സുധാ മേനോൻ

January 29, 2020, 5:45 am

സഖാവ് നട്‌വർ ദേശായ് എന്ന കമ്മ്യൂണിസ്റ്റ് വീര്യം

Janayugom Online

“ഞാൻ ഒരു കമ്മ്യൂണിസ്റ്റ് ആണ്. ഇരുപത്തിമൂന്നാമത്തെ വയസിൽ ആണ് ആദ്യമായി കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിക്കുന്നത്. എനിക്കിപ്പോൾ അൻപത്തിഎട്ടു വയസായി. കമ്മ്യൂണിസം ഒരു തകർന്ന സ്വപ്നം ആണെന്ന് ഒരുപക്ഷെ ആളുകൾ പറഞ്ഞേക്കാം. എങ്കിലും എനിക്കിപ്പോഴും വിപ്ലവസ്വപ്നങ്ങളുണ്ട്. ജീവിക്കാൻ പ്രേരിപ്പിക്കുന്ന പ്രത്യാശയുടെ ഏകനാളമാണത്; നട്വർ ദേശായി ആവേശത്തോടെ പറഞ്ഞുനിർത്തി. അഹമ്മദാബാദ് നഗരത്തിന്റെ നിയോലിബറൽ ധാരാളിത്തത്തിൽ നിന്നും ഒരുപാട് ദൂരെ, നഗരപ്രാന്തത്തിലെ, ചേരിയിലുള്ള തന്റെ ഒറ്റമുറി വീട്ടിനുള്ളിലെ പഴയ കട്ടിലിൽ ഇരുന്നുകൊണ്ട് സംസാരിക്കുകയായിരുന്നു നട്ടുഭായ്. ആ വീട്ടിലെ ഒരേയൊരു ഫർണിച്ചർ ആ കട്ടിലാണ്. പിന്നെ ഒരു പ്ലാസ്റ്റിക് കസേരയും. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഗുജറാത്ത് അസംബ്ലിയിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ അമ്രെെവാടി എന്ന മണ്ഡലത്തിലെ സിപിഐ സ്ഥാനാർഥിയായിരുന്നു നട്‌വർ ദേശായി. അമ്രെെവാടി എല്ലാ അർത്ഥത്തിലും ഒരു ലേബർ ബെൽറ്റ് ആണ്. നവീകരിക്കപ്പെട്ട, സൗന്ദര്യവൽക്കരിക്കപ്പെട്ട, ഫ്ലൈഓവറുകളും വൻകിടമാളുകളും കൊണ്ട് സമ്പന്നമായ അഹമ്മദാബാദ് നഗരത്തിൽ നിന്നും ഏകദേശം പന്ത്രണ്ടു കിലോമീറ്റർ ദൂരെയാണ് ദിവസവേതന തൊഴിലാളികളും റിക്ഷ ഓടിക്കുന്നവരും വഴിയോരക്കച്ചവടക്കാരും തൂപ്പുജോലിക്കാരും സമൂഹത്തിന്റെ താഴെക്കിടയിൽ ജീവിക്കുന്ന മറ്റു സാധാരണക്കാരും തിങ്ങിപ്പാർക്കുന്ന അമ്രെെവാടി.

ഇടുങ്ങിയ തെരുവുകളും ചേരികളും വൃത്തിഹീനമായ തെരുവുകളും നിറഞ്ഞ അമ്രെെവാടി പണ്ടുമുതലേ തുണിമിൽ തൊഴിലാളികളുടെ കേന്ദ്രമായിരുന്നു. എൺപതുകളിൽ, തുണിമില്ലുകൾ തകർന്നടിഞ്ഞപ്പോൾ ജീവിക്കാൻ വേണ്ടി പലവിധ ജോലികളിൽ ഏർപ്പെടേണ്ടിവന്ന സാധുക്കൾ. ആ മണ്ഡലത്തിലാണ് നട്ടുഭായ് എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റ് സിപിഐ സ്ഥാനാർഥിയായി മത്സരിച്ചത്. വർഷങ്ങളായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനാണ് നട്ടുഭായ്. അഹമ്മദാബാദിലെ ഐഎസ്ആർഒയിൽ ജോലി ചെയ്തിരുന്ന മലയാളിയായ ഒരു പഴയ സഖാവ് 35 കൊല്ലം മുമ്പ് നൽകിയ മാക്സിം ഗോർക്കിയുടെ വിഖ്യാതമായ “അമ്മ“യുടെ ഗുജറാത്തി പരിഭാഷയാണ് ആദ്യം വായിച്ച പുസ്തകം. അതോടെ നട്ടുഭായ് റഷ്യൻ വിപ്ലവത്തിന്റെയും ലെനിന്റെയും ആരാധകനായി. പിന്നീട്, സോവിയറ്റ് യൂണിയനെക്കുറിച്ചുള്ള ധാരാളം പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിച്ചു, എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ദരിദ്രനായ ആ മനുഷ്യൻ. അച്ഛൻ തുണിമില്ലിലെ ദിവസക്കൂലിക്കാരനായ തൊഴിലാളി ആയിരുന്നു. അസമത്വങ്ങൾ ഇല്ലാത്ത ജീവിതവും രാഷ്ട്രീയവും സ്വപ്നം കണ്ട നടുവർ അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായി.

