത്തിറക്കും. മൂന്നു വര്‍ഷത്തിനകം ഭൂമിയുടെ എല്ലാ വിവരങ്ങളും മൊബൈലില്‍ ലഭ്യമാകുന്ന തരത്തില്‍ ആധുനികവത്കരണം പൂര്‍ത്തിയാകും.

ENGLISH SUMMARY:Complete mod­ern­iza­tion of the Rev­enue Depart­ment: File Adalat from September
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.