സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സമഗ്ര ഗുണമേന്മ പദ്ധതി ഒന്നു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ നടപ്പാക്കാന്‍ തീരുമാനമായി. ഇന്നലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. പദ്ധതി സ്കൂളുകളിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് നാളെ വിദ്യാഭ്യാസ ഓഫിസർമാരുടെ യോഗം ചേരും. അക്കാദമിക് മാസ്റ്റർ പ്ലാനും സ്കൂൾ വിദ്യാഭ്യാസ കലണ്ടറും യോഗത്തിൽ അംഗീകരിച്ചു. അഞ്ചു മുതൽ ഒമ്പതു വരെ ക്ലാസുകളിൽ എഴുത്തു പരീക്ഷയ്ക്ക് മിനിമം മാർക്ക് നടപ്പിലാക്കും. സ്കൂളുകളുടെ പുതിയ സമയക്രമത്തിനും യോഗത്തിൽ അംഗീകാരമായി. രാവിലെ 9.45ന് ആരംഭിച്ച് വൈകിട്ട് 4.15 വരെയാണ് സ്കൂൾ സമയം. സ്കൂൾ ഉച്ചഭക്ഷണം പുതുക്കിയ മെനു അനുസരിച്ച് വിതരണം ചെയ്യുന്നതിനുള്ള പാചക ചെലവ് വർധിപ്പിച്ചു നൽകണമെന്ന അധ്യാപക സംഘടനകളുടെ ആവശ്യം ചർച്ച ചെയ്യാമെന്ന് മന്ത്രി അറിയിച്ചു. തദ്ദേശ സ്വയംഭരണ മന്ത്രിയുമായി ആലോചിച്ച് തദ്ദേശ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ടിൽ നിന്ന് അധികതുക കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ജൂൺ 30ന് മുമ്പ് ആധാർരേഖ ലഭിച്ച വിദ്യാർത്ഥികളെയും അധ്യാപക തസ്തിക നിർണയത്തിൽ പരിഗണിക്കും.
ജൂൺ 10ന് നടന്ന ആറാം പ്രവൃത്തി ദിനത്തിലെ കണക്കെടുപ്പിൽ ആധാർരേഖ (യുഐഡി) ഇല്ലാത്ത വിദ്യാർത്ഥികളെ അധ്യാപക തസ്തിക നിർണയത്തിൽ പരിഗണിച്ചിരുന്നില്ല. അക്കാദമിക മാസ്റ്റർ പ്ലാൻ നടപ്പിലാക്കുന്നതിന് സംഘടനകൾ പിന്തുണ അറിയിച്ചു. സ്കൂളുകളുടെ ടേം പരീക്ഷകളും യൂണിറ്റ് പരീക്ഷകളും തുടരുന്നതാണ് ഉചിതം എന്ന അധ്യാപക സംഘടനകളുടെ ആവശ്യം യോഗം അംഗീകരിച്ചു. ഹയർസെക്കന്‍ഡറി പ്രിൻസിപ്പൽ, വിഎച്ച്എസ്ഇ ട്രാൻസ്ഫർ നടത്തുന്നതിന് സാങ്കേതിക തടസങ്ങൾ ഉടൻ പരിഹരിച്ച് സ്ഥലംമാറ്റം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ വിദ്യാഭ്യാസ ഓഫിസർമാരുടെ ഒഴിവുള്ള നാല് തസ്തികകളിലേക്ക് അടിയന്തര നിയമനം നടത്തും. എസ്എസ്‌കെയിൽ ജോലിചെയ്യുന്ന ഏഴായിരത്തോളം ജീവനക്കാർക്ക് നിലവിൽ കേന്ദ്ര സർക്കാർ വിഹിതം ലഭ്യമാകാത്തതുമൂലം കൃത്യമായി ശമ്പള വിതരണം നടത്തുന്നതിന് സാധിക്കുന്നില്ല. ഈ പ്രശ്നം മന്ത്രിസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് ശാശ്വത പരിഹാരം കാണുന്നതിനു ശ്രമം നടത്തും. ഒപ്പം കേന്ദ്രവിഹിതമായ 1444.49 കോടി രൂപ ലഭ്യമാക്കുന്നതിന് നിയമപരമായ അടിയന്തര നടപടികൾ സ്വീകരിക്കും. പുതുതായി സ്കൂളുകളിലേക്ക് വന്നുചേർന്ന കുട്ടികൾക്ക് കൂടി പാഠപുസ്തകം വിതരണം ചെയ്യുന്നതിനായി നടപടികൾ ത്വരിതപ്പെടുത്തും. ഹയർ സെക്കൻഡറി ടേം പരീക്ഷയുടെ ചോദ്യക്കടലാസുകൾ സൗജന്യമായി വിതരണം ചെയ്യുന്നത് പരിഗണിക്കാമെന്നും മന്ത്രി പറഞ്ഞു. 2025–26 ലെ വിദ്യാഭ്യാസ കലണ്ടർ അധ്യാപക സംഘടനകളുടെ യോഗത്തിൽ പ്രകാശനം ചെയ്തു. സംസ്ഥാനത്തെ 42 അധ്യാപക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, എസ്‌സിഇആർടി ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ്, അഡീഷണൽ ഡിജിമാരായ ആർ ഷിബു, സി എ സന്തോഷ്, ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ അക്കാദമിക് ഷാജിദ, സെക്രട്ടേറിയറ്റിലെയും വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.