ദളിതനായ നട്ടുഭായി, തൂപ്പുകാരും അന്യദേശതൊഴിലാളികളും വഴിയോര കച്ചവടക്കാരും തിങ്ങിപ്പാർക്കുന്ന തെരുവിലാണ് ഏറെക്കാലമായി താമസിക്കുന്നത്. അവർക്കിടയിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. വർഷങ്ങൾക്കു മുമ്പ്, സബർമതി നദീമുഖം മനോഹരമാക്കുന്നതിന്റെ ഭാഗമായി, നദീതീരത്ത് താമസിച്ചിരുന്ന ആയിരക്കണക്കിന് ദളിതരായ ചേരി നിവാസികളെ മോഡി സർക്കാർ നിർദാക്ഷിണ്യം കുടിയൊഴിപ്പിച്ചപ്പോൾ അവർക്കൊപ്പം നിന്നു. ഹൈക്കോടതിയിൽ കേസ് നടത്തി ഒടുവിൽ അർഹമായ നഷ്ടപരിഹാരം വാങ്ങിക്കൊടുത്തത് നട്ടുഭായി ആണ്. സജീവ വിവരാവകാശ നിയമ പ്രവർത്തകൻ കൂടിയായ അദ്ദേഹം. ദളിതർക്ക് നേരെയുള്ള അക്രമങ്ങളെ നിരന്തരം പ്രതിരോധിക്കുകയും 2002 ൽ നടന്ന ഗുജറാത്ത് വംശഹത്യയുടെ ജീവിക്കുന്ന ഇരകൾക്കൊപ്പം ഇന്നും സമരം നയിക്കുകയും ചെയ്യുന്ന ഒരു മുഴുവൻ സമയ പൊതുപ്രവർത്തകൻ. എന്നും സാധാരണ ജനങ്ങൾക്കൊപ്പം അവരുടെ നിത്യജീവിതവുമായി ബന്ധപ്പെടുന്ന പ്രശ്നങ്ങളിൽ താങ്ങായി നിൽക്കുന്നുണ്ട് നട്ടുഭായ്. ഒപ്പം, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകനും.

അമ്പത്തിയെട്ടാം വയസിലും തനിക്കു ചുറ്റും പടർന്നു വളർന്ന ഗുജറാത്തി വർത്തക സംസ്കാരത്തിന്റെ വിപണി താല്പഅര്യങ്ങളിൽ ഒട്ടും അഭിരമിക്കാത്ത കമ്മ്യൂണിസത്തിന്റെ ഉദാത്തമായ മാനവികമൂല്യങ്ങളിൽ മാത്രം വിശ്വസിക്കുന്ന, ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശുദ്ധാത്മാവായ ഒരു കമ്മ്യൂണിസ്റ്റുകാരനാണ് അദ്ദേഹം. സഫ്ദർ ഹഷ്മിയുടെ ജനനാട്യമഞ്ചിലെ നാടകപ്രവർത്തകനായി, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ക്യാമ്പുകളിലെ സാന്നിധ്യമായി, സാക്ഷരതാ പ്രവർത്തകൻ ആയി നട്ടുഭായ് മുപ്പത്തിയഞ്ചു വർഷമായി വിവിധ വേഷങ്ങൾ കെട്ടിയാടുന്നു. ഈ അടുത്തകാലം വരെ അന്യസംസ്ഥാന തൊഴിലാളികളുടെ മക്കളെ അക്ഷരം പഠിപ്പിക്കാൻ അദ്ദേഹം ദിവസവും മുപ്പത്തിയാറു കിലോമീറ്റർ സൈക്കിൾ ചവുട്ടി പടിഞ്ഞാറൻ അഹമ്മദാബാദിലെ ഹെബത്പൂർ വരെ പോയി വരുമായിരുന്നു. പക്ഷെ, ഇത്രയും കളങ്കരഹിതമായ പൊതുജീവിതം നയിച്ചിട്ടും നട്‌വർ ഭായി തിരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെട്ടുപോയി എന്നിടത്താണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ വൈരുദ്ധ്യം! ബിജെപി സ്ഥാനാർഥിയായ ജഗദീഷ് പട്ടേൽ 48,657 വോട്ടുകൾ നേടിയപ്പോൾ, നട്ടുഭായിക്ക് കിട്ടിയ വോട്ടുകൾ 1224 വോട്ടുകൾ.

