തോപ്പിൽ ആന്റോ 80‑ന്റെ നിറവിൽ

ബേബി ആലുവ
Posted on May 24, 2020, 5:40 am

ട്ടുച്ചയ്ക്കു നടക്കാനിറങ്ങണ ഫാഷൻ ബ്യൂട്ടീ നിനക്കു ലൂസാണോ ലൂസീ… ’ ‘സുറുമക്കാരൻ കുഞ്ഞാലി സുറുമേം വിറ്റു നടന്നപ്പോ കോഴിക്കോട്ടെ പാത്തൂനിത്തിരി സുറുമ കൊടുത്തതു കേട്ടില്ലേ… ’ പ്രമുഖ ഗ്രാമഫോൺ റെക്കാർഡിംഗ് സ്ഥാപനമായിരുന്ന ഹിസ് മാസ്റ്റേഴ്സ് വോയ്സ് (എച്ച്എംവി ) അറുപതുകളിൽ പുറത്തിറക്കിയ ഈ പാട്ടുകൾ വളരെപ്പെട്ടെന്നാണ് സംഗീത പ്രേമികളുടെ ചുണ്ടുകളിൽ കയറിപ്പറ്റിയത്. അതു വരെ, കേരളത്തിലെ പ്രൊഫഷണൽ നാടക സമിതികളുടെ അണിയറയിൽ ഒതുങ്ങി നിന്ന പാട്ടുകാരനും അതോടെ ജനകീയനായി. ഒട്ടേറെ സംഗീത രാവുകളെയും നാടക അരങ്ങുകളെയും അനുഗൃഹീതമായ ശബ്ദ സൗകുമാര്യം കൊണ്ട് സമ്പന്നമാക്കിയ ആ ഗായകൻ, തോപ്പിൽ ആന്റോ എണ്‍പതിന്റെ നിറവില്‍. അപ്പൻ കുഞ്ഞാപ്പു ചവിട്ടുനാടകത്തിൽ തല്‍പരൻ. പുത്തൻ പാനയും അമ്മാനയുമൊക്കെ ഈണത്തിൽ ചൊല്ലുന്ന അമ്മ ഏലിയാമ്മ.

അമ്മയുടെ സഹോദരൻ വാവച്ചൻ അറിയപ്പെടുന്ന ഭാഗവതർ. അങ്ങനെ, കലയോടുള്ള ആന്റോയുടെ ഉള്ളിണക്കത്തിനു സഹായകമായ വഴികൾ പലത്. പഠിച്ച വിദ്യാലയമായിരുന്നു ആദ്യ അരങ്ങ്. 15-ാം വയസ്സിൽ ഇടപ്പള്ളി കോമള മ്യൂസിക്കൽ ക്ലബ്ബിന്റെ ഗാനമേളയിൽ പങ്കെടുത്തതോടെ നാട്ടിൽ ശ്രദ്ധിക്കപ്പെടുന്ന പാട്ടുകാരനായി. പിന്നീട്, അക്കാലത്ത് കേരളത്തിലെ മുഖ്യ ഗാനമേള ട്രൂപ്പായി അറിയപ്പെട്ടിരുന്ന എറണാകുളം ടാൻസൻ മ്യൂസിക്കൽ ക്ലബ്ബിൽ, സി ഒ ആന്റോ, സീറോ ബാബു, മരട് ജോസഫ് എന്നിവരോടൊപ്പം അനേകം വേദികളിൽ. ഇന്ത്യൻ സിനിമയിലെ തലയെടുപ്പുള്ള ഗായകനായിരുന്ന മുഹമ്മദ് റാഫിയുടെ ഹിറ്റ് പാട്ടുകളായിരുന്നു ആന്റോയുടെ ഇഷ്ട ഗാനങ്ങൾ. ഗാനമേളകളിൽ റാഫിയുടെ പാട്ടുകൾ ശ്രോതാക്കൾ ആവർത്തിച്ചു പാടിക്കുമായിരുന്നു എന്ന് ആന്റോ ഓർക്കുന്നു. പിന്നീട്, ബോംബെയിലും കൊച്ചിയിലും ആ അതുല്യ കലാകാരനെ പരിചയപ്പെടാനും സംസാരിക്കാനും കഴിഞ്ഞത്, 65 ആണ്ടിന്റെ സംഗീത ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളിലൊന്നായി ആന്റോ ചേർത്തു പിടിക്കുന്നു.

