കോമൺവെൽത്ത് സമരം ഒത്തുതീർക്കുക

Web Desk
Posted on November 18, 2019, 9:54 pm

കോഴിക്കോട്ടെ കോമൺവെൽത്ത് ഹാന്റ്ലൂം തൊഴിലാളികൾ സംസ്ഥാന തലസ്ഥാനത്ത് കെഎസ്ഐഡിസിയുടെ മുന്നിൽ നടത്തുന്ന സമരം ഒരുമാസം പൂർത്തിയാക്കുകയാണ്. സംസ്ഥാനസർക്കാർ പാസാക്കിയ നിയമം ഔപചാരികമായി നടപ്പിലാക്കണമെന്നും തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്. 1844 ൽ സ്ഥാപിതമായ കോമൺവെൽത്ത് ഇന്ത്യ ലിമിറ്റഡ് എന്ന സ്ഥാപനം പേരുകേട്ട സ്ഥാപനങ്ങളിൽ ഒന്നായിരുന്നു. സ്ഥാപനം ആരംഭിക്കുന്നതിന് പിന്നിൽ സാധാരണക്കാർക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. 1976 വരെ നല്ലനിലയിൽനടന്നുവന്നിരുന്ന സ്ഥാപനം ഇന്ത്യൻ മാനേജ്മെന്റ് ഏറ്റെടുത്തതിന് ശേഷം നഷ്ടത്തിന്റെ പേര് പറഞ്ഞ് സ്വത്തുവകകൾ വിറ്റഴിക്കുന്ന സമീപനം സ്വീകരിക്കുകയായിരുന്നു. 1990 കളോടെ നവ സാമ്പത്തിക നയങ്ങളെ തുടർന്ന് നഷ്ടത്തിന്റെ കാരണങ്ങൾ പറഞ്ഞ് ഉൽപാദനം വെട്ടിക്കുറയ്ക്കുകയും തൊഴിലാളികളെ ഒഴിവാക്കുകയും ചെയ്യുന്ന രീതിയും അവലംബിച്ചുതുടങ്ങി. ഇതോടെയാണ് കോംട്രസ്റ്റ് എന്ന അഭിമാന സ്ഥാപനം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള തൊഴിലാളി പ്രക്ഷോഭങ്ങൾ ആരംഭിക്കുന്നത്. എഐടിയുസിയുടെ നേതൃത്വത്തിലായിരുന്നു ഇത് ആരംഭിച്ചത്. എല്ലാ തൊഴിലാളി സംഘടനകളും കോംട്രസ്റ്റ് സംരക്ഷണ പ്രസ്ഥാനത്തിന്റെ കൂടെയായിരുന്നുവെങ്കിലും ചില സംഘടനകൾ രാഷ്ട്രീയ ലക്ഷ്യത്തോടെ പുറത്തുപോവുന്ന സ്ഥിതിയുമുണ്ടായി. എങ്കിലും കോംട്രസ്റ്റ് സംരക്ഷണ സമരവുമായി തൊഴിലാളികൾ മുന്നോട്ടുപോയി.