അമ്രെെവാടി, ഒരു ലേബർബെൽറ്റ് ആണെന്ന് കൂടി ഓർക്കണം. അവിടെയാണ് പരിചയസമ്പന്നനായ, ജനപ്രിയനായ ഒരു കമ്മ്യൂണിസ്റ്റ് പൊതുപ്രവർത്തകൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒന്നുമല്ലാതാകുന്നത്. അല്ലെങ്കിൽ നരേന്ദ്രമോഡി സർക്കാരിന്റെ ഇവിഎം അട്ടിമറിയുടെ രക്തസാക്ഷിയായി നട്ടുഭായിയും അദ്ദേഹത്തെ ആദരിക്കുന്ന ഗ്രാമവാസികളും മാറുന്നത്. ജനങ്ങൾ ബിജെപിയുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരായിരുന്നു. നോട്ടുനിരോധനവും സാമ്പത്തിക മാന്ദ്യവും, ജിഎസ്‌ടിയും ധാരാളം തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഗുജറാത്തിലെ ചെറുകിട വ്യവസായശാലകളും പരമ്പരാഗത വസ്ത്രവിപണിയും കുറെ നാളുകളായി തളർച്ചയിലാണ്. അതുകൊണ്ട് തന്നെ, തൊഴിലില്ലായ്മ മുൻപത്തെക്കാളേറെ വർദ്ധിച്ചു. ജനങ്ങൾക്ക് തൊഴിലോ, വരുമാനമോ ഇല്ല. അതിനിടയിലാണ് റേഷൻകാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തത് കാരണം അമ്രെെവാടിയിലെ ഭൂരിപക്ഷം സാധുക്കൾക്കും പൊതുവിതരണ സമ്പ്രദായത്തിന്റെ ആനുകൂല്യവും നഷ്ടപ്പെട്ടത്. ചുരുക്കത്തിൽ, ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനെ വിജയിപ്പിച്ചെടുക്കേണ്ട സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ഭൂമിക ആയിരുന്നു അമ്രെെവാടി മണ്ഡലത്തിൽ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പിൽ മൂന്ന് തവണയാണ് നട്വർ ദേശായി ഓരോ വീട്ടിലും കയറി ഇറങ്ങിയത്.

കോൺഗ്രസും ബിജെപിയും ഒരു തവണപോലും എല്ലാ വീട്ടിലും കയറിയിരുന്നില്ല എന്നോർക്കണം. എന്നിട്ടും ഇടതുപക്ഷം പരാജയപ്പെട്ടു എന്ന വിരോധാഭാസത്തിന്റെ സമകാലിക സാഹചര്യത്തിൽ നിന്നുകൊണ്ടാണ് ഇന്ത്യൻ ഫാസിസത്തിന്റെ സ്വഭാവം നമ്മൾ പഠിക്കേണ്ടതും വിലയിരുത്തേണ്ടതും. എന്തുകൊണ്ടാണ് തിരഞ്ഞെടുപ്പിൽ വോട്ടു കിട്ടാത്തത് എന്ന് ചോദിച്ചപ്പോൾ, അമ്പരപ്പിച്ചുകൊണ്ട് രാഷ്ട്രീയത്തിലെ പണത്തിന്റെയും ജാതിയുടെയും മതത്തിന്റെയും സ്വാധീനം നട്വർ ദേശായി വേദനയോടെ പറഞ്ഞു. “മൂന്നു കോടി രൂപയാണ് ബിജെപി ഈ തിരഞ്ഞെടുപ്പിൽ ചെലവാക്കിയത്. വലിയ ഹാളുകളിൽ സൗജന്യഭക്ഷണം, പ്രവർത്തകർക്ക് ഓരോ വാർഡിലും ഒഴുക്കാൻ ആവശ്യത്തിന് പണം… അങ്ങനെ ഒരു വോട്ടറെ കൈയിലെടുക്കാൻ സാധ്യമായതെല്ലാം അവർ പണം മുടക്കി നേടാൻ ശ്രമിച്ചു. തങ്ങൾ ചിലവാക്കിയത് വെറും ഒരു ലക്ഷത്തി അറുപതിനായിരം രൂപ മാത്രമാണ്. പാർട്ടി തന്നതും പിന്നെ എന്റെ സുഹൃത്തുക്കൾ സഹായിച്ചതും എല്ലാം കൂടി അത്രയേ ആകുന്നുള്ളൂ. രണ്ടാമത്തെ പ്രധാന ഘടകം, ജാതിയാണ്. വിദൂര ദേശത്ത് നിന്നും സൗരാഷ്ട്രയിൽ നിന്നും മെഹസാനയിൽനിന്നുമൊക്കെ പട്ടേൽജാതിക്കാരുടെ പ്രമാണിമാരും കുലഗുരുക്കളും ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് വന്നു.