വിമോചന സമരം കൊടുമ്പിരിക്കൊണ്ട സമയത്ത്, കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നാടക സമിതി സി ജെ തോമസിന്റെ ‘വിഷവൃക്ഷം’ അവതരിപ്പിച്ചപ്പോൾ ആന്റോ ആദ്യമായി നാടക പിന്നണി ഗായകനായി. എൽ പി ആർ വർമ്മയായിരുന്നു സംഗീത സംവിധായകൻ. നാട്ടുകാരനും പിന്നീട് കേന്ദ്ര മന്ത്രിയായ എ സി ജോർജിന്റെ ശുപാർശ പ്രകാരമാണ് സമിതിയിലെത്തിയതെങ്കിലും രണ്ടു നാടകം കഴിഞ്ഞപ്പോൾ ആന്റോ കളം വിട്ടു. പിന്നീട്, മാള മഹാത്മ തിയ്യേറ്റേഴ്സിന്റെ ‘രക്തസാക്ഷികൾ ഗർജിക്കുന്നു ‘, ചാലക്കുടി സൈമ തിയ്യേറ്റേഴ്സിന്റെ ‘കാറൾമാൻ എമ്പ്രദോർ’, തൃശൂർ കേന്ദ്രമാക്കി കെ എസ് നായർ സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് അനുഭാവ സമിതിയായ നവജീവൻ ആർട്സ് ക്ലബ്ബിന്റെ നാടകം എന്നിവയുടെയും പിന്നണിപ്പാട്ടുകാരനായി. ചങ്ങമ്പുഴയുടെ കാലശേഷം അദ്ദേഹത്തിന്റെ ഒരു ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ ആഘോഷ പരിപാടികളിൽ, പത്രപ്രവർത്തകനും നാടകകൃത്തുമായ എരൂർ വാസുദേവിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ’ ചിരട്ടയുണ്ട് തേങ്ങയില്ല’ എന്ന നാടകത്തിൽ പാടുന്നതോടെ സിനിമാ സംവിധായകൻ കെ എസ് ആന്റണിയെ പരിചയപ്പെട്ടു.

യേശുദാസ് ആദ്യമായി പാടിയ സിനിമയായ ‘കാൽപ്പാടുകള്‍’ സംവിധാനം ചെയ്തത് അദ്ദേഹമാണ്. നാടകം കണ്ട കെ എസ് ആന്റണി പിന്നണി പാടിയ ഗായകനെ അന്വേഷിക്കുകയായിരുന്നു. തന്റെ പുതിയ ചിത്രമായ ‘ഫാദർ ഡാമിയന്റെ’ പ്രവർത്തനങ്ങളിലായിരുന്നു അദ്ദേഹം. കെ എസ് ആന്റണിയുടെ നിർദ്ദേശപ്രകാരം ആന്റോ മദ്രാസിലെത്തി. ബാബുരാജായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബാബുരാജുമൊത്തുള്ള, ദിവസങ്ങൾ നീണ്ട മദ്രാസ് ജീവിതവും മറ്റൊരു അവിസ്മരണീയാനുഭവം. ‘ഫാദർ ഡാമിയനു’ വേണ്ടി ഒരു സോളോയും ഒരു കോറസും പാടിക്കഴിഞ്ഞപ്പോൾ, മദ്രാസിൽ തങ്ങി ഭാഗ്യപരീക്ഷണത്തിനു മുതിരാതെ ആന്റോ നാട്ടിലേക്കു വണ്ടി കയറി. നാട്ടിലെത്തിയ ശേഷം ആദ്യം സഹകരിച്ചത് കോട്ടയം നാഷണൽ തിയ്യേറ്റേഴ്സുമായിട്ടാണ്. എൻ എൻ പിള്ളയുടെ ‘ആത്മബലി‘യായിരുന്നു നാടകം. രംഗത്ത് ജോസ് പ്രകാശ്, പറവൂർ ഭരതൻ, മാവേലിക്കര പൊന്നമ്മ തുടങ്ങിയ പ്രഗല്ഭർ. തുടർന്ന് എൻ എൻ പിള്ളയുടെ ഒളശ്ശ വിശ്വ കേരള കലാസമിതിയിൽ. പ്രേതലോകം, പോർട്ടർ കുഞ്ഞാലി, ആദി മനുഷ്യൻ എന്നീ നാടകങ്ങൾ.

