Monday
18 Feb 2019

അഞ്ച് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനം ചെങ്ങന്നൂരില്‍ പൂര്‍ത്തിയായി

By: Web Desk | Tuesday 21 August 2018 6:47 PM IST

  • മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തി
  • മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദിപറഞ്ഞ് എംഎല്‍ എ

ആലപ്പുഴ: അഞ്ച് ദിവസത്തെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ ചെങ്ങന്നൂരിലെ പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മുഴുവന്‍ ആളുകളെയും രക്ഷപ്പെടുത്തി. വെള്ളപ്പൊക്കത്തില്‍ ആരും എവിടെയും കുടുങ്ങിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ദൗത്യം അവസാനിപ്പിച്ചതെന്ന് ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അടഞ്ഞുകിടന്ന മുഴുവന്‍ വീടുകളിലും പോയി പരിശോധിച്ചു.

ചെങ്ങന്നൂരിലെ പാണ്ടനാട്, തിരുവന്‍വണ്ടൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം ശ്രമകരമായിരുന്നു. വീടൊഴിയാന്‍ വിസമ്മതിക്കുന്നവര്‍ മാത്രമാണ് ഇനി ഇവിടങ്ങളില്‍ തുടരുന്നത്. പ്രദേശത്ത് വെള്ളമൊഴിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. ഉള്‍പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് രൂക്ഷമാണ്. വീടുകളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്നുള്ള പരിശോധന വാര്‍ഡുകള്‍ തോറും ഇനിയും തുടരും. പ്രളയക്കെടുതിയില്‍ മണ്ഡലത്തില്‍ 10 പേരാണ് മരിച്ചത്. ഇതില്‍ എട്ട് മരണങ്ങള്‍ ആരോഗ്യപരമായ കാരണങ്ങളാലാണ് സംഭവിച്ചത്. ബാക്കിയുള്ള രണ്ടുപേര്‍ പെരളശേരിയിലാണ് മരണമടഞ്ഞത്. വെള്ളത്തില്‍ വീണു ആരും മരിച്ചിട്ടില്ല. 85,000 പേരെയാണ് വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷിച്ചത്. വളരെ ലാഘവത്തോടയാണ് ജനങ്ങള്‍ ആദ്യം വെള്ളപൊക്കത്തെ സമീപിച്ചത്. ഇക്കാരണത്താല്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പലരും വീടൊഴിയാന്‍ തയ്യാറായില്ല. ഏതായാലും ജില്ലാ കലക്ടര്‍, പൊലീസ്, റവന്യു വിഭാഗങ്ങളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനത്തോടെ രക്ഷാദൗത്യം വിജയത്തിലെത്തിക്കാന്‍ കഴിഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളിലെ പോരായ്മകള്‍ പരിഹരിക്കാനും ശ്രമം തുടരുന്നു. 1200 ഓളം ക്യാംപുകളിലായി രണ്ടുലക്ഷം പേരാണ് കഴിയുന്നത്. ഭക്ഷണസാധനങ്ങള്‍ എല്ലാ മേഖലകളിലും എത്തിക്കാന്‍ ശ്രമം നടക്കുന്നു.