അവർ സാധുക്കളായ പട്ടേൽ വോട്ടർമാരുടെ വീട്ടിലെത്തി കുലത്തിന്റെയും ഗോത്രത്തിന്റെയും സമുദായത്തിന്റെയും മഹത്വം പറഞ്ഞു വോട്ടു പിടിച്ചു. ഒപ്പം, ഹൈന്ദവതയും ഹൈന്ദവ ആചാരങ്ങളും രക്ഷിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന പ്രചാരവും തിരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും ദാരിദ്ര്യത്തിന്റെയും, തൊഴിലില്ലായ്മയുടെയും നിറംമങ്ങിയ രാഷ്ട്രീയത്തെ മറികടന്നു കൊണ്ട് ജനങ്ങളിൽ എത്തിക്കാൻ അവർക്ക് കഴിഞ്ഞു. നമ്മൾ പാടെ നിസ്സഹായരായിപോകുന്നത്, ഈ നഗ്നമായ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ മുന്നിലാണ്”. വേദനയോടെ നട്ടുഭായ് പറഞ്ഞു നിർത്തി. ഇവിടെ ധാരാളം ദളിത് വോട്ടർമാരുണ്ടല്ലോ. അവരുടെ വോട്ടു ഉറപ്പിക്കാൻ ശ്രമിക്കാമായിരുന്നില്ലേ? എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. ക്ലാസ്സിക് മറുപടി ആയിരുന്നു നട്ടുഭായിയുടേത്. കമ്മ്യൂണിസ്റ്റ് മാനവികതയുടെ ഉദാത്തമായ തലത്തിൽ നിൽക്കുന്ന ഒരാൾക്ക് മാത്രം കഴിയുന്ന ശാന്തതയോടെ അയാൾ പറഞ്ഞു: “എന്റെ ജാതിസ്വത്വം പറഞ്ഞുകൊണ്ട് എനിക്ക് എങ്ങനെയാണ് വോട്ടു ചോദിയ്ക്കാൻ കഴിയുക. എങ്കിൽ പിന്നെ, മാർക്സ് വാദിയായ ഞാനും ഈ മനുവാദികളും തമ്മിൽ എന്താണ് വ്യത്യാസം? ജാതി ഒരു ഉപകരണമാക്കി ഉപയോഗിക്കാൻ എന്റെ പാർട്ടി എന്നെ പഠിപ്പിച്ചിട്ടില്ല”.

എനിക്ക് ഉത്തരമുണ്ടായിരുന്നില്ല. വീശിയടിക്കുന്ന തണുത്തകാറ്റിൽ അയാളുടെ സ്വരം വിറച്ചു. എന്നിട്ടും അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു. “നമ്മൾ ചെയ്യേണ്ടത്, സാമൂഹ്യമായി ധ്രുവീകരിക്കപ്പെട്ട ഈ നാട്ടിൽ, പാവപ്പെട്ട തൊഴിലാളികൾക്കിടയിൽ, ഭൂരഹിതർക്കിടയിൽ, വർഗബോധം ഉണ്ടാക്കിയെടുക്കുക എന്ന വലിയൊരു ദൗത്യമാണ്. നമുക്ക് ഡൽഹിയിലും കേരളത്തിലും ഒക്കെ അഴിമതിയുടെ കറ പുരളാത്ത നല്ല നേതാക്കന്മാരുണ്ട്, ഒരുപാട് കർഷക സമരങ്ങളുടെ ചരിത്രമുണ്ട്, നല്ല നാളയെക്കുറിച്ചുള്ള കാല്പനിക സ്വപ്നങ്ങളുള്ള ധാരാളം പ്രവർത്തകർ ഉണ്ട്. നമുക്ക് ഇനി വേണ്ടത്, ഓരോ ഗ്രാമങ്ങളിലുമുള്ള വേരോട്ടം ശക്തമാക്കുകയാണ്. ജാതിസ്വത്വമോ, മതമോ പറയാതെ, ജീവിതവും തൊഴിലും നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അതിജീവനത്തിന്റെ മാതൃകകളെക്കുറിച്ചും പറഞ്ഞുകൊണ്ട് ജനങ്ങൾക്കിടയിൽ ചെല്ലണം. അതിനുള്ള വിശാലമായ പദ്ധതികളാണ് നമുക്ക് ആവശ്യം. ഒരുപക്ഷെ, അതൊരു നീണ്ട പ്രക്രിയ ആകാം. എങ്കിലും നമ്മൾക്ക് എപ്പോഴെങ്കിലും എവിടെ വച്ചെങ്കിലും തുടങ്ങിയേ തീരു. തോൽവി അയാളുടെ ഇച്ഛാശക്തിയെയും ആവേശത്തെയും പാർട്ടിബോധത്തെയും ഒരു തരത്തിലും ബാധിച്ചിട്ടില്ല.