പിന്നീട്, കായംകുളം പീപ്പിൾസ് തിയ്യേറ്റേഴ്സിന്റെ അഗ്നിഗോളം, മാനിഷാദ, ചിലന്തിവല എന്നീ നാടകങ്ങളിലും, വൈക്കം ചന്ദ്രശേഖരൻ നായർ നേതൃത്വം നൽകിയ വൈക്കം ഗീതാഞ്ജലി തീയറ്റേഴ്സ് അവതരിപ്പിച്ചതും വൈക്കം എഴുതി സംവിധാനം ചെയ്തതുമായ ‘വഴി’ എന്ന നാടകത്തിലും ആന്റോ പിന്നണിപ്പാട്ടുകാരനായി. പിന്നീട് ചലച്ചിത്ര സംവിധായകനായി മാറിയ ജേസിയുടെ നേതൃത്വത്തിൽ എറണാകുളം കേന്ദ്രമാക്കി സ്റ്റേജ് ഇന്ത്യ എന്ന പ്രൊഫഷണൽ നാടക സമിതി പ്രവർത്തനമാരംഭിച്ചപ്പോൾ, അവരുടെ ‘റൂം നമ്പർ വൺ’ എന്ന നാടകത്തിനു വേണ്ടി വയലാർ എഴുതി എൽ പി ആർ വർമ്മയും എംകെ അർജുനനും ചേർന്നു ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ആലപിച്ചത് തോപ്പിൽ ആന്റോയും രാധാ കുപ്പുസ്വാമിയുമാണ്. സിനിമാ-നാടക രംഗങ്ങളിലെ ഇരുത്തംവന്ന അഭിനേതാക്കളായ ജേസി, കോട്ടയം ചെല്ലപ്പൻ, മണവാളൻ ജോസഫ്, എൻ ഗോവിന്ദൻകുട്ടി, ഡി കെ ചെല്ലപ്പൻ, ചാപ്ലിൻ, കമലം തുടങ്ങിയവരായിരുന്നു രംഗത്ത്. പിന്നീട്, കലാകേരളം തോപ്പിൽ ആന്റോയിലെ ഗായകനെക്കണ്ടത്, പ്രൊഫഷണൽ നാടക സമിതികളുടെ പിന്നണിയിലല്ല, കൊച്ചിൻ കലാഭവന്റെയും ശിവഗിരി ശാരദ കലാസമിതിയുടെയും തിരുവനന്തപുരം ടാസിന്റെയും കോട്ടയം ഫാൻസിന്റെയും വോയ്സ് ഓഫ് കോട്ടയത്തിന്റെയും സംഗീത അരങ്ങുകളിലാണ്.

പ്രശസ്ത ഗായകൻ എ പി ഉദയഭാനുവിന്റെ ‘ഓൾഡ് ഈസ് ഗോൾഡി‘ന്റെ വേദികളിലും ആന്റോ നിറസാന്നിദ്ധ്യമായിരുന്നു. ’88‑ൽ, യുവഗായകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിൻ ബാർഡോർ മ്യൂസിക് ട്രൂപ്പ് എന്ന കൂട്ടായ്മ സ്വന്തമായി സംഘടിപ്പിച്ചു. അമേരിക്കയിലും ഗൾഫ് നാടുകളിലും പലവട്ടം സമിതി ഗാനമേളകൾ നടത്തി. യേശുദാസ്, ജയചന്ദ്രൻ, കമുകറ പുരുഷോത്തമൻ, ബ്രഹ്മാനന്ദൻ, സി ഒ ആന്റോ, എപി ഉദയഭാനു, മെഹബൂബ്, കെ ജി മർക്കോസ്, ശാന്താ പി നായർ, മാധുരി, രാധികാ തിലക്, വസന്ത തുടങ്ങിയ ഗായിക — ഗായകരോടൊപ്പം പല തവണ ഗാനമേള വേദികൾ പങ്കിടാൻ ആന്റോയ്ക്ക് അവസരമുണ്ടായിട്ടുണ്ട്.

ഫാദർ ഡാമിയൻ, റാഗിംഗ്, അനുഭവങ്ങളേ നന്ദി, വീണ പൂവ്, ലജാവതി, സ്നേഹം ഒരു പ്രവാഹം, ഹണീബി ടൂ എന്നിവയാണ് ആന്റോ പിന്നണി പാടിയ സിനിമകൾ. ആന്റോ ചിട്ടപ്പെടുത്തി ജീവൻ ടി വി യിൽ ആന്റോ അവതരിപ്പിച്ചിരുന്ന മലയാള നാടക രംഗത്തെ കലാകാരന്മാരെയും കലാകാരികളെയും പരിചയപ്പെടുത്തുന്ന ‘നാടകമേ ഉലകം’ എന്ന പരമ്പര ഏറെ പ്രശംസ നേടിയിരുന്നു. 2014‑ൽ, മലയാള നാടക വേദിയുടെ ശതാബ്ദി പ്രമാണിച്ച് കേരള സംഗീത നാടക അക്കാദമി പുറത്തിറക്കിയ, 100 പഴയകാല നാടകഗാനങ്ങളുടെ സിഡി ‑യുടെ ഏകോപനം നിർവഹിച്ചത് തോപ്പിൽ ആന്റോയായിരുന്നു. കഴിവിന്റെ അംഗീകാരമായി നിരവധി പുരസ്ക്കാരങ്ങളും ആന്റോയ്ക്കു ലഭിച്ചിട്ടുണ്ട്.