കോഴിക്കോട് നഗരഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തിന്റെ സ്വത്തുവകകളിൽ കണ്ണുവച്ച് ഭൂമാഫിയകൾ വട്ടമിട്ടുതുടങ്ങിയതോടെ 2009ൽ സ്ഥാപനം അടച്ചുപൂട്ടി. ഈ സാഹചര്യത്തിലാണ് സ്ഥാപനം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യവുമായി സംരക്ഷണസമിതി സമരരംഗത്തിറങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 2010 ജൂൺ ഒമ്പതിന് അന്നത്തെ എൽഡിഎഫ് സർക്കാർ സ്ഥാപനം ഏറ്റെടുക്കുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവരികയും ചെയ്തു. ഇതിനിടയിൽ ചില സംഘടനകൾ തൊഴിലാളികളിൽ ചിലരെ തെറ്റിദ്ധരിപ്പിച്ച് പിരിഞ്ഞുപോകാൻ കരാറിലേർപ്പെട്ടിരുന്നു. എന്നാൽ നൂറിലധികം തൊഴിലാളികൾ സർക്കാരിൽ വിശ്വാസമർപ്പിച്ച് മുന്നോട്ടുപോകുകയായിരുന്നു. രാഷ്ട്രപതിയുടെ അംഗീകാരം വാങ്ങുന്നതിൽ കാലതാമസമുണ്ടായതിനെ തുടർന്ന് നിയമം പ്രാബല്യത്തിലാകുന്നതും വൈകി. തൊഴിലാളികളുടെ നിരന്തരസമരത്തിനൊടുവിൽ 2010 ലെ നിയമത്തിന്റെ തുടർച്ചയായി 2012 ജുലൈ 25 ന് കോംട്രസ്റ്റ് ഏറ്റെടുക്കൽ നിയമം നിയമസഭ പാസാക്കി. സമരങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ 2018 ൽ ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ ഇതുവരെ പ്രസ്തുത നിയമം നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചിട്ടില്ല. നിയമനിർമ്മാണ പ്രക്രിയ നടക്കുന്നതിനിടയിൽ വിൽപന നടത്തിയ ഭൂമിയെ ചൊല്ലിയുള്ള അനാവശ്യ തർക്കങ്ങൾ ഉന്നയിച്ചാണ് നിയമം നടപ്പിലാകുന്നത് തടയുന്നതിനുള്ള ശ്രമങ്ങൾ ചില കോണുകളിൽ നിന്ന് നടത്തുന്നത്. എന്നാൽ ബിൽ നിയമമാകുന്നതിനിടയിൽ ഏറ്റെടുക്കുവാൻ വ്യക്തമാക്കിയ സ്ഥലം വ്യക്തികളൊ സ്ഥാപനങ്ങളോ വാങ്ങുകയോ വില്ക്കകയോ ചെയ്താലും ഗവണ്മെന്റിൽ നിക്ഷിപ്തമായിരിക്കുമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. കൂടാതെ തൊഴിലാളികളുടെ ഐക്യത്തെ തകർത്തുകൊണ്ട് ചിലർ രഹസ്യമായി മാനേജ്മെന്റുമായുണ്ടാക്കിയ കരാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ വിധിയും നിലവിലുണ്ട്. ഈ സാഹചര്യങ്ങളെല്ലാം പരിശോധിക്കുമ്പോൾ കോംട്രസ്റ്റ് ഏറ്റെടുക്കുകയെന്ന നിയമം നടപ്പിലാക്കേണ്ടത് ജനകീയ പ്രതിബദ്ധതയുള്ള സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അതിന് വിരുദ്ധമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നതുകൊണ്ടാണ് തൊഴിലാളികൾക്ക് സമരപാത തെരഞ്ഞെടുക്കേണ്ടിവന്നത്. യുഡിഎഫ് ഭരണകാലത്ത് തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ വീതം നൽകിക്കൊണ്ടിരുന്നത് നിർത്തലാക്കുന്ന സമീപനവും ഇപ്പോഴത്തെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. തൊഴിലാളികൾ കോടതിയെ സമീപിച്ചാണ് അത് പുനഃസ്ഥാപിച്ചത്.

2010 ൽ എൽഡിഎഫ് സർക്കാരാണ് കോംട്രസ്റ്റ് ഏറ്റെടുക്കുന്നതിനുള്ള ആദ്യനിയമനിർമ്മാണം നടത്തിയത്. അതിന് രാഷ്ട്രപതിയുടെ അംഗീകാരം കിട്ടുന്നത് വൈകിയപ്പോഴാണ് രണ്ടാമത്തെ നിയമനിർമ്മാണം വേണ്ടിവന്നത്. അതുകൊണ്ടുതന്നെ ഈ നിയമം നടപ്പിലാക്കുകയെന്നത് എൽഡിഎഫ് സർക്കാരിന്റെ ബാധ്യത തന്നെയാണ്. അതിനുള്ള നടപടികൾ എത്രയുംവേഗം പൂർത്തിയാക്കി കോഴിക്കോട് നഗരത്തിലെ സുപ്രധാനമായ സ്ഥലം ഭൂമാഫിയക്ക്കയ്യടക്കാനുള്ള അവസരം നൽകുന്നതിന് പകരം സർക്കാരിന്റെ സ്വത്താക്കി മാറ്റുന്നതിനുള്ള നടപടിയുണ്ടാകുമെന്നാണ് എൽഡിഎഫിനെ സ്നേഹിക്കുന്ന എല്ലാവരും പ്രതീക്ഷിക്കുന്നത്.