“ഞാൻ ഇനിയും ജനങ്ങൾക്കിടയിൽ തന്നെ ഉണ്ടാകും എനിക്കറിയാം ഒരുനാൾ, ഏതെങ്കിലുമൊരു നാൾ വിശപ്പിന്റെ രാഷ്ട്രീയം, ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തെ മറികടക്കുക തന്നെ ചെയ്യും”. അദ്ദേഹം പറഞ്ഞു നിർത്തി. സിപിഐയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. എങ്കിലും നട്ടുഭായിയെ പോലെ ഒരാളെ ഞാൻ കണ്ടിട്ടില്ല. ആ കുഞ്ഞു വീട്ടിൽ നിന്നും ഇടുങ്ങിയ തെരുവിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ, അദ്ദേഹം എനിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ച ഗുജറാത്തിയിൽ ഉള്ള ലഘുരേഖ സമ്മാനിച്ചു. ഞാൻ കൗതുകത്തോടെ അത് മറിച്ച് നോക്കവേ, തന്റെ കയ്യിലുള്ള കോപ്പിയിൽ ആലേഖനം ചെയ്ത അരിവാളിലും നെൽക്കതിരിലും അരുമയായി തലോടിക്കൊണ്ട് അദ്ദേഹം പതുക്കെ പറഞ്ഞു, എത്ര മനോഹരവും ലളിതവുമാണ് ഞങ്ങളുടെ ചിഹ്നം എന്ന് ഒരു ദരിദ്രന്റെ ജീവിതം അരിവാളും നെൽക്കതിരും കൊണ്ടല്ലാതെ ഇത്ര അർത്ഥവത്തായി വേറെ എങ്ങനെയാണ് കാണിക്കുക?.

സ്വന്തം പാർട്ടി ചിഹ്നത്തിൽ ഇത്രമേൽ ആഹ്ലാദിക്കുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനെയും ഞാൻ ഇതിനു മുമ്പ് കണ്ടിട്ടില്ലായിരുന്നു. “എന്റെ ജീവിതമാണ് ഞാനീ പ്രസ്ഥാനത്തിന് കൊടുത്തത്. അതുകൊണ്ട്, ഇതെന്റെ പ്രാണനാണത്”. എന്റെ കണ്ണ് നനഞ്ഞു. അയാളെ നോക്കാതെ, ഞാൻ പൊടിയും അഴുക്കും നിറഞ്ഞ അമ്രെെവാടിയിലെ തെരുവിലൂടെ നടന്നു. സഖാവെ, അയാൾ, പിൻവിളി വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കാതെ നിന്നു. “ഞങ്ങൾ തിരിച്ചുവരും ഇതൊരു വലിയ അടിയായിരുന്നു. എന്നാലും ഞങ്ങൾ തിരികെ വരും.. ഒരിക്കൽ. എനിക്കുറപ്പാണ്. മുപ്പത്തിയഞ്ചു കൊല്ലത്തെ സജീവമായ രാഷ്ട്രീയസാമൂഹ്യ പ്രവർത്തനത്തിന് ശേഷവും ഒരു പഞ്ചായത്ത് അംഗംപോലും ആകാത്ത, തിരഞ്ഞെടുപ്പിൽ പാടെ പരാജയപ്പെട്ട, ആ സാധുമനുഷ്യന്റെ അസാധാരണമായ ആർജ്ജവും അറിവും ലോകബോധവും മാനവികതയും എനിക്കും ഒരു ഊർജ്ജം തന്നു.