സ്ത്രീകളും കുട്ടികളും നേരിടുന്ന സൈബര്‍ ആക്രമണത്തെ ചെറുക്കാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ വരുത്തിയ ഭേദഗതി വഴി സുപ്രീം കോടതി റദ്ദാക്കിയ കരിനിയമത്തെ വെള്ളപൂശി തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ഇന്ത്യന്‍ അസോസിയേഷന് ഓഫ് ലോയേഴ്സ് (ഐഎഎല്‍) സംസ്ഥാന കമ്മറ്റി ആരോപിച്ചു.
ഭരണഘടന ഉറപ്പു തരുന്ന അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശത്തിന്മേല് പോലീസിന്റെ ഇടപെടലുണ്ടാകും വിധമാണ് ഓര്‍ഡിനന്‍സിലൂടെ പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വഴി തുറക്കും. സ്ത്രീകളും കുട്ടികളും മാത്രമല്ല എല്ലാവരെയും സൈബര്‍ ക്രിമിനലുകള്‍ ക്രൂരമായി ആക്രമിക്കുന്നുണ്ട്. അത്തരം ക്രിമിനലുകള്‍ക്ക് ശിക്ഷ വാങ്ങി നല്കാനുതകുന്ന നിയമം ഇവിടെയില്ല. ആ കുറവ് പരിഹരിക്കാന്‍ പുതിയതും സ്വതന്ത്രവും സമഗ്രവുമായ നിയമം ആണ് വരേണ്ടത്. നിയമനിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങള്‍ മാത്രം ആശ്രയിക്കുന്ന സമീപനം സര്‍ക്കാര്‍ മാറ്റണമെന്നും ഐഎഎല്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി ജയചന്ദ്രന് (കേരളാ ബാര്‍ കൗണ്‍സില്‍ ചെയര്മാന്), ജനറല്‍ സെക്രട്ടറി അഡ്വ. സി ബി സ്വാമിനാഥന് എന്നിവര്‍ ആവശ്യപ്പെട്ടു.