Web Desk

ന്യൂഡൽഹി

August 02, 2021, 10:07 pm

ബലാത്സംഗ കേസുകളിലെ ഒത്തുതീര്‍പ്പുകള്‍ നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമാകുന്നു

Janayugom Online

ബലാത്സംഗ കേസുകളില്‍ ഇരയെ വിവാഹം കഴിച്ചും സാമ്പത്തിക നഷ്ടപരിഹാരം നല്‍കിയും കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പുകള്‍ പെരുകുന്നത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമാകുന്നു. ഇരകളോടുള്ള കടുത്ത നീതിനിഷേധത്തിന്റെ ഉദാഹരണവും കൂടിയായി ഇവ മാറുന്നതായി വിവിധ സന്നദ്ധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 2014 ന് ശേഷം 1,100 കേസുകള്‍ ഇത്തരത്തില്‍ ഒത്തുതീര്‍ക്കപ്പെട്ടതായാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്.

കൊട്ടിയൂർ പീഡനകേസിലെ പ്രതിയായ മുൻ വൈദികൻ റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീഡനത്തിനിരയായ പെൺകുട്ടിയും, വിവാഹത്തിനായി തനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിയും നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നലെ തള്ളിയിരുന്നു.
പീഡനത്തിനിരയായ പെൺകുട്ടിയെ പ്രതി പിന്നീട് വിവാഹം ചെയ്തുവെന്നതിന്റെ പേരിൽ ബലാത്സംഗകേസ് എഴുതിത്തള്ളാനാകില്ലെന്ന് കഴിഞ്ഞദിവസം ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബലാത്സംഗത്തിനിരയാക്കിയ പെൺകുട്ടിയെ പിന്നീട് വിവാഹം കഴിച്ചുവെന്നതിന്റെ പേരിൽ നേരത്തെ നടന്ന ഗുരുതരമായ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും ഇരു കക്ഷികളും തമ്മിലുള്ള ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ കേസ് നടപടികൾ ഒഴിവാക്കാനാകില്ലെന്നും ജസ്റ്റിസ് മുക്ത ഗുപ്ത പറഞ്ഞു.

ബലാത്സംഗക്കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം ഐപിസി 370 വകുപ്പ് പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുക. പിന്നീട് ചില കേസുകള്‍, വിവാഹ വാഗ്ദാനം നല്‍കിയുള്ള പീഡനം എന്ന വിഭാഗത്തിലേക്ക് മാറും. ഇത്തരത്തില്‍ 2019 ല്‍ 16,000ത്തിലേറെ കേസുകള്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
ഡല്‍ഹി ജില്ലാ കോടതിയിലെത്തിയ 460 ബലാത്സംഗക്കേസുകളില്‍ 109 എണ്ണം ഈ വിഭാഗത്തിലേക്ക് മാറ്റപ്പെട്ടു. ആകെ 12 കേസുകളിലാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് പ്രതിവര്‍ഷം ശരാശരി 194 ബലാത്സംഗക്കേസുകള്‍ വിവാഹത്തിലൂടെ ഒത്തുതീര്‍ക്കപ്പെടുന്നുണ്ടെന്ന് സന്നദ്ധസംഘടനകള്‍ വ്യക്തമാക്കുന്നു.
അതിനിടെ, കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനുവേണ്ടി മാത്രം ഇരയെ വിവാഹം കഴിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവരില്‍ നിന്ന് വിവാഹശേഷം ക്രൂരമായ ശാരീരിക‑മാനസിക പീഡനങ്ങളും സ്ത്രീയ്ക്ക് അനുഭവിക്കേണ്ടിവരുന്നു. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതാണ്. പീഡിപ്പിച്ചുവെന്ന പരാതിയില്‍ ശിക്ഷ ലഭിച്ച് തിഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഡല്‍ഹി സ്വദേശിയായ രാജേഷ് എന്നയാളെ വിവാഹം കഴിച്ച ഇരയായ സ്ത്രീ കേസ് പിന്‍വലിച്ചു. എന്നാല്‍ നൈനിറ്റാളിലേക്ക് യാത്ര പോയി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന വാര്‍ത്തയാണ് പിന്നീട് പുറത്തുവന്നത്. ഇയാള്‍ ഭാര്യയെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

തമിഴ്‌നാട്ടില്‍ ഭിന്നശേഷിക്കാരിയായ സ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതിയെക്കൊണ്ടുതന്നെ വിവാഹം കഴിപ്പിക്കാനുള്ള ശ്രമങ്ങളും വാര്‍ത്തയായിരുന്നു. പീഡിപ്പിച്ചയാളെ വിവാഹം കഴിക്കാമോ എന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് എ ബോബ്ഡെ ഇരയോടു ചോദിച്ചത് വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ബലാത്സംഗം ചെയ്തയാള്‍ക്ക് രാഖി കെട്ടിക്കൊടുത്ത് സംരക്ഷണം ഉറപ്പുവരുത്താനുള്ള മധ്യപ്രദേശ് ഹൈക്കോടതിയുടെ അഭ്യര്‍ത്ഥനയും വിവാദമായിരുന്നു.

Eng­lish sum­ma­ry; Com­pro­mis­es in rape cas­es The judi­cia­ry is tainted

You may also like this video;