വിഷയത്തില്‍ താന്‍ വൈകാരികമായി പ്രതികരിച്ചതായി തോന്നിയെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായിരുന്നു. ഇതാടെ നേവിയുടേതടക്കം സേവനം ലഭ്യമാവുകയും, രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ഫോണ്‍ സന്ദേശങ്ങള്‍ വന്ന സ്ഥലങ്ങളിലെല്ലാം ദൗത്യസേന നേരിട്ടുപോയി പരിശോധിച്ചിരുന്നു. സൈന്യത്തിന്റെ സേവനം ഇനിയും ചെങ്ങന്നൂരില്‍ തുടരും. 85,925 പേരാണ് 212 ക്യാമ്പുകളിലായി കഴിയുന്നത്. ക്യാമ്പില്‍ എത്താത്തവര്‍ 15,000ത്തോളം വരുമെന്ന് കണക്കാക്കുന്നു. ഇവര്‍ക്ക് ഭക്ഷണമെത്തിക്കുന്നതിനാണ് ശ്രമം. ചെങ്ങന്നൂരില്‍ നാലുലക്ഷം ജനസംഖ്യയുള്ളതില്‍ 1,60,000 പേരെ പ്രളയം ബാധിച്ചു. പമ്പാനദി കുത്തിയൊഴുകിയ ഇടങ്ങളിലെല്ലാം വന്‍ നാശമുണ്ടായി. ആയിരക്കണക്കിന് വീടുകള്‍ പ്രളയക്കെടുതിക്ക് ഇരയായി. തിങ്കളാഴ്ച ഹെലികോപ്റ്ററുകള്‍ ഭക്ഷണവിതരണത്തിനാണ് ഉപയോഗിച്ചത്. അഞ്ചുടണ്‍ ഭക്ഷ്യധാന്യം വിതരണം ചെയ്തതായി ഏകോപന ചുമതല വഹിക്കുന്ന പി വേണുഗോപാല്‍ പറഞ്ഞു. ഓടിട്ട ഒറ്റ നില വീടുകളിലാണ് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് പരിശോധിച്ചത്. ചെങ്ങന്നൂര്‍ നഗരസഭ പരിധിയില്‍ അര ലക്ഷത്തിലേറെ പേരയാണ് രക്ഷപ്പെടുത്തിത്. തിങ്കളാഴ്ച വൈകിട്ടോടെ രക്ഷാദൗത്യം പൂര്‍ണമായിരുന്നു. സംസ്ഥാനം കണ്ട വലിയ രക്ഷാപ്രവവര്‍ത്തനമാണ് ചെങ്ങന്നൂര്‍ കേന്ദ്രീകരിച്ച് നടന്നത്. രണ്ട് ലക്ഷം പേരെ ഇവിടെ മാത്രം പ്രളയം നേരിട്ട് ബാധിച്ചു. പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ബുധനൂര്‍, മാന്നാര്‍ പഞ്ചായത്തുകള്‍ പൂര്‍ണമായും നഗരസഭ, വെണ്‍മണി, ചെറിയനാട് പഞ്ചായത്തുകള്‍ ഭാഗികമായും മുങ്ങി. 500 കോടി രൂപയിലേറെ നഷ്ടമെന്നാണ് പ്രാഥമിക നിഗമനം. സര്‍വതും നഷ്ടപ്പെട്ട ഒരു ലക്ഷത്തിലേറെയാളുകള്‍ 132 ദുരിതാശ്വാസ കേന്ദ്രങ്ങളിലും കൂടാതെ വെള്ളം കയറാത്ത ആയിരത്തിലേറെ വീടുകളിലുമായി കഴിയുകയാണ്.

കര നാവിക സേനകളും 193 ബോട്ടുകളിലെത്തിയ 1200 മത്സ്യത്തൊഴിലാളികളും എന്‍ ഡി ആര്‍ എഫ്, സി ഐ എസ് എഫ്, പൊലീസ്, ഫയര്‍ ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ്, റവന്യു, വനം ഉദ്യോഗസ്ഥരാണ് അഞ്ച് നാള്‍ നീണ്ട വിശ്രമരഹിത ദൗത്യത്തിന് നേതൃത്വം നല്‍കിയത്. രക്ഷ തീരമണഞ്ഞ ജനങ്ങളെ സഹായിക്കാന്‍ വാഹനങ്ങളില്‍ ഭക്ഷണവും വെള്ളവും വസ്ത്രങ്ങളുമായി കേരളത്തിന്റെ നാനാഭാഗത്തു നിന്നും എണ്ണമില്ലാത്ത വാഹനങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. വീടുകളില്‍ നിറഞ്ഞ ചെളിനീക്കം ചെയ്യാനായിട്ടില്ല. രണ്ടാം നിലയില്‍ കഴിയുന്ന പല വീട്ടുകാരും ക്യാംപുകളിലേക്ക് മാറാന്‍ തയ്യാറായിട്ടില്ല. ബന്ധുക്കളെ ബോട്ടുകളില്‍ കൊണ്ടുപോയി കാര്യങ്ങളുടെ രൂക്ഷത ബോധ്യപ്പെടുത്തിയാണ് ഇവരെ കൂട്ടിക്കൊണ്ടുവരുന്നത്. മേഖലയില്‍ 500 ലോഡ് കുടിവെള്ളമെങ്കിലും ആവശ്യമാണ്. ഇത് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

Related News