Tuesday
19 Mar 2019

കാര്‍ഷിക മേഖലയില്‍ സമഗ്രമായ അഴിച്ചുപണി സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി

By: Web Desk | Friday 22 February 2019 7:58 PM IST


V-S-Sunil-Kumar
വേങ്ങേരി കാര്‍ഷിക മൊത്ത വിപണ കേന്ദ്രത്തില്‍ ആരംഭിച്ച കര്‍ഷക പരിശീലന കേന്ദ്രം-പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്‍-വിള ആരോഗ്യ പരിപാലന ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം ചെയ്തശേഷം മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ ട്രാക്ടര്‍ ഓടിച്ചു നോക്കുന്നു

കോഴിക്കോട്: കാര്‍ഷിക മേഖലയില്‍ സമഗ്രമായ അഴിച്ചു പണിയും മാറ്റവുമാണ് ആയിരം ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍. പ്രളയാനന്തരം മേല്‍മണ്ണിന്റെ ജൈവ സ്വഭാവത്തിന് വന്ന മാറ്റത്തെ കുറിച്ച് വ്യക്തമായി മനസിലാക്കി അതിനനുസൃതമായ ശാസ്ത്രീയ മുറകള്‍ കാര്‍ഷിക മേഖലയില്‍ കൊണ്ടുവരിക എന്നതാണ് പ്രളയാനന്തര കാര്‍ഷിക പുനരുദ്ധാരണത്തിന്റെ മുഖ്യ അജണ്ട. അതോടൊപ്പം വ്യാപകമായി കൊണ്ടിരിക്കുന്ന അശാസ്ത്രീയ കീടനാശിനി പ്രയോഗം നിയന്ത്രിക്കുന്നതില്‍ വലിയ മാറ്റം വരുത്താന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വേങ്ങേരി കാര്‍ഷിക മൊത്ത വിപണ കേന്ദ്രത്തില്‍ ആരംഭിച്ച കര്‍ഷക പരിശീലന കേന്ദ്രം – പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷന്‍ – വിള ആരോഗ്യ പരിപാലന ക്ലിനിക്ക് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കീടനാശിനി പ്രയോഗം 1250 മെട്രിക് ടണ്ണില്‍ നിന്നും 600 മെട്രിക് ടണ്ണില്‍ താഴെയായിട്ടുണ്ടെന്നാണ് ഈ വര്‍ഷത്തെ അവലോകനത്തില്‍ കാണാന്‍ സാധിക്കുന്നത്. രാസകീടനാശിനികളുടെ പ്രയോഗം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 ശതമാനം കുറഞ്ഞു. ജൈവ കീടനാശിനി പ്രയോഗം 16 ശതമാനം കൂടിയിട്ടുണ്ട്. എന്നാല്‍ കളനാശിനികളുടെ പ്രയോഗം വര്‍ധിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണക്കാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഏകദേശം 179 ടണ്‍ കളനാശിനി കേരളത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. തിരുവല്ലയിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ചില കളനാശിനികള്‍ പൂര്‍ണ്ണമായി നിരോധിക്കുകയും ചിലത് നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്. ഇവയുടെ നിയന്ത്രണം പ്രാബല്യത്തില്‍ വരുമ്പോള്‍ അതിനനുസൃതമായ മറ്റ് രീതികള്‍ കര്‍ഷകരിലേക്ക് എത്തിക്കണമെങ്കില്‍ അതിന് സമാന്തരമായ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണ് വിള ആരോഗ്യ പരിപാലന ക്ലിനിക്കുകളും പാര സൈറ്റ് ബ്രീഡിങ് സ്റ്റേഷനുകളും ആരംഭിക്കുന്നത്. എല്ലാ ജില്ലകളിലും പാരസൈറ്റ് ബ്രീഡിങ് സ്റ്റേഷനുകള്‍ തുടങ്ങാനാണ് കൃഷിവകുപ്പ് ആലോചിക്കുന്നത്. വിള പരിപാലന ക്ലിനിക്കുകളും ഇക്കോ ഷോപ്പുകളും കൃഷി ഓഫീസുകളിലും വ്യാപിപ്പിക്കും.
എല്ലാ പഞ്ചായത്തുകളിലും കാര്‍ഷിക കര്‍മ്മ സേനയും ബ്ലോക്കുകളില്‍ അഗ്രോ സര്‍വീസ് സെന്ററുകള്‍ എന്നിവയും ആരംഭിക്കും. ഇതിന്റെ ചെയര്‍മാന്‍ എം എല്‍ എമാര്‍ ആയിരിക്കും. ഇതിന്റെ കീഴില്‍വരുന്ന എല്ലാ പഞ്ചായത്തുകളിലും ഇക്കോ ഷോപ്പുകള്‍, കാര്‍ഷിക കര്‍മ്മസേന, വിള ആരോഗ്യ പരിപാലന ക്ലിനിക്കുകള്‍ തുടങ്ങിയവ ആരംഭിച്ച് കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തെ കൂടി പരിപാലിക്കുന്ന രീതിയില്‍ കേരളത്തിലെ ജൈവ കാര്‍ഷിക ഉല്‍പാദന രംഗം മെച്ചപ്പെടുത്തി കര്‍ഷകര്‍ക്ക് ലാഭമുണ്ടാക്കാന്‍ തക്കവിധത്തില്‍ കാര്‍ഷികമേഖലയില്‍ സമഗ്രമായ അഴിച്ചുപണി മാറ്റവുമാണ് ആയിരം ദിനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ പ്രദീപ് കുമാര്‍ എം എല്‍ എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആര്‍ മിനി, നാളികേര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം നാരായണന്‍ മാസ്റ്റര്‍ സംബന്ധിച്ചു.